ദേശാടന പക്ഷികളില്‍ ജി.പി.എസ് ടാഗുകള്‍: ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത് പുതിയ വിവരങ്ങള്‍

അബൂദബി: ദേശാടന പക്ഷികളുടെ യാത്രാ വിവരങ്ങളും മറ്റും അറിയുന്നതിന് അബൂദബി പാരിസ്ഥിതിക ഏജന്‍സി വിവിധ പറവകള്‍ക്ക് മേല്‍ ഘടിപ്പിച്ച ജി.പി.എസ് ടാഗുകളിലൂടെ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത് പുതിയ വിവരങ്ങള്‍. പക്ഷികളുടെ ദേശാടനങ്ങളെയും ഇതിന് ഇടയില്‍ ചെലവഴിക്കുന്ന സമയത്തെയും കുറിച്ചെല്ലാം അറിയുന്നതിനാണ് സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാഗുകള്‍ ഘടിപ്പിച്ചത്.
ദേശാടനത്തിന്‍െറ ഇതുവരെ കരുതിയിരുന്ന പല വിവരങ്ങളും തെറ്റായിരുന്നുവെന്ന് വരെ ബോധ്യപ്പെടാന്‍ ഈ ജി.പി.എസ് ടാഗുകള്‍ സഹായിച്ചതായാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ പറന്നുകൊണ്ടുള്ള യാത്രക്കിടയില്‍ വിശ്രമ സമയങ്ങളും സ്ഥലങ്ങളും അടക്കം സംബന്ധിച്ച് വിശദ വിവരങ്ങളും ശാസ്ത്രജ്ഞര്‍ക്ക് ലഭ്യമായി.
അബൂദബി പാരിസ്ഥിതിക ഏജന്‍സി 2009ലാണ് അറബ് സഞ്ചാരിയായ ഇബ്നു ബത്തൂത്തയുടെ പേരിട്ട ഫാല്‍ക്കണിന് ജി.പി.എസ്. ടാഗ് ഘടിപ്പിക്കുന്നത്. 6700 കിലോമീറ്റര്‍ നീണ്ട ഈ ഫാല്‍ക്കണിന്‍െറ സഞ്ചാരം നിരവധി വിവരങ്ങളാണ് സമ്മാനിച്ചതെന്ന് പാരിസ്ഥിതിക ഏജന്‍സി ടെറസ്ട്രിയല്‍ ബയോ ഡൈവേഴ്സിറ്റി ആക്ടിങ് ഡയറക്ടര്‍ ഡോ. സലീം ജാവേദ് പറഞ്ഞു. തങ്ങള്‍ ടാഗ് ഘടിപ്പിച്ച ആദ്യ പക്ഷികളിലൊന്നാണ് ‘ഇബ്നു ബത്തൂത്ത’. മഡഗാസ്കറിലേക്കുള്ള ദേശാടന യാത്രക്കിടയില്‍ ‘ഇബ്നുബത്തൂത്ത’ വിശ്രമിച്ച സ്ഥലങ്ങളും സമയങ്ങളും പക്ഷി ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത്യോപ്യ, കെനിയ, ടാന്‍സാനിയ വഴിയാണ് ഈ ഫാല്‍ക്കണ്‍ മഡഗാസ്കറിലത്തെിയത്. യാത്രക്കിടെ കൃഷിയിടങ്ങളില്‍ ഏറെ സമയം ഈ ഫാല്‍ക്കണ്‍ ചെലവഴിച്ചിട്ടുണ്ട് എന്നത് പുതിയ അറിവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അബൂദബിയിലെ അല്‍ വത്ബയില്‍ വെച്ച് ടാഗ് ഘടിപ്പിച്ച വലിയ പുള്ളിപ്പരുന്തിനെ (ഗ്രേറ്റര്‍ സ്പോട്ടഡ് ഈഗിള്‍) ഏപ്രില്‍ 24ന് റഷ്യയുടെ തെക്കന്‍ ഭാഗത്താണ് കണ്ടത്തെിയത്. വസന്ത കാല ദേശാടനത്തിന്‍െറ ഭാഗമായാണ് ഈ പരുന്ത് ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ചത്.  ഫ്ളെമിംഗോകളുടെ സഞ്ചാരത്തിന്‍െറ വഴികള്‍ തേടിയാണ് 2005ല്‍ ടാഗുകള്‍ ഘടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചതെന്ന് ഡോ. സലീം ജാവേദ് പറഞ്ഞു. ഇപ്പോള്‍ ഒട്ടക പക്ഷികള്‍, പരുന്തുകള്‍, ഫാല്‍ക്കണുകള്‍ എന്നിവയില്‍ ടാഗുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചില പക്ഷികളുടെ ശരീരത്തില്‍ ലോകത്ത് ആദ്യമായാണ് ജി.പി.എസ് ടാഗുകള്‍ ഘടിപ്പിച്ചത്.  പക്ഷിയുടെ ശരീരത്തിന്‍െറ മൂന്ന് ശതമാനത്തില്‍ കൂടാത്ത രീതിയിലാണ് ടാഗുകള്‍ ഘടിപ്പിക്കുന്നത്. ദേശാടന പക്ഷികളുടെ സംരക്ഷണത്തിനുള്ള ടാഗുകള്‍ ഇവക്ക് പ്രയാസം സൃഷ്ടിക്കില്ളെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഘടിപ്പിക്കുക. യു.എ.ഇയില്‍ ഇതുവരെ കണ്ടത്തെിയ 460ഓളം ഇനം പക്ഷികളില്‍ 75 ശതമാനത്തിലധികം ദേശാടന പക്ഷികളാണ്. ശൈത്യകാല, വസന്ത കാല ദേശാടനങ്ങള്‍ നടത്തുന്ന പക്ഷികളുടെയെല്ലാം പ്രധാന കേന്ദ്രവും ഇടത്താവളവുമാണ് യു.എ.ഇ. ദേശാടന പക്ഷികളുടെ സുരക്ഷക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.