അബൂദബി: മഴ മാറി മാനം തെളിഞ്ഞതോടെ അബൂദബിയില്‍ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുകയും നഗരം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു. മഴയും കാറ്റും നഗരത്തില്‍ അവശേഷിപ്പിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യലും നാശനഷ്ടങ്ങളുടെ കണക്കെടുക്കലുമായിരുന്നു വ്യാഴാഴ്ച പ്രധാനമായും നടന്നത്. കെട്ടിടങ്ങളില്‍ അപകടകരമായി നിന്ന ചില്ലുകളും ബോര്‍ഡുകളും മറ്റും ശരിയാക്കുന്ന ജോലികളും നടന്നു.
എയര്‍പോര്‍ട്ട് റോഡില്‍ പ്രമുഖ സ്ഥാപനത്തിന്‍െറ മുകളിലെ ഗോളം സുരക്ഷിതമാക്കി നിര്‍ത്തുന്നതിന്‍െറ ഭാഗമായി രാവിലെ ഗതാഗതം നിയന്ത്രിച്ചിരുന്നു. വൈകിട്ട് ഗതാഗതവും നിയന്ത്രിച്ചതോടെ വന്‍തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹംദാന്‍, ഇലക്ട്ര, മുറൂര്‍ റോഡ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച വൈകുന്നേരം മണിക്കൂറുകള്‍ ഗതാഗതം കുരുങ്ങിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി അനുഭവപ്പെട്ട കനത്ത മഴയും കാറ്റും രണ്ട് ദിവസവും നഗരത്തിന്‍െറ സാധാരണ ജീവിതത്തെ ബാധിച്ചിരുന്നു. പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിലംപൊത്തിയും പോസ്റ്റുകളും മരങ്ങളും വീണും നിരവധി വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചിരുന്നു. കോര്‍ണിഷ് ഭാഗത്ത് പാര്‍ക്കുകളിലെയും നിരത്തിന് അരികിലെയും നിരവധി മരങ്ങളാണ് നിലംപൊത്തിയത്.
റോഡ്, പാര്‍ക്കുകള്‍, അടിപ്പാതകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അവശിഷ്ടങ്ങള്‍ നീക്കുകയും ഓടകള്‍ വൃത്തിയാക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുകയും ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. അബൂദബി മുനിസിപ്പാലിറ്റിയുടെയും പൊലീസിന്‍െറയും നേതൃത്വത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നത്. കനത്ത കാറ്റും മഴയും അനുഭവപ്പെട്ട ബുധനാഴ്ച മാത്രം അബൂദബി മുനിസിപ്പാലിറ്റിയില്‍ ലഭിച്ചത് 836ഓളം പരാതികളാണ്. ഇതില്‍ 80 ശതമാനത്തോളം പ്രശ്നങ്ങളും ഇതിനോടകം തന്നെ പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. പല ഓടകളിലും മാലിന്യം നിറഞ്ഞത് വെള്ളം കെട്ടിക്കിടക്കാന്‍ കാരണമായി. ഉച്ചയോടെ മിക്ക ഭാഗങ്ങളും വൃത്തിയാക്കി. നഗരത്തിലെ പല അടിപ്പാതകളിലും അഴുക്കും വെള്ളവും കെട്ടിക്കിടന്നത് കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സുരക്ഷാ സേനയും പൊലീസും പ്രധാനയിടങ്ങളെല്ലാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നഗരത്തില്‍ ന്യൂ അല്‍ ഫലാ ഭാഗത്താണ് വെള്ളക്കെട്ടുകള്‍ കൂടുതല്‍ പ്രശ്നമായത്. അവ നീക്കം ചെയ്യുന്നതോടൊപ്പം ഭാവിയില്‍ ഇത്തരം സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനേക്കുറിച്ചും മുനിസിപ്പാലിറ്റി അധികൃതര്‍ പഠനങ്ങള്‍ നടത്തി. ഇടിയിലും മഴയിലും മരണമോ, കാര്യമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് മുനിസിപ്പാലിറ്റി ആക്ടിങ് ജനറല്‍ മാനേജര്‍ മുസാബ മുബാറഖ് അല്‍ മുറാര്‍ പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് നഗരത്തെ പെട്ടന്ന് തന്നെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഐനിലും സുരക്ഷാ സേനയും, മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണും പ്രധാന നിരത്തുകളിലെ വെള്ളക്കെട്ടുകളും മരങ്ങളും നീക്കി സാധാരണനിലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.