ലോകം കാല്‍ക്കീഴിലാക്കും കുതിരക്കുളമ്പടി

ദുബൈ: കരുത്തും വേഗവും ആവേശവും കടിഞ്ഞാണില്ലാതെ കുതറിപ്പായുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ദുബൈ. മെയ്ദാന്‍ റേസ്കോഴ്സില്‍ ശനിയാഴ്ച ലോകത്തെ ഏറ്റവും ശക്തരായ ‘ചുടുരക്ത’ കുതിരകളുടെ കുളമ്പടിയൊച്ച മുഴങ്ങും. ലോകത്ത് ഏറ്റവും  വലിയ സമ്മാനത്തുക നല്‍കുന്ന കുതിരയോട്ട മത്സരമായ ദുബൈ ലോകകപ്പിന്‍െറ 21ാം പതിപ്പിന് സാക്ഷികളാകാന്‍ ലോകമെങ്ങുനിന്നുമുള്ള കുതിരപ്രേമികള്‍ ഇന്ന് മെയ്ദാനില്‍ തടിച്ചുകൂടും. 
1996 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ച നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഒരുദിവസം മാത്രം വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന സമ്മാനത്തുക മൂന്നു കോടി ഡോളറാണ്.(ഏകദേശം 200  കോടിയോളം രൂപ). ഒരു കോടി ഡോളറാണ് ഏറ്റവും മികച്ച കുതിരക്ക് ലഭിക്കുക. കഴിഞ്ഞവര്‍ഷം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ‘പ്രിന്‍സ് ബിഷപ്പ്’ ആയിരുന്നു ചാമ്പ്യന്‍.
ഒമ്പത് അതിവേഗ മത്സരങ്ങളാണ് ഇന്ന് നടക്കുക. ആറു ഗ്രൂപ്പ് ഒന്ന് മത്സരങ്ങളും മൂന്ന് ഗ്രൂപ്പ് രണ്ട് മത്സരങ്ങളും.
വൈകിട്ട് 4.30ന് നടക്കുന്ന ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അല്‍ ഖൂസ് സ്പ്രിന്‍േറാടെയാണ് ശനിയാഴ്ച മത്സരങ്ങള്‍ ആരംഭിക്കുക. രാത്രി ഒമ്പതരക്കാണ് ഏറ്റവും ശ്രദ്ധേയമായ 2000 മീറ്റര്‍ ലോകകപ്പ് മത്സരത്തിന് വെടിമുഴങ്ങുക. മത്സരം കാണാന്‍ ശൈഖ് മുഹമ്മദിന്‍െറ നേതൃത്വത്തില്‍ യു.എ.ഇയിലെ മിക്ക രാജകുടുംബാംഗങ്ങളും എത്തും. 
ദുബൈയുടെ വാര്‍ഷിക കലണ്ടറിലെ ഏറ്റവും വലിയ കായിക ചാമ്പ്യന്‍ഷിപ്പ് മാത്രമല്ല സാമൂഹിക ഒത്തുചേരല്‍ വേളകൂടിയാണിത്. മെയ്ദാന്‍ റേസ്കോഴ്സില്‍ കുതിരയോട്ടത്തിന് പുറമെ സംഗീത പരിപാടിയും വേഷവിതാന മത്സരവും ഭാഗ്യനറുക്കെടുപ്പും പ്രവചന മത്സരവുമെല്ലാം നടക്കുന്നു. 80,000 ത്തിലേറെ പേരാണ് നാദല്‍ശിബയിലെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച ആവേശപ്പോരാട്ടം കാണാനും ഉല്ലാസത്തിനുമായി ഒത്തുകൂടുക.
മത്സരശേഷം ഗ്രാമി അവാര്‍ഡ് ജേത്രിയായ ഗായിക ജാനറ്റ് ജാക്സണിന്‍െറ  സംഗീത നിശ അരങ്ങേറും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.