ഷാര്‍ജ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയും ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ ചെയര്‍പഴ്സനുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെ കോട്ട് ലേലത്തില്‍ പോയി. 4,40,000 ദിര്‍ഹത്തിനാണ് കോട്ട് ലേലം ചെയ്തത്. ലണ്ടനിലെ സാച്ചി ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന കോട്ട് ഓണ്‍ലൈന്‍ വഴിയാണ് ലേലം ചെയ്തത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് ഇത് ലേലത്തില്‍ എടുത്തത്.
ലോകത്തകമാനം പരന്ന് കിടക്കുന്ന അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സംഘടനയില്‍ ഉന്നത സ്ഥാനമാണ് ശൈഖക്കുള്ളത്. ലോകത്തിന്‍െറ മനസാക്ഷിയെ അഭയാര്‍ഥികളുടെ കഷ്ടപ്പാട് കൃത്യമായി ബോധ്യപ്പെടുത്തുവാന്‍ അവര്‍ നിരന്തരം പ്രയത്നിക്കുന്നു. തന്‍െറ കോട്ട് ദാനത്തിലൂടെ മഹത്തായ സന്ദേശമാണ് ശൈഖ ലോകത്തിന് നല്‍കിയത്. ശൈഖയുടെ കോട്ടിന് പുറമെ, ലോകത്തിന്‍െറ വിവിധ കോണുകളില്‍ നിന്ന് പ്രമുഖര്‍ നല്‍കിയ 100 ജീന്‍സുകളും ലേലത്തില്‍ വെച്ചിട്ടുണ്ട്.
ജീന്‍സ് ഫോര്‍ റെഫ്യൂജീസ് സ്ഥാപകനും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ ജോണി ദര്‍ ശൈഖയുടെ കോട്ടിന് രൂപമാറ്റം വരുത്തിയിരുന്നു.
അഭയാര്‍ഥികളുടെ ഉന്നമനത്തിനായി ലേലത്തില്‍ വെച്ച കോട്ട് സ്വന്തമാക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ ആല്‍ ഉവൈസ് പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ക്കാണ് ശൈഖ ജവാഹിര്‍ തുടക്കം കുറിച്ചിട്ടുള്ളത്. സ്ത്രീ ശാക്തീകരണത്തിനായി ഏര്‍പ്പെടുത്തിയ 'നമ ഇന്‍റര്‍നാഷണല്‍ ഫണ്ട്' ആണ് ഇതില്‍ ശ്രദ്ധേയം. ഒരു കോടി ദിര്‍ഹമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ പുതിയ സംരഭങ്ങള്‍ക്കും ആവശ്യമായ സഹായം ചെയ്യുകയാണ് ഇതിന്‍െറ ലക്ഷ്യം. ജോര്‍ദാനിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ സതാരി സന്ദര്‍ശിച്ച വേളയിലാണ് ശൈഖ തന്‍െറ കോട്ട് സമര്‍പ്പിച്ചത് അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.