ദുബൈ ക്രീക്കിലെ ‘ദി ടവറി’ന് ബുര്‍ജ് ഖലീഫയെക്കാള്‍ 100 മീറ്റര്‍ ഉയരം

ദുബൈ: ദുബൈ ക്രീക്കിനരികില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് നിര്‍മിക്കുന്ന ‘ദി ടവര്‍’ എന്ന കെട്ടിടത്തിന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെക്കാള്‍ 100 മീറ്റര്‍ ഉയരമുണ്ടാകും. ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടവറിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തമാസം തുടക്കമാകും. 2020 വേള്‍ഡ് എക്സ്പോക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 
ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരം കൂടിയ കെട്ടിടമായിരിക്കും ‘ദി ടവറെ’ന്ന് പദ്ധതി പ്രഖ്യാപന വേളയില്‍ അലബ്ബാര്‍ പറഞ്ഞിരുന്നെങ്കിലും എത്രയാണിതെന്ന് ഇപ്പോള്‍ മാത്രമാണ് വെളിപ്പെടുത്തുന്നത്. 829.8 മീറ്റര്‍ (2722 അടി) ഉയരമാണ് ബുര്‍ജ് ഖലീഫക്കുള്ളത്. ‘ദി ടവറി’ന് 929 മീറ്ററായിരിക്കും ഉയരം. ബുര്‍ജിനെക്കാള്‍ 328 അടി ഉയരക്കൂടുതല്‍. 100 കോടി ഡോളറാണ് നിര്‍മാണ ചെലവ്. ദുബൈ ക്രീക്ക് ഹാര്‍ബറിലെ ആറ് ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് റാസല്‍ഖോര്‍ വന്യജീവി സങ്കേതത്തിന് സമീപം പദ്ധതി വരുന്നത്. ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ദുബൈ ഡൗണ്‍ടൗണിനെക്കാള്‍ ഇരട്ടി വലുപ്പമുള്ളതാകും ‘ദി ടവര്‍’ പദ്ധതി പ്രദേശം. ദുബൈയുടെ ചരിത്രത്തിന്‍െറയും സംസ്കാരത്തിന്‍െറയും കളിത്തൊട്ടിലായ ക്രീക്കിന് അഭിമുഖമായാണ് ‘ദി ടവര്‍’ ഉയരുന്നത്. 
സ്പാനിഷ്- സ്വിസ് ആര്‍ക്കിടെക്റ്റായ സാന്‍റിയാഗോ കലാവട്ര രൂപകല്‍പന ചെയ്ത ടവര്‍ വാസ്തുകലയിലെ മറ്റൊരു അദ്ഭുതമായി മാറും. വിടരാനൊരുങ്ങുന്ന ലില്ലി പുഷ്പത്തിന്‍െറ മാതൃകയിലാണ് കെട്ടിടം. ദുബൈ നഗരത്തിന്‍െറ 360 ഡിഗ്രി കാഴ്ച സാധ്യമാകുന്ന നിരീക്ഷണ തട്ടും തൂങ്ങിക്കിടക്കുന്ന പൂന്തോട്ടവും ബോട്ടിക് ഹോട്ടലും വിസ്മയങ്ങളാകും. 6.79 ദശലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള താമസ കേന്ദ്രവും 11.16 ചതുരശ്രമീറ്റര്‍ റീട്ടെയില്‍ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 851,000 ചതുരശ്രമീറ്റര്‍ സ്ഥലം വാണിജ്യ ആവശ്യത്തിനായി മാറ്റിവെച്ചിട്ടുണ്ട്. 22 ഹോട്ടലുകളിലായി 4400 മുറികളുണ്ടാവും. ടവറിനോടനുബന്ധിച്ച ഷോപ്പിങ് മാള്‍ ദുബൈ മാളിനെക്കാള്‍ വലുതാകും. 
ആധുനിക സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒരു കിലോമീറ്റര്‍ ഉയരമുള്ള കിങ്ഡം ടവറിന്‍െറ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ദുബൈയില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കിങ്ഡം ടവറിനെക്കാള്‍ ഉയരമുണ്ടാകില്ല ‘ദി ടവറി’നെന്നാണ് മുഹമ്മദ് അലബ്ബാറിന്‍െറ പ്രഖ്യാപനത്തോടെ വ്യക്തമായിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.