ചൂട് കൂടുന്നു; തണലൊരുക്കി ആര്യവേപ്പ്

ഷാര്‍ജ: മരുഭൂമിയില്‍ ഉഷ്ണകാലം ശക്തമാകാന്‍ തുടങ്ങിയതോടെ വഴി യാത്രക്കാര്‍ക്കും പുറം ജോലിക്കാര്‍ക്കും തണലൊരുക്കി ആര്യവേപ്പുകള്‍.
ഒൗഷധ സസ്യമായ ആര്യവേപ്പിന്‍െറ ചുവട്ടിലേക്ക് സൂര്യവെളിച്ചം എളുപ്പത്തില്‍ ഇറങ്ങി വരില്ല. കുടപ്പോലെ നിവര്‍ന്ന് കിടക്കുന്ന ഇതിന്‍െറ ചുവട്ടിലെ തണലിനാവട്ടെ പ്രത്യേക കുളിര്‍മയാണ്.
ഇതാണ് ഈ മരത്തിന്‍െറ ചുവട്ടില്‍ വിശ്രമിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത്.  30 മീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണയായി ഈ മരം വളര്‍ന്ന് പന്തലിക്കാറുള്ളത്. എന്നാല്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ആര്യവേപ്പുകള്‍ക്ക് ഉയരം കുറവാണ്. സാധാരണ വേപ്പുകളെ അപേക്ഷിച്ച് ഇവിടെയുള്ള വേപ്പുകളുടെ ഇലകള്‍ പന്തല്‍ പോലെ പടരുന്നതിനാല്‍ കൂടുതല്‍ തണല്‍ ലഭിക്കുന്നു. ഷാര്‍ജയിലെ റോളയിലും മറ്റ് തിരക്ക് പിടിച്ച പ്രദേശങ്ങളിലും ആര്യവേപ്പുകള്‍ യഥേഷ്ടമുണ്ട്.
രാവിലെ നടക്കാനിറങ്ങുന്നവര്‍ ഇതിന്‍െറ രണ്ട് ഇലയെങ്കിലും പൊട്ടിച്ച് തിന്നുന്നത് പ്രവാസ ഭൂമിയിലെ കാഴ്ചയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ ഇതിന് കഴിവുണ്ട്. രക്തം ശുദ്ധിയാക്കുകയും ചെയ്യുന്നു. ദുര്‍മേദസ്സിനെ അകറ്റാനും ഇതിന് ത്രാണിയുണ്ട്. ഇതാണ് ഇലസേവയുടെ പൊരുള്‍. ഇതിന്‍െറ  തണ്ട് പല്ല് വൃത്തിയാക്കാനും ഉപയോഗിച്ച് വരുന്നു. ത്വക്ക് രോഗങ്ങള്‍, സന്ധിവാതം, വൃണം, ചുമ എന്നിവക്ക് തയാറാക്കുന്ന ആയൂര്‍വേദ ഒൗഷധ കൂട്ടുകളില്‍ ഒന്നാം സ്ഥാനത്താണ് ആര്യവേപ്പ്.
അടിമുടി ഒൗഷധ ഗുണമുള്ള അപൂര്‍വ്വ സസ്യമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന് പുറമെ, നല്ളൊരു ജൈവ കീടനാശിനി കൂടിയാണിത്. യു.എ.ഇയിലെ മിക്കയിടത്തും ഇവ വളരുന്നു. സ്കൂള്‍ വളപ്പുകളുടെ അതിരുകളില്‍ ഇവ നട്ട് പിടിപ്പിച്ചിരിക്കുന്നത് കാണാം. ഉദ്യാനങ്ങളിലും പാതയോരങ്ങളിലും വാഹനം നിര്‍ത്താനായി വേര്‍തിരിച്ച ഭാഗത്തും ഇവ യഥേഷ്ടമുണ്ട്. മഞ്ഞ കലര്‍ന്ന വെള്ള നിറത്തോടു കൂടിയ ചെറിയ പൂവുകളാണ് ഇവക്ക്. ഇന്ത്യയിലെ ഇലപൊഴിയും കാടുകളില്‍ ഇവ ധാരാളമുണ്ട്. വീടുകളിലും ഇവ നട്ട് വളര്‍ത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.