റമദാനിലെ യാചന: കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം

അബൂദബി: റമദാന്‍  മാസത്തില്‍ യാചന നിരുത്സാഹപ്പെടുത്തുന്നതിനും ജനങ്ങളില്‍ ബോധവത്കരണം ഉയര്‍ത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചു. യാചന പൂര്‍ണമായും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നത്. യാചകരുമായി അടുത്തുപെരുമാറുന്നത് മൂലമുള്ള അപകടങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കും. പൊലീസ് ഉദ്യോഗസ്ഥരും മറ്റ് അധികൃതരും രാജ്യത്തുടനീളം പട്രോളിങ് ശക്തമാക്കും. തെരുവിലെ യാചകര്‍ സംസ്കാര സമ്പന്നമായ രാജ്യമെന്ന യു.എ.ഇയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്നതിനൊപ്പം തട്ടിപ്പിനും കളവിനുമുള്ള സാധ്യതകള്‍ ഒരുക്കുന്നതായും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ സൈഫ് അല്‍ ഷഫാര്‍ പറഞ്ഞു.  ജനങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റുന്നതിന് യാചകര്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ദാനധര്‍മങ്ങള്‍ കൂടുതലായി ചെയ്യുന്ന റമദാന്‍ മാസത്തില്‍ ജനങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റി കൂടുതല്‍ പണം കൈവശമാക്കാനും ശ്രമിക്കും. യഥാര്‍ഥ ആവശ്യക്കാരിലേക്കും അധികൃതരിലേക്കുമാണ് തങ്ങളുടെ സഹായം എത്തുന്നതെന്ന് ജനങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
താമസ കേന്ദ്രങ്ങളില്‍ അടക്കം പട്രോളിങ് നടത്തുകയും യാചകരെ അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്ന് അബൂദബി പൊലീസും അറിയിച്ചു.
യാചകരെ കുറിച്ച വിവരങ്ങള്‍ 8002626 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയോ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുകയോ വേണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.