അബൂദബി റെഡ് ബുള്‍ എയര്‍റേസ്: നിക്കോളാസ് ഇവാനോഫ് ജേതാവ്

അബൂദബി: ലോകത്തിന്‍െറ ഏറ്റവും വേഗതയേറിയ മത്സരങ്ങളിലൊന്നായ റെഡ് ബുള്‍ എയര്‍ റേസിന്‍െറ ആദ്യ പാദം അബൂദബിയില്‍ പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സിന്‍െറ നിക്കോളാസ് ഇവാനോഫ് ജേതാവായി. 15 പോയന്‍റ് നേടിയ ഇവാനോഫിന് പിറകില്‍ 12 പോയന്‍റുമായി ജര്‍മനിയുടെ മത്യാസ് ഡോള്‍ഡെറര്‍ രണ്ടാം സ്ഥാനത്തത്തെി. 
എയര്‍ റേസിന്‍െറ ചരിത്രത്തിലെ തന്നെ ഇതിഹാസ താരങ്ങളായ പോള്‍ ബോണ്‍ഹോമും പീറ്റര്‍ ബെസനേയിയും കഴിഞ്ഞ വര്‍ഷം വിരമിച്ചതോടെ പുതിയ താരങ്ങളുടെ ഉദയത്തിനാണ് അബൂദബി സാക്ഷ്യം വഹിച്ചത്. ഈ വര്‍ഷം ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ഓസീസ് താരം മാറ്റ് ഹാള്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 
അബൂദബി കോര്‍ണിഷില്‍ ഒരുക്കിയ 25 മീറ്റര്‍ ഉയരമുള്ള പോളുകള്‍ക്ക് ഇടയിലൂടെയുള്ള ആകാശ ട്രാക്കിലൂടെയാണ് മത്സരങ്ങള്‍ നടന്നത്. ശനിയാഴ്ച വൈകുന്നേരം നടന്ന ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. 
പോളുകള്‍ക്കിടയിലൂടെ കടല്‍ജലത്തെ പ്രകമ്പനം കൊള്ളിക്കും വിധം താഴ്ന്നും അതിവേഗം ഉയര്‍ന്നും പറന്ന് വൈമാനികര്‍ നടത്തിയ പ്രകടനം ഏറെ ഹരം പകരുന്നതായി. റെഡ്ബുള്‍ എയര്‍ റേസിലെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ 14 താരങ്ങളാണ് പങ്കെടുത്തത്. ഇതിന്‍െറ ഭാഗമായി നടന്ന ചലഞ്ചര്‍ റേസില്‍ അമേരിക്കയുടെ കെവിന്‍ കോള്‍മാനും സ്വീഡന്‍െറ ഡാനിയല്‍ റിഫയും ജേതാക്കളായി. ജര്‍മനിയുടെ ഫ്ളോറിയന്‍ ബെര്‍ജര്‍ രണ്ടും ബ്രിട്ടന്‍െറ ബെന്‍ മുര്‍ഫി മൂന്നും സ്ഥാനം സ്വന്തമാക്കി. റെഡ്ബുള്‍ റേസിന്‍െറ രണ്ടാം പാദം ഏപ്രില്‍ 23, 24 തീയതികളില്‍ ആസ്ട്രിയയില്‍ നടക്കും.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.