15 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നു

അബൂദബി: പഴയ വാഹനങ്ങള്‍ യു.എ.ഇയുടെ റോഡുകളില്‍നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചന. 
രജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് പുറമെ ഇത്തരം കാറുകളുടെ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കുന്ന കാര്യവും പരിഗണനയിലാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ (എഫ്.എന്‍.സി) പറഞ്ഞു. 
പഴയ വാഹനങ്ങളുടെ എണ്ണം ചുരുക്കി മലിനീകരണവും അപകടവും കുറക്കുകയാണ് ലക്ഷ്യം. പഴയ വാഹനങ്ങളാണ് റോഡില്‍ തകരാറിലാകുന്നവയില്‍ കൂടുതലുമെന്നതിനാല്‍ അവ അപകങ്ങള്‍ക്കും കാരണമാകുന്നു. മലിനീകരണം കുറക്കാന്‍ നൂറ് കണക്കിന് പൊലീസ് വാഹനങ്ങള്‍ പ്രകൃതി വാതകത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 
കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. 
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 32 ലക്ഷവും ഡ്രൈവര്‍മാരുടെ എണ്ണം 45 ലക്ഷവും ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 
20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് 2008ല്‍ യു.എ.ഇ അധികൃതര്‍ നിയമം പാസാക്കിയിരുന്നെങ്കിലും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇടപെട്ട് നിയമം പ്രാബല്യത്തിലാവുന്നത് തടഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.