അബൂദബി: എല്ലാ വെള്ളിയാഴ്ചകളിലും യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കാമറയും നീളന്‍ ലെന്‍സും തൂക്കി കറുത്ത ടീഷര്‍ട്ടും ധരിച്ച് ഒരു സംഘത്തെ കാണും. ചിലപ്പോള്‍ റാസല്‍ഖൈമയിലെ ഫാമുകളിലായിരിക്കും ഈ സംഘം. മറ്റ് ചില വെള്ളിയാഴ്ചകളില്‍ ഇവരെ കാണുക ദുബൈയിലെ റാസല്‍ഖോറിലോ അല്‍ഐനിലെ ജബല്‍ ഹഫീത്തിലോ ഫുജൈറയിലെ തീരപ്രദേശങ്ങളിലോ ആയിരിക്കും. എല്ലാവരും അവധിയുടെ ആലസ്യത്തില്‍ കിടന്നുറങ്ങുമ്പോള്‍ പുലര്‍ച്ചെ തന്നെ കാമറയും ലെന്‍സുകളും തൂക്കി ഇറങ്ങുന്നവരാണിവര്‍. പക്ഷികളെ തേടിയാണ് ഈ യാത്രകള്‍. തറയില്‍ കി ടന്നും മുട്ടുകുത്തി നിന്നും എല്ലാം ഒരു ക്ളിക്കിനായി മണിക്കൂറുകള്‍ വരെ കാത്തിരിക്കുകയാകും പലപ്പോഴും ഇവര്‍. മലയാളി കൂട്ടായ്മയായ ‘ദ ഫ്രെയിം ഹണ്ടേഴ്സി’ലെ അംഗങ്ങളാണിവര്‍. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാണ്ടെല്ലാ തദ്ദേശീയ- ദേശാടന പക്ഷികളെയും ഇവര്‍ കാമറയിലാക്കി കഴിഞ്ഞു.
യു.എ.ഇയില്‍ പക്ഷികളുടെയും പ്രകൃതിയുടെയും ഫ്രെയിമുകള്‍ തേടിയുള്ള യാത്രയില്‍ പലപ്പോഴായി പലയിടങ്ങളില്‍ നിന്നും ഉള്ളവര്‍ ഒത്തുചേര്‍ന്നപ്പോഴാണ് ദ ഫ്രെയിം ഹണ്ടേഴ്സ് എന്നൊരു കൂട്ടായ്മ രൂപപ്പെട്ടത്. ഒന്നര വര്‍ഷത്തോളം മുമ്പാണ് ഫ്രെയിം ഹണ്ടേഴ്സിന്‍െറ തുടക്കം. ഫോട്ടോഗ്രാഫിയെയും പക്ഷികളെയും സ്നേഹിച്ചിരുന്ന അഞ്ച് പേര്‍ ഒത്തുചേര്‍ന്ന് വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപവത്വരിക്കുകയായിരുന്നു.
ഫോട്ടോഗ്രാഫി സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേണ്ടിയായിരുന്നു ഗ്രൂപ്പ് രൂപവത്കരിച്ചത്. സജീഷ് ആലുപറമ്പില്‍, സ്മിതേഷ്, ബിജു ഡൊമിനിക്, റിബിന്‍ റസീന, ജിന്‍സണ്‍ ജോര്‍ജ് എന്നിവരാണ് ആദ്യം അംഗങ്ങളായി ഉണ്ടായിരുന്നത്. പിന്നീട് പക്ഷികളെ തേടിയുള്ള യാത്രയില്‍ ഓരോരുത്തരായി ഈ കൂട്ടായ്മയിലേക്ക് ചേക്കേറി. ഇപ്പോള്‍ രണ്ട് സ്ത്രീകള്‍ അടക്കം 37 പേരുണ്ട് സംഘത്തില്‍.
കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവ ഇവര്‍ യു.എ.ഇയുടെ പല ഭാഗങ്ങളില്‍ വിവിധ തരം ജോലികള്‍ ചെയ്യുന്നവരാണ്.
പക്ഷികളാണ് ഇവരെ സുഹൃത്തുക്കളാക്കിയത്. കിളികളെ തേടിയുള്ള യാത്രകള്‍ സൗഹൃദത്തിന്‍െറ ആഴങ്ങളിലേക്കും തങ്ങളെ എത്തിക്കുകയായിരുന്നുവെന്ന് ഫ്രെയിം ഹണ്ടേഴ്സ് അംഗങ്ങള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഓരോ പക്ഷിയും ചിത്രവും ആണ് ഇവര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. യു.എ.ഇയില്‍ അപൂര്‍വമായി കാണപ്പെടുന്ന പക്ഷികളെ കുറിച്ച് പരസ്പരം വിവരം കൈമാറും. പലപ്പോഴും ഒരുമിച്ചായിരിക്കും യാത്രയും. അപൂര്‍വ പക്ഷികളുടെ ഒരു ചിത്രത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കാനും തങ്ങള്‍ തയാറാണെന്ന് ഇവര്‍ പറയുന്നു. അതേസമയം, പക്ഷികളുടെ ജൈവ വ്യവസ്ഥ തകര്‍ത്തോ അവയുടെ ആവാസത്തിന് പ്രയാസമുണ്ടാക്കിയോ ചിത്രങ്ങള്‍ എടുക്കാനും ഇവര്‍ തയാറല്ല. പരിസ്ഥിതിയോട് ചേര്‍ന്ന് നിന്ന് വിവിധ തരം പക്ഷികളെ പകര്‍ത്തുകയാണ് ലക്ഷ്യം.
സംഘത്തില്‍ ചിലര്‍ പക്ഷി നിരീക്ഷണത്തിലും ഫോട്ടോഗ്രാഫിയിലും തുടക്കക്കാരാണെങ്കില്‍ മറ്റ് ചിലര്‍ക്ക് പതിറ്റാണ്ടുകളുടെ പരിചയമുണ്ട്. ചിലര്‍ പക്ഷി നിരീക്ഷണത്തിന്‍െറ ഭാഗമായാണ് ഫോട്ടോഗ്രാഫിയിലേക്ക് വന്നത്. മറ്റ് ചിലരാകട്ടെ ഫോട്ടോഗ്രാഫിയിലേക്ക് വന്ന ശേഷം പരിസ്ഥിതി പ്രവര്‍ത്തനവും തുടങ്ങുകയായിരുന്നു. പുതിയ ആളുകള്‍ക്ക് പക്ഷി നിരീക്ഷണം, ഫോട്ടോഗ്രാഫി, എഡിറ്റിങ് തുടങ്ങിയവ സംബന്ധിച്ച് അവബോധമുണ്ടാക്കുകയാണ് ഫ്രെയിം ഹണ്ടേഴ്സിന്‍െറ ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണത്തിലും പച്ചപ്പ് കാത്തുസൂക്ഷിക്കുന്നതിനും കേരളം യു.എ.ഇയെ കണ്ടുപഠിക്കണമെന്നാണ് ഫ്രെയിം ഹണ്ടേഴ്സ് അംഗങ്ങളുടെ അഭിപ്രായം. ദൈവം അനുഗ്രഹിച്ചു നല്‍കിയ പ്രകൃതി സമ്പത്തിനെ നശിപ്പിച്ചു കൊടും ചൂടും കുടിനീരിനായുള്ള കാത്തിരിപ്പിലേക്കും കേരളം എത്തിയപ്പോള്‍ മരുഭൂമിയില്‍ പച്ചപ്പ് സൃഷ്ടിക്കുകയാണ് യു.എ.ഇ ഭരണകൂടമെന്ന് ഫ്രെയിം ഹണ്ടേഴ്സ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.