വിസ്മയമാകാന്‍ ‘ബുര്‍ജുല്‍ അറബ് ടെറസ്’

ദുബൈ: ലോകത്തെ ഏക സപ്ത നക്ഷത്ര ഹോട്ടലായ ബുര്‍ജുല്‍ അറബിനോട് ചേര്‍ന്ന് ‘ബുര്‍ജുല്‍ അറബ് ടെറസ്’ കൃത്രിമ ദ്വീപ് തുറന്നു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ബുധനാഴ്ച ദ്വീപ് തുറന്നത്. നവീന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ പ്രത്യേകത. ഓഫ്സൈറ്റ് രീതിയിലൂടെ ഫിന്‍ലാന്‍ഡില്‍ നിര്‍മിച്ച ദ്വീപിന്‍െറ ഭാഗങ്ങള്‍ കപ്പലില്‍ ദുബൈയിലെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ബുര്‍ജുല്‍ അറബിനോട് ചേര്‍ന്ന് കടലിലേക്ക് തള്ളിനില്‍ക്കുന്ന ‘ബുര്‍ജുല്‍ അറബ് ടെറസ്’ ദുബൈയിലെ മറ്റൊരു വിസ്മയം കൂടിയായി മാറും. ബുര്‍ജുല്‍ അറബിന്‍െറ നിഴല്‍ വെള്ളത്തില്‍ പ്രതിഫലിക്കുന്ന തരത്തിലാണ് ദ്വീപ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
 
എട്ട് ഭാഗങ്ങളായാണ് ഫിന്‍ലാന്‍ഡില്‍ ദ്വീപ് നിര്‍മിച്ചത്. 5000 ടണ്‍ ഭാരം വരുന്ന ഭാഗങ്ങള്‍ കപ്പലില്‍ ദുബൈയിലെത്തിച്ച് കൂട്ടിച്ചേര്‍ത്തു. കടലിന്‍െറ സ്വാഭാവിക ആവാസ വ്യവസ്ഥക്ക് പരിക്കേല്‍പിക്കാത്തവിധമായിരുന്നു നിര്‍മാണ പ്രവര്‍ത്തനം. 10000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കൃത്രിമ ദ്വീപ് ബുര്‍ജുല്‍ അറബില്‍ നിന്ന് 100 മീറ്റര്‍ കടലിലേക്ക് തള്ളിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്കേപ് റസ്റ്റോറന്‍റ്, രണ്ട് നീന്തല്‍ക്കുളങ്ങള്‍, സണ്‍ബെഡുകളുള്ള ബീച്ച് തുടങ്ങിയവ ദ്വീപില്‍ ഒരുക്കിയിട്ടുണ്ട്. ദുബൈ ഹോള്‍ഡിങാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്. ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാന്‍ പദ്ധതി സഹായിക്കുമെന്ന് ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്ത് പറഞ്ഞു. കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ത്രീഡി പ്രിന്‍റഡ് ഓഫിസും ബുര്‍ജുല്‍ അറബ് ടെറസും ദുബൈയുടെ പുതുചരിത്രം രചിക്കുമെന്ന് ശൈഖ് മുഹമ്മദും പ്രത്യാശ പ്രകടിപ്പിച്ചു. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.