മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം -ടി.എന്‍. പ്രതാപന്‍

അബൂദബി: തന്‍െറ മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ടി.എന്‍. പ്രതാപന്‍.  ആയുസ്സുള്ള കാലത്തോളം റമദാന്‍ വ്രതമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഫ്രന്‍ഡ്സ് ഓഫ് ടി.എന്‍’ അബൂദബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ കൂട്ടുകാരോടുള്ള ഐക്യദാര്‍ഢ്യമായാണ് വ്രതം തുടങ്ങിയത്. പ ിന്നീട് ഇസ്ലാമിനെ കുറിച്ച് പഠിച്ചു. അത് വ്രതമെടുക്കാന്‍ കൂടുതല്‍ പ്രോത്സാഹനമായി. ഖുര്‍ആനിന്‍െറ ‘ഹേ, മനുഷ്യാ’ എന്ന സംബോധന തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്ലാമിനെ കുറിച്ച് അങ്കണവാടിക്കുട്ടിയുടെ അറിവ് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ട് കര്‍മങ്ങളാണ് സകാത്തും വ്രതവും. ആത്മീയമായ പവിത്രതയാണ് വ്രതാനുഷ്ടാനം സമ്മാനിക്കുന്നത്. അതിനാല്‍ വ്രതം പ്രകടനാത്മകതയാവരുത്. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ് തന്‍െറ വീക്ഷണം. അതിനാല്‍, പരസ്യമായി റിലീഫ് നല്‍കുന്ന പരിപാടികളില്‍ പങ്കെടുക്കാറില്ല. എല്ലാ മതങ്ങളിലെയും നന്മയെ താന്‍ സ്വാംശീകരിക്കാറുണ്ട്് ശബരിമലയിലേക്ക് തീര്‍ഥാടനം ചെയ്യാറുണ്ട്. വേളാങ്കണ്ണിയും തനിക്ക് അന്യമല്ല. ഇസ്ലാം സാഹോദര്യത്തിന്‍െറയും സഹിഷ്ണുതയുടെയും സമാധാനത്തിന്‍െറയും മതമാണെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവഹാജി സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രന്‍ഡ്സ് ഓഫ് ടി.എന്‍ ചെയര്‍മാന്‍ കെ.എച്ച്. താഹിര്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ മൂസ ഹാജി, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്ല ഹബീബ് എന്നിവര്‍ സംസാരിച്ചു. വി.പി.കെ അബ്ദുല്ല ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ഗ്രന്ഥം ടി.എന്‍. പ്രതാപന് സമ്മാനിച്ചു. മുനീബ് ഖിറാഅത്ത് നടത്തി. ഉസ്മാന്‍ സഖാഫി സമാപന പ്രസംഗവും പ്രാര്‍ഥനയും നടത്തി. ഫ്രന്‍ഡ്സ് ഓഫ് ടി.എന്‍. വൈസ് ചെയര്‍മാന്‍ സ്വാഗതവും സിദ്ദീഖ് തളിക്കുളം സ്വാഗതവും കണ്‍വീനര്‍ ജലീല്‍ തളിക്കുളം നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.