മത്സരരംഗത്ത് നിറഞ്ഞ്് പ്രവാസി സ്ഥാനാര്‍ഥികള്‍

ദുബൈ: ഇരു മുന്നണികളും മുന്‍കാല  പ്രവാസികള്‍ക്ക് കാര്യമായ പരിഗണന നല്‍കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി 15 ഓളം പ്രവാസികള്‍ സ്ഥാനാര്‍ഥികളായുണ്ട്.  രാഷ്ട്രീയ പാര്‍ട്ടികളുടെ  പ്രവാസി സംഘടനകളുടെ അമരത്തു നിന്നുള്ളവരാണ് കൂടുതലും. പ്രകടന പത്രികയില്‍ വാഗ്ദാനങ്ങളുടെ എണ്ണം കൂട്ടിയതിനും പുറമേയാണ് പ്രവാസി സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരിക്കുന്നത്.
പെരിന്തല്‍മണ്ണയിലെ   മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മന്ത്രി മഞ്ഞളാംകുഴി അലി, ഗുരുവായൂരിലെ സി.പി.എം സ്ഥാനാര്‍ഥി കെ.വി. അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പ്രവാസി സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍.  മഞ്ഞളാംകുഴി അലി അറിയപ്പെടുന്ന പ്രവാസി ബിസിനസുകാരനാണെങ്കില്‍ കെ.വി അബ്ദുല്‍ ഖാദര്‍ സി.പി.എമ്മിന്‍റെ പ്രവാസി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണിപ്പോള്‍. കുറ്റ്യാടിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല ദീര്‍ഘകാലം പ്രവാസിയും  ലീഗിന്‍െറ പ്രവാസി സംഘടനയായ കെ.എം.സി.സി നേതാവുമായിരുന്നു. തിരൂരങ്ങാടിയിലെ സി.പി.എം സ്വതന്ത്രന്‍ നിയാസ് പുളിക്കലകത്തും പ്രവാസി ബിസിനസുകാരനാണ്.
 കോട്ടക്കലില്‍ മത്സരിക്കുന്ന എന്‍.സി.പിയുടെ എന്‍.എ മുഹമ്മദ് കുട്ടിയും പ്രവാസി ബിസിനസുകാരനാണ്. കുട്ടനാട് മത്സരിക്കുന്ന എന്‍.സി.പി സ്ഥാനാര്‍ഥി തോമസ് ചാണ്ടിയാണ് മറ്റൊരു ഗള്‍ഫ് പ്രധിനിധി.  തിരൂരിലെ സി.പി.എം സ്വതന്ത്രന്‍ ഗഫൂര്‍ പി.ലില്ലീസ് വര്‍ഷങ്ങളായി അബൂദബിയിലെ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഇടതുപക്ഷ പ്രവാസി സംഘടനകളുടെ അമരക്കാരനായി പ്രവര്‍ത്തിച്ച ഗഫൂര്‍  രണ്ടര വര്‍ഷം മുമ്പാണ് പ്രവാസം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചത്. താനൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി വി. അബ്ദുറഹ്മാനും വളരെ കാലം പ്രവാസിയായിരുന്നു. ഗള്‍ഫ് നിര്‍ത്തി നാട്ടില്‍ ബിസ്നസ് രംഗത്ത് സജീവമായ ഇദ്ദേഹം മുന്‍ കെ.പി.സി.സി അംഗം കൂടിയാണ്.
ഏറനാട്ടെ  സി.പി.ഐ സ്വതന്ത്രന്‍ കെ.ടി അബ്ദുറഹ്മാനും നിലമ്പൂരിലെ സി.പി.എം സ്ഥാനാര്‍ഥി പി.വി അന്‍വറും പ്രവാസി ബിസിനസുകാരാണ്. അങ്കമാലിയിലെ ഇടത് സ്ഥാനാര്‍ഥി ബെന്നി മുഞ്ഞേലി അയര്‍ലന്‍റില്‍ നഴ്സായിരുന്നു. ആറു വര്‍ഷം മുമ്പ് പ്രവാസം മതിയാക്കി  നാട്ടിലത്തെിയ ബെന്നി അങ്കമാലി നഗരസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ചെയര്‍മാനാവുകയും ചെയ്തു.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ഡി.ജെ.എസ്സിലെ എം.പി.രാഘവനും ഗള്‍ഫില്‍ ബിസിനസ് രംഗത്താണ്.
തൃത്താലയിലെ സി.പി.എം സ്ഥാനാര്‍ഥി സുബൈദ ഇസ്ഹാഖും 11 വര്‍ഷക്കാലം ഭര്‍ത്താവിനോടൊപ്പം പ്രവാസ ജീവിതമായിരുന്നു.ജിദ്ദയില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അവര്‍.  ഇതിനൊക്കെ പുറമെ പ്രവാസ ലോകത്ത് നിന്നും നേരിട്ട് മത്സര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ് ഷാര്‍ജയില്‍ ബിസിനസുകാരനായ ഫൈസല്‍ തങ്ങള്‍. ഗുരുവായൂരില്‍ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. വിജയിച്ചാല്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന എട്ട് വാഗ്ദാനങ്ങളുമായി ഇദ്ദേഹം പ്രകടനപത്രികയും ഇറക്കിയിട്ടുണ്ട്.
രണ്ടും മൂന്നും വര്‍ഷംമാത്രം ജോലി ചെയ്തു മടങ്ങിയത്തെിയ നിരവധി പേരുണ്ട് മത്സര രംഗത്ത്. മാത്രമല്ല സ്വതന്ത്രരും വിമതരും ആയി മത്സരിക്കുന്നവരില്‍ പലരും   പ്രവാസം വിട്ടവരാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.