ദുബൈ: കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ബാല സംരക്ഷണ നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ വുദീമ നിയമം എന്നാണിത് അറിയപ്പെട്ടിരുന്നത്. യു.എ.ഇയില്‍ താമസക്കാരനോ ടൂറിസ്റ്റോ ആയ ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണ് നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്.
2012ല്‍ വുദീമ എന്ന പെണ്‍കുട്ടി പിതാവിനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് വുദീമ നിയമം നിലവില്‍ വന്നത്. ഇത് പരിഷ്കരിച്ചാണ് ബാല സംരക്ഷണ നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. ശാരീരികമോ മാനസികമോ വാചികമോ ആയ പീഡനങ്ങള്‍ക്കെല്ലാം നിയമമനുസരിച്ച് ശിക്ഷ ലഭിക്കും. നിയമലംഘകര്‍ക്ക് 5000 ദിര്‍ഹം മുതല്‍ 50,000 വരെ പിഴയും 10 വര്‍ഷം വരെ തടവും ലഭിക്കും.
നിയമ പ്രകാരം ശിക്ഷാര്‍ഹമാകുന്ന കുറ്റകൃത്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ ശരീരത്തില്‍ പാടുകളോ മുറിവോ ഉണ്ടാകുന്ന വിധം അടിക്കാന്‍ പാടില്ല. മുഖത്ത് അടിക്കുന്നതും കുറ്റകരമാണ്. കുട്ടികളെ വീട്ടില്‍ ഒറ്റക്കാക്കി പോകരുത്. കുട്ടികളെ വാഹനത്തിന്‍െറ മുന്‍സീറ്റില്‍ ഇരുത്തുന്നതും ഓടുന്ന വാഹനത്തിനകത്ത് തുള്ളിച്ചാടാന്‍ അനുവദിക്കുന്നതും ശിക്ഷാര്‍ഹമാണ്. അവരോട് ആക്രോശത്തോടെ സംസാരിക്കുകയോ മോശം പേര് വിളിക്കുകയോ ചെയ്യരുത്.
എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലന സേവനങ്ങള്‍ക്കും അവകാശമുണ്ടെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. കുട്ടികള്‍ക്ക് മാനസികമായ പിന്തുണ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണ്.
15 വയസ്സിന് താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കാന്‍ പാടില്ല. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. കുട്ടികളുടെ സാന്നിധ്യത്തില്‍ പൊതുസ്ഥലത്ത് പുകവലിക്കരുത്. മദ്യമോ അപകടകരമായ മറ്റ് വസ്തുക്കളോ കുട്ടികള്‍ക്ക് നല്‍കരുത്.
നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസ് (999), ആഭ്യന്തര മന്ത്രാലയത്തിന്‍െറ ബാല സംരക്ഷണ വിഭാഗം (116111), ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ (800988), ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ (800 111), ഷാര്‍ജ സാമൂഹിക സേവന വകുപ്പ് (800 700) എന്നീ ഫോണ്‍ നമ്പറുകളില്‍ പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.