കരിപ്പൂര്‍: റണ്‍വേ ബലപ്പെടുത്തല്‍ കഴിഞ്ഞാലും  വലിയ വിമാനങ്ങള്‍ക്ക് വിലക്ക് തുടരാന്‍ സാധ്യത

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തല്‍ ജോലി ഏറെക്കുറെ പൂര്‍ത്തിയായെങ്കിലൂം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് വൈകുമെന്ന് സൂചന. സര്‍ക്കാര്‍-രാഷ്ട്രീയ തലത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായില്ളെങ്കില്‍ എമിറേറ്റ്സ്, സൗദിയ, ഇത്തിഹാദ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ വലിയ വിമാനങ്ങള്‍ പുതിയ റണ്‍വേയില്‍ ഇറങ്ങാന്‍ സാധ്യത കുറവാണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. 
റണ്‍വേ ബലപ്പെടുത്തല്‍ പൂര്‍ത്തിയായാലും വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയാല്‍ മാത്രമേ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാകൂ. എന്നാല്‍ റണ്‍വേയുടെ നീളം 13,000 അടിയായി ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ളെന്നാണ് എം.കെ. രാഘവന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന സഹ മന്ത്രി ഡോ. മഹേഷ് ശര്‍മ കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത്. നിലവില്‍ 9,377 അടിയാണ് കരിപ്പൂരിലെ റണ്‍വേ. ഭൂമി ഏറ്റെടുക്കല്‍ ജോലി മുന്നോട്ടു നീങ്ങാത്തതിനാല്‍ റണ്‍വേ വികസനത്തിന് ഉടനെയൊന്നും സാധ്യതയില്ല.
എന്നാല്‍ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയുമെല്ലാം സമ്മര്‍ദം ചെലുത്തിയാല്‍ ഈ വര്‍ഷത്തെ ഹജ്ജ് വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താനാകും. ഇതിന് പിന്നാലെ നിര്‍ത്തിവെച്ച സ്ഥിരം സര്‍വീസുകളും തുടങ്ങാനാകും.
നേരത്തെ ഹജ്ജ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ലഭിച്ച പ്രത്യേക അനുമതി പ്രകാരമാണ് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങിയിരുന്നത്. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സും അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദും സൗദി അറേബ്യയുടെ സൗദിയയും എയര്‍ ഇന്ത്യയുമെല്ലാം  അനുമതി ലഭിച്ചാല്‍ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് ഏതു ദിവസവും പുനരാരംഭിക്കാന്‍ തയാറാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ സയമക്രമമനുസരിച്ച് ഈ മാസം 27 മുതല്‍ വലിയ വിമാനങ്ങളിലേക്ക് കഴിഞ്ഞ നവംബറില്‍ തന്നെ ടിക്കറ്റ് വിറ്റു തുടങ്ങിയ എയര്‍ ഇന്ത്യ ഈയിടെ അവയെല്ലാം റദ്ദാക്കി. കരിപ്പൂര്‍ വിരുദ്ധ ലോബിയുടെ സമ്മര്‍ദത്തെതുടര്‍ന്നാണിതെന്നാണ് ആരോപണമുയര്‍ന്നിട്ടുണ്ട്. 
അതേസമയം കോഴിക്കോട് വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാനും കരിപ്പൂര്‍ വിമാനത്താവളത്തിനും വികസനത്തിനും വേണ്ടി എക്കാലത്തും മുന്‍പന്തിയില്‍ നിന്ന് പോരാടുകയും ചെയ്യുന്ന ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്നാക്കാന്‍ അടിയന്തര സമ്മര്‍ദം ചെലുത്തുകയാണ് ഇപ്പോള്‍ പ്രധാനമായും ചെയ്യേണ്ടത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് പണിയുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്.  കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍  കരിപ്പൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ പണം പ്രശ്നമാകില്ളെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ബജറ്റില്‍ നെടുമ്പാശ്ശേരിക്ക് 100 കോടി അനുവദിച്ചപ്പോള്‍ കരിപ്പൂരിന് ഒന്നും നല്‍കിയില്ല. സ്ഥലമേറ്റെടുക്കന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചെങ്കിലും നടപടികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. പണമില്ലായ്മയും  മാന്യമായ പുനരധിവാസ പാക്കേജില്ലാത്തതിനാലുള്ള പ്രദേശവാസികളുടെ എതിര്‍പ്പും കാരണം സ്ഥലമേറ്റെടുപ്പും റണ്‍വേ വികസനവും നടക്കില്ളെന്ന് ചാക്കുണ്ണി പറയുന്നു. എന്നാല്‍ അതിന്‍െറ പേര് പറഞ്ഞ് സര്‍വീസുകളൂടെ എണ്ണം കുറക്കുകയാണ്. നെടുമ്പാശ്ശേരിയെ സഹായിക്കാനാണിത്. പിന്നെ എയര്‍ ഇന്ത്യക്ക് അമിത നിരക്ക് ഈടാക്കി കൊള്ളലാഭമുണ്ടാക്കാനും. വലിയ വിമാനങ്ങള്‍ക്ക് പകരം ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ വിദേശ കമ്പനികള്‍ അനുമതി ചോദിച്ചപ്പോള്‍ നല്‍കിയില്ല. എമിറേറ്റ്സും സൗദിയയും കരിപ്പൂരില്‍ വിദഗ്ധ പരിശോധന നടത്തി തീര്‍ത്തും സുരക്ഷിതമാണെന്ന് കണ്ടത്തെിയശേഷമാണ് അനുമതി ചോദിച്ചത്. 424 യാത്രക്കാരെയും 24 ടണ്‍ ചരക്കും കയറ്റാവുന്ന ജംബോ 737 കരിപ്പൂരിലേക്ക് പറത്താന്‍ സൗദിയ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഈ കത്ത് പൂഴ്ത്തുകയാണ് അധികാരികള്‍ ചെയ്തത്. എയര്‍ബസ് 330-200, ബോയിങ് ഡ്രീംലൈനര്‍ 787 തുടങ്ങിയ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ തന്നെ യാത്രാപ്രശ്നം വലിയൊരളവോളം പരിഹരിക്കാനാകും- ചാക്കുണ്ണി പറഞ്ഞു.
ആറൂ മാസം കൊണ്ടു പണി തീര്‍ക്കുമെന്ന് പറഞ്ഞ് 2015 മെയ് ഒന്നിനാണ് കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചത്. എന്നാല്‍ അടച്ചിട്ട് നാലരമാസം കഴിഞ്ഞാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. പകല്‍ 12 മുതല്‍ രാത്രി എട്ടു മണിവരെ റണ്‍വേ അടച്ചിട്ടാണ് പണി നടത്തുന്നത്. വലിയ വിമാനങ്ങളെ വിലക്കുകയും ചെയ്തു. ഇതോടെ 2200 ഓളം സീറ്റുകളാണ് പ്രതിദിനം കരിപ്പൂരില്‍ നിന്ന് നഷ്ടമായത്. ഇത്രയൂം യാത്രക്കാര്‍ നെടുമ്പാശ്ശേരിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വിമാനങ്ങള്‍ കുറഞ്ഞതോടെ കരിപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടുകയും ചെയ്തു. കരിപ്പുരില്‍ നിന്ന് പച്ചക്കറി ഉള്‍പ്പെടെ കയറ്റുമതി ചെയ്തിരുന്ന നൂറോളം സ്ഥാപനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് പ്രവര്‍ത്തനം മാറ്റി. റണ്‍വേ ബലപ്പെടുത്തലിന്‍െറ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘട്ട ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി രണ്ടു ഘട്ടം കൂടി ബാക്കിയുണ്ടെങ്കിലും മൊത്തം റണ്‍വേയും ഇപ്പോള്‍ വിമാന സര്‍വീസിന് ഉപയോഗിക്കാനാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.