ഭീകരതാ കേസുകള്‍: യു.എ.ഇയിലെ ‘ഐ.എസ്. തലവന്’ ജീവപര്യന്തം

അബൂദബി: ഐ.എസില്‍ ചേരുന്നതിനായി പ്രതിജ്ഞയെടുക്കുകയും യു.എ.ഇയിലെ സംഘടനാ നേതാവായി അവരോധിക്കപ്പെടുകയും ചെയ്ത സ്വദേശിക്ക് ജീവപര്യന്തം തടവ്. അബൂദബിയിലെ റീം ഐലന്‍റിലെ ഷോപ്പിങ് മാളില്‍ അമേരിക്കന്‍ അധ്യാപികയെ കൊന്ന കേസില്‍ വധശിക്ഷ ലഭിച്ച സ്വദേശി വനിതയുടെ ഭര്‍ത്താവിനെയാണ് ഭീകരതാ കേസുകളില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചത്. സൈനിക, സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടല്‍ അടക്കം ഭീകരതയുമായി ബന്ധപ്പെട്ട ഏഴ് കുറ്റങ്ങളാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ സാലിം അല്‍ ഹാഷ്മി (34)ക്കെതിരെ ചുമത്തിയിരുന്നത്. ജഡ്ജി മുഹമ്മദ് ജര്‍റ അല്‍ തുനൈജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്.   യു.എ.ഇ രാഷ്ട്ര നേതാക്കളിലൊരാളെ  വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസിലും സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ച കേസിലും ഐ.എസിന് ഫണ്ട് കൈമാറിയ കേസിലും കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടത്തെി. 
2014 ഡിസംബറില്‍ അമേരിക്കന്‍ അധ്യാപിക ഇബോളിയ റിയാനെ വധിച്ചകേസില്‍ സ്വദേശി വനിത അലാ അല്‍ ഹാശ്മിയെ കഴിഞ്ഞവര്‍ഷമാണ് യു.എ. ഇ വധശിക്ഷക്ക് വിധേയമാക്കിയത്. ഇവരുടെ ഭര്‍ത്താവായ മുഹമ്മദ് അല്‍ ഹാഷ്മിയെ തീവ്രവാദ ബന്ധത്തിന്‍െറ പേരില്‍ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. 2014 ഡിസംബറില്‍ ആലാ അല്‍ ഹാഷ്മി അമേരിക്കന്‍ അധ്യാപികയെ കൊലപ്പെടുത്തിയ സമയത്ത് ഇയാള്‍ പൊലീസിന്‍െറ പിടിയിലായിട്ടുണ്ടായിരുന്നു. 
പ്രതി ഓണ്‍ലൈനില്‍ യു.എ.ഇ ഭരണാധികളെ അപമാനിക്കുകയും അവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, കുറ്റകൃത്യങ്ങള്‍ നടത്തിയത് തന്‍െറ ഭാര്യയാണെന്നും അവര്‍ തന്‍െറ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് തീവ്രവാദ സൈറ്റുകളില്‍ കയറിയിരുന്നതെന്നും ഇയാള്‍ വാദിച്ചു. ഐ.എസ്, അല്‍ഖാഇദ എന്നീ തീവ്രവാദ സംഘടനകളുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നെന്ന് കോടതി വ്യക്തമാക്കി. അല്‍ ഖാഇദക്ക് 80000 ദിര്‍ഹം അയച്ചുകൊടുത്തതിന് തെളിവുകളുണ്ട്. 
ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിന്‍െറ പ്രതികാര നടപടിയായും അമേരിക്ക, ബ്രിട്ടന്‍, ഫ്രഞ്ച് പൗരന്‍മാരെ ഭയപ്പെടുത്താനുമായാണ് ആലാ അല്‍ ഹാഷ്മി അമേരിക്കന്‍ അധ്യാപികയെ കൊലപ്പെടുത്തിയത്.  കഴിഞ്ഞ വര്‍ഷം ജൂലൈയിയാണ് ഇവരെ വധശിക്ഷക്ക് വിധേയയാക്കിയത്.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.