മലയാളി വിദ്യാര്‍ഥികളുടെ ഹ്രസ്വ ചിത്രത്തിന്  ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് പുരസ്കാരം 

ദുബൈ: ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഫൗണ്ടേഷനും ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയും ചേര്‍ന്ന് നടത്തിയ ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ തയാറാക്കിയ ‘കണക്ഷന്‍’ പുരസ്കാരം നേടി. ‘പ്യൂപ്പിള്‍ വിത്ത് ഡിസബിലിറ്റി’ കാറ്റഗറിയില്‍ നടന്ന മത്സരത്തില്‍ ഓട്ടിസം ബാധിച്ചവരുടെ സാമൂഹിക സാഹചര്യങ്ങള്‍ പ്രമേയമാക്കി അവതരിപ്പിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിനാണ് അവാര്‍ഡ്. 32 ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. 30,000 ദിര്‍ഹവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.  
ഓട്ടിസം ബാധിച്ചവരോടുള്ള സമൂഹത്തിന്‍െറ സമീപനം ശരിയല്ളെന്നും അവരും  തുല്യ പരിഗണന അര്‍ഹിക്കുന്ന പൗരന്മാരാണെന്നും ബോധ്യപ്പെടുത്തുന്നതാണ് ചിത്രത്തിന്‍െറ ഉള്ളടക്കമെന്നും പിന്നണി പ്രവര്‍ത്തകരായ കണ്ണൂര്‍ പാനൂര്‍ കടവത്തൂര്‍ സ്വദേശി ഫവാസ് ഇസ്മായില്‍, കൊച്ചി സ്വദേശി മാര്‍ക്  മാത്യൂ സ്റ്റാന്‍ലി, വരുണ്‍ അശോക് എന്നിവര്‍ പറഞ്ഞു. 
മാര്‍ക് മാത്യു സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്‍െറ ഛായാഗ്രഹണം നിര്‍വഹിച്ചത് ഫവാസ് ഇസ്മായില്‍ ആണ്. അക്കാദമി സിറ്റിയിലെ ബിറ്റ്സ് പിലാനി കോളജില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് പൂര്‍ത്തിയാക്കിയ മൂവരും ദുബൈയില്‍ ജോലി അന്വേഷിച്ച് വരുന്നു.
മൂവരുടെയും ചലച്ചിത്ര പരീക്ഷണങ്ങള്‍ക്ക് നേരത്തെയും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഇന്‍റര്‍നാഷനല്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ‘നെവര്‍ലാന്‍ഡ്’ ഹ്രസ്വചിത്രത്തിന് മികച്ച അന്താരാഷ്ട്ര സബ്മിഷന്‍ പുരസ്കാരവും ഓള്‍ ഇന്ത്യ ഫിലിം പ്രോജക്ട് മത്സരത്തില്‍ ‘അയാം ബൂഷന്‍’ എന്ന ചിത്രത്തിന് അഞ്ചാം സ്ഥാനവും ലഭിച്ചിരുന്നു. 
സാമൂഹിക പ്രാധാന്യമുള്ള ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കി പുതിയ സാധ്യതകള്‍ തേടുന്ന ഈ മൂവര്‍ സംഘം രാജ്യാന്തര വേദികള്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ ഒരുക്കുന്നത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.