ദുബൈ: ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ ആഗോള തലസ്ഥാനമാകാനുള്ള ദുബൈയുടെ ശ്രമത്തിന് പുതിയ ഊര്‍ജം പകര്‍ന്ന് അന്താരാഷ്ട്ര ഹലാല്‍ അക്രഡിറ്റേഷന്‍ ഫോറം എമിറേറ്റില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ 10 രാജ്യങ്ങള്‍ ഒപ്പുവെച്ചു.
ഹലാല്‍ വ്യവസായത്തെ നിയന്ത്രിക്കാനും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനായി പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനും ഇതുവഴി സാധിക്കും.
ആഗോളതലത്തില്‍ നിര്‍മിക്കുന്ന ഹലാല്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കേന്ദ്രമായി ദുബൈയെ മാറ്റാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്‍െറ ഭാഗമാണ്.
ദുബൈ ഇസ്ലാമിക സാമ്പത്തിക വികസന കേന്ദ്ര (ഡി.ഐ.ഇ.ഡി.സി)മാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
സ്പെയിന്‍, അമേരിക്ക, പാകിസ്താന്‍, സൗദി അറേബ്യ, ആസ്ട്രേലിയ, ന്യൂസിലാന്‍റ്, ബ്രിട്ടന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി ചെയര്‍മാനും സഹമന്ത്രിയുമായ ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദും ദുബൈ അക്രഡിറ്റേഷന്‍ സെന്‍റര്‍ ചെയര്‍മാന്‍ ഹുസൈന്‍ നാസിര്‍ ലൂത്തയുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. അന്താരാഷ്ട്ര ഹലാല്‍ അക്രഡിറ്റേഷന്‍ ഫോറം (ഐ.എച്ച്.എ.എഫ്) രൂപവത്കരിച്ചു കഴിഞ്ഞാല്‍ ഹലാല്‍ മുദ്രയുള്ള ഭക്ഷ്യ,ഭക്ഷ്യേതര ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ തന്നെ വിശ്വസനീയമെന്ന് ഉറപ്പുവരുത്താനാകും.
ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ വികസനത്തില്‍ ഐ.എച്ച്.എ.എഫ് രൂപവത്കരണം ഏറെ പ്രധാനമാണെന്ന് ഡി.ഐ.ഇ.ഡി.സി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു. പുതിയ സമ്പദ്വ്യവസ്ഥയുടെ വിവിധ സംവിധാനങ്ങളുടെ ഘടനയും നിബന്ധനകളും തയാറാക്കാന്‍ ഇത് സഹായകമാകും. ഹലാല്‍ ഉത്പന്ന മേഖലയുടെ വ്യാപനത്തിന് ഈ ലൈസന്‍സിങ് സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.