അറബി ഭാഷാ അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരം

ദുബൈ: നാഗരികതകളെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അറബി ഭാഷ ഭാവിയുടെ ഭാഷയായി തുടരുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.
ദുബൈ അല്‍ ബുസ്താന്‍ റൊട്ടാന ഹോട്ടലില്‍ രണ്ടാമത് മുഹമ്മദ് ബിന്‍ റാശിദ് അറബി ഭാഷ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാമത് അറബി ഭാഷാ അന്താരാഷ്ട്ര സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചരിത്രം പരിശോധിച്ചാല്‍ ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ പല ഗ്രന്ഥങ്ങളും അറബി ഭാഷയിലായിരുന്നുവെന്ന് കാണാം. മറ്റ് ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു.
പല അറബിക് സാങ്കേതിക പദങ്ങളും ഇപ്പോഴും വിദേശ ശാസ്ത്ര പുസ്തകങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുവെന്നത് ഭാഷയുടെ മാഹാത്മ്യം തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ശനിയാഴ്ച വരെ നീളുന്ന അഞ്ചാമത് അറബി ഭാഷാ അന്താരാഷ്ട്ര സമ്മേളനത്തില്‍ 72 രാജ്യങ്ങളില്‍ നിന്ന് 2500ഓളം ഭാഷാ വിദഗ്ധരാണ് പങ്കെടുക്കുന്നത്. 172ഓളം സെഷനുകളിലായി അറബി ഭാഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍റിലെ ദാറുല്‍ ഫറാ, സൗദി അറേബ്യ നാഷണല്‍ സെന്‍റര്‍ ഫോര്‍ അസസ്മെന്‍റ് ഇന്‍ ഹയര്‍ എജുക്കേഷന്‍, യു.എ.ഇ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് ആല്‍ നഹ്യാന്‍ കള്‍ചറല്‍ സെന്‍റര്‍, ലബനാനിലെ ബൈത് അല്‍ ലുഗ സെന്‍റര്‍, അല്‍ജീരിയയിലെ പ്രഫസര്‍ താഹ സറൂകി, ഷാര്‍ജ റേഡിയോ, ഇന്തോനേഷ്യയിലെ പ്രഫസര്‍ നസറുദ്ദീന്‍ ഇദ്രീസ് ജൗഹര്‍, സൗദി അറേബ്യയിലെ കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ അറബിക് ലാംഗ്വേജ്, കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, അറബ് ലീഗ് എജുക്കേഷണല്‍-കള്‍ചറല്‍- സയന്‍റിഫിക് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് അവാര്‍ഡിന് അര്‍ഹരായത്. യു.എ.ഇ സാംസ്കാരിക- വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, മുഹമ്മദ് ബിന്‍ റാശിദ് ഗ്ളോബല്‍ ഇനിഷ്യേറ്റീവ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, ആരോഗ്യ- രോഗപ്രതിരോധ വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ ഉവൈസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.