റാക്-ഫുജൈറ യു ഫെസ്റ്റ്:  ഇന്ത്യന്‍ ഹൈസ്കൂള്‍ ജേതാക്കള്‍

റാസല്‍ഖൈമ: ഗള്‍ഫിലെ സ്കൂള്‍ കലോത്സവ രംഗത്ത് ചരിത്രം രചിച്ച് പ്രഥമ യു ഫെസ്റ്റിന്‍െറ റാസല്‍ഖൈമ-ഫുജൈറ മേഖലാ കലോത്സവം സംഘടിപ്പിച്ചു. കലോത്സവത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ ജേതാക്കളായി. റാക് ഇന്ത്യന്‍ സ്കൂള്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളിലെ വേദികളിലായി 800ഓളം പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്. 
ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളില്‍നിന്നുള്ള പത്തോളം സ്കൂളുകളാണ് യു ഫെസ്റ്റില്‍ പങ്കാളികളായത്. ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എമിറേറ്റുകളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന യു ഫെസ്റ്റ് ശനിയാഴ്ച ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. 11ന് അബൂദബി, 12ന് ദുബൈ, 18ന് ഷാര്‍ജ എമിറേറ്റുകളിലും യു ഫെസ്റ്റ് സംഘടിപ്പിക്കും. 25ന് ഷാര്‍ജയിലാണ് ഫൈനല്‍ മത്സരം നടക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തിരുവാതിര മത്സരത്തോടെ ആരംഭിച്ച കലോത്സവത്തില്‍ ഭരതനാട്യം, ലളിതഗാനം, സംഘനൃത്തം, ഇംഗ്ളീഷ് പദ്യ പാരായണം, സംഘഗാനം, നാടോടിനൃത്തം, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട്, പ്രച്ഛന്ന വേഷം തുടങ്ങിയവയും അരങ്ങേറി. കേരളത്തിലെ കലോത്സവ വേദികളില്‍ വിധികര്‍ത്താക്കളായി പരിചയമുള്ള ആറുപേരാണ് മത്സരങ്ങളുടെ വിധി നിര്‍ണയിക്കാനത്തെിയിരുന്നത്. രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, സ്കൂള്‍ മാനേജ്മെന്‍റുകള്‍ തുടങ്ങിയവരുടെ പിന്തുണയോടെ കുറ്റമറ്റ രീതിയില്‍ ‘യു ഫെസ്റ്റി’ന്‍െറ സംഘാടനം സാധ്യമായതായി സംഘാടകസമിതി ഭാരവാഹികളായ ജുബി കുരുവിള, ദില്‍ഷാദ് എന്നിവര്‍ പറഞ്ഞു.
റാക് ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എസ്.എ. സലീം ‘യു ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്തു. റാക് ന്യൂ ഇന്ത്യന്‍-ഐഡിയല്‍ സ്കൂളുടെ മാനേജര്‍ സുല്‍ത്താന്‍ മുഹമ്മദലി, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബീന റാണി, ജുബി കുരുവിള, ദില്‍ഷാദ്, നാസര്‍ അല്‍മഹ, അജയ്കുമാര്‍ (കേരള സമാജം), ഇഖ്ബാല്‍ (ഇന്‍കാസ്), അരുണ്‍ കുമാര്‍, മിഥുന്‍ രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.