ബാധ്യതയുള്ള കമ്പനി വിറ്റ്  മലയാളിയെ വഞ്ചിച്ചതായി പരാതി

ദുബൈ: ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബൈയിലെ കമ്പനി വില്‍പന നടത്തി മലയാളി യുവാവിനെ വഞ്ചിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്പ് മുയ്യം മുണ്ടേരി വണ്ണാപ്പുരയില്‍ വി.ജി.വിനോദിനെയാണ് മലയാളികളായ രണ്ടു പേര്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഇതുസംബന്ധമായി വിനോദ് കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കി.
ദുബായില്‍ ട്രെയിലര്‍ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിനോദ് രണ്ടുവര്‍ഷം മുമ്പാണ് കണ്ണൂര്‍, ആലപ്പുഴ സ്വദേശികളുടെ ഷിപ്പിങ് കമ്പനി മൂന്ന് ലക്ഷം ദിര്‍ഹം (ഏകദേശം 48 ലക്ഷം രൂപ) വിലക്ക് വാങ്ങിയത്. എന്നാല്‍, കമ്പനിക്ക് വിവിധ ബാങ്കുകളിലായി എട്ട് ലക്ഷം ദിര്‍ഹം (ഏകദേശം ഒരു കോടി രൂപ) ബാധ്യതയുണ്ടായിരുന്നു. ഈ ബാധ്യത തീര്‍ക്കാനാണ് കമ്പനി വില്‍ക്കുന്നതെന്നും വിനോദ് നല്‍കിയ പണം അതിന് ഉപയോഗിക്കുമെന്നും ഉറപ്പു നല്‍കിയെങ്കിലും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ ബാധ്യതകള്‍ തീര്‍ക്കാനാണ് പ്രതികള്‍ പണം ചെലവഴിച്ചത്. ബാക്കി തുക എക്സ്ചേഞ്ച് വഴി നാട്ടിലേയ്ക്കും അയച്ചു. കൂടാതെ, തന്‍െറ ചെക്കുകളുപയോഗിച്ച് 9,57,000 ദിര്‍ഹം ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തതായും വിനോദ് ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
ഇതിന് ശേഷം ഉടമകള്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇതെല്ലാം. ഇപ്പോള്‍ ആകെ 25,82,571 ദിര്‍ഹമിന്‍െറ ബാധ്യതയാണ് വിനോദിന്‍െറ പേരിലുള്ളത്. തന്‍െറ നാട്ടിലുള്ള ബന്ധുക്കള്‍ പ്രതികളുടെ വീടുകളിലത്തെി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നുവെന്ന് വിനോദ് പരാതിയില്‍ പറഞ്ഞു. ദുബൈയിലെ ബാങ്കുകളിലെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വിനോദ് കടുത്ത ആശങ്കയിലാണ് കഴിയുന്നത്. പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ആയതിനാല്‍ ജോലിക്ക് ചേരാനോ നാട്ടിലേക്ക് പോകാനോ സാധിക്കുന്നില്ല. ചെലവിന് പോലും പണമില്ലാതെ സുഹൃത്തുക്കളുടെ സഹായത്താലാണ് കഴിയുന്നത്. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബൈ കോടതിയിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണെന്ന് വിനോദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.