പള്ളികള്‍ നിറഞ്ഞൊഴുകി റമദാനിലെ ആദ്യ വെള്ളി

ഷാര്‍ജ: റമദാനിലെ കാരുണ്യത്തിന്‍െറ പത്തിലെ ആദ്യ വെള്ളിയാഴ്ച്ച പള്ളികളില്‍ വന്‍ തിരക്ക്. അകത്തെ പള്ളിയില്‍ നമസ്കരിക്കാന്‍ സ്ഥലമില്ലാതെ വരികള്‍ പുറത്തെ പള്ളിയിലേക്കും മുറ്റത്തേക്കും റോഡിലേക്കും നീണ്ടു. ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകള്‍ ഉരുവിട്ടും ആളുകള്‍ പള്ളികളില്‍ തന്നെ ചെലവഴിച്ചു. പതിവിലും നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളില്‍ എത്തി പ്രാര്‍ഥനകളില്‍ മുഴുകിയിരുന്നു. അവധി ദിവസമായത് കാരണം പരമാവധി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന തിരക്കിലായിരുന്നു ഏറെ പേരും. 
പരിശുദ്ധ റമദാനില്‍ ഒരാവര്‍ത്തിയെങ്കിലും ഖുര്‍ആന്‍ ഓതി തീര്‍ക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ ജോലി തിരക്ക് കാരണം പലര്‍ക്കും പാരായണം പൂര്‍ത്തിയാക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഓരോ നമസ്ക്കാര വേളയിലും നാല് പേജ് വീതം വെച്ച് ഖുര്‍ആന്‍ പാരായണം ശീലമാക്കിയാല്‍ ഇത് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്നതാണ്. വെള്ളിയാഴ്ചയിലെ തറാവീഹിന് ( രാത്രി നമസ്കാരം) സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് വിവിധ പള്ളികളില്‍ സമ്മേളിച്ചത്. ദാനധര്‍മത്തിന്‍െറ മഹത്വവും ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ജീവിതവും റമദാനിലൂടെ കരസ്ഥമാക്കി തുടര്‍ ജീവിതത്തിലും പ്രാവര്‍ത്തികമാക്കണമെന്ന് ഓരോ നമസ്ക്കാരം കഴിയുമ്പോളും ഇമാമുമാര്‍ ഓര്‍മപ്പെടുത്തി കൊണ്ടിരുന്നു. ആദ്യ വെള്ളിയിലെ ഇഫ്താര്‍ പലരും താമസ സ്ഥലങ്ങളില്‍ തന്നെ ഒരുക്കിയത് കാരണം പള്ളികളില്‍ പതിവ് തിരക്കുണ്ടായിരുന്നില്ല.  എന്നാല്‍ ഇഫ്താറിന് നിരവധി വിഭവങ്ങളാണ് പള്ളികളില്‍ എത്തിയത്. സംഘടനകളും മറ്റും നോമ്പ് തുറകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.