ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അവാര്‍ഡ് പ്രഖ്യാപിച്ചു; ജേതാക്കളില്‍  മലയാളികളും

ദുബൈ: വിദ്യഭ്യാസ മേഖലയിലെ മികവിനുള്ള ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ്  ആല്‍ മക്തൂം  പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന 275 പേരാണ് 18ാമത് ശൈഖ് ഹംദാന്‍ ബിന്‍ റാശിദ്  ആല്‍ മക്തൂം പുരസ്കാരങ്ങള്‍ക്ക്് അര്‍ഹരായത്.  
വിശിഷ്ട കുടുംബ വിഭാഗത്തില്‍ മലയാളികളായ ഡോ. സംഗീത് ഇബ്രാഹിമും കുടുംബവും (ഷാര്‍ജ ഒൗര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍), വിനോദ് കുമാര്‍ പാലയില്‍ ഭാസ്കരന്‍ പിള്ളയും (മില്ളേനിയം സ്കൂള്‍, ദുബൈ)കുടുംബവുമുണ്ട്.  ഈ വിഭാഗത്തില്‍ ആകെ അഞ്ചു പേര്‍ക്കാണ് പുരസ്കാരം. 
മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍െറ വിദ്യഭ്യാസ,സാമൂഹിക,മത, ധാര്‍മിക മേഖലയിലെ മികവ് പരിഗണിച്ചാണ് വിശിഷ്ട കുടുംബത്തെ തെരഞ്ഞെടുക്കുന്നത്. ഷാര്‍ജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡന്‍റായ ഡോ.സംഗീത് ഇബ്രാഹിമും ഭാര്യ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.സുനൈന ഇക്ബാലും ഒരേ ദിവസം ഡോക്ടറേറ്റ് നേടിയ ദമ്പതികളാണ്. മക്കളായ അമാന്‍ ഇക്ബാല്‍ ഇബ്രാഹിം പത്താം ക്ളാസിലും ജഹാന്‍ ഇബ്രാഹിം മൂന്നാം ക്ളാസിലും ഷാര്‍ജ ഒൗര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂളില്‍ പഠിക്കുന്നു. 35,000 ദിര്‍ഹമും പ്രശംസാ ഫലകവുമാണ് അവാര്‍ഡ്. മൂന്നു വര്‍ഷം മുമ്പാണ് ആദ്യമായി ഒരു ഇന്ത്യന്‍ കുടുംബത്തിന് ഈ പുരസ്കാരം ലഭിച്ചത്.
221  വിദ്യാര്‍ഥികളും തങ്ങളുടെ പഠനപാഠ്യേതര മികവിലൂടെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ്  അവാര്‍ഡിനര്‍ഹരായി. ഇവരില്‍ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഷാര്‍ജ വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ളവരാണ് കൂടുതല്‍ അവാര്‍ഡ് വാരിയത് 67  പേര്‍. ദുബൈയില്‍ നിന്ന് 60  പേരും അബൂദബിയില്‍ നിന്ന് 40 പേരും ഫുജൈറയില്‍ നിന്ന് 24 പേരും അവാര്‍ഡ് സ്വന്തമാക്കി. ട്രോഫിയും 25,000  ദിര്‍ഹമിന്‍െറ കാഷ് അവാര്‍ഡുമാണ് ലഭിക്കുക. വിദ്യാഭാസ മേഖലക്ക് പ്രോത്സാഹനം നല്‍കിയ മൂന്ന് സ്ഥാപനങ്ങളും അവാര്‍ഡിന് അര്‍ഹമായി. ദീവ, മാജിദ് അല്‍ ഫുതൈം ചാരിറ്റി ഫൗണ്ടേഷന്‍, അഭ്യന്തര മന്ത്രാലയം എന്നിവയാണ് അവാര്‍ഡ് ലഭിച്ച സ്ഥാപനങ്ങള്‍. 
സൗദിഅറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 26  പേര്‍ അവാര്‍ഡിന് അര്‍ഹരായി. അറബ് ലോകത്ത് നിന്ന് ഡോ. സഅദ് അല്‍ ഹാജ് അവാര്‍ഡ് നേടി. വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ പ്രബന്ധമാണ് അല്‍ജീരിയക്കാരനായ  ഇദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്. 
അവാര്‍ഡ് ജേതാക്കളെ ഏപ്രില്‍ 20  നടക്കുന്ന പ്രത്യേക ചടങ്ങില്‍ ആദരിക്കും. 
വിദ്യാഭ്യാസ മേഖലയിലെ അതിവിശിഷ്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് 1998  മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.