മുഹമ്മദലി എത്തിയത് നാലു വട്ടം; ഓര്‍മകളില്‍ യു.എ.ഇ

അബൂദബി: ശനിയാഴ്ച വിടപറഞ്ഞ ബോക്സിങ് ഇതിഹാസം മുഹമ്മദലി ക്ളേ യു.എ.ഇയില്‍ എത്തിയത് നാലു വട്ടം. കരിയറിന്‍െറ തിളക്കത്തില്‍ നില്‍ക്കുമ്പോഴും വിരമിച്ച ശേഷവും എത്തിയ മുഹമ്മദലി യു.എ.ഇക്ക് സമ്മാനിച്ചത് എന്നും ഓര്‍മിക്കാവുന്ന അനുഭവങ്ങള്‍. ഒരു വട്ടം കൂടി മുഹമ്മദലി ക്ളേയെ രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഇടിക്കൂട്ടില്‍ എതിരാളികളുടെ പേടിസ്വപ്നം വിടപറഞ്ഞത്.
പഴയകാല മാധ്യമപ്രവര്‍ത്തകരുടെയും കായിക പ്രേമികളുടെയും ഓര്‍മയില്‍ ഈ ഒളിമ്പിക്- ലോക ചാമ്പ്യന്‍െറ സന്ദര്‍ശനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇടിക്കൂടും തമാശയും മായാജാലവും നിറഞ്ഞതായിരുന്നു മുഹമ്മദലിയുടെ യു.എ.ഇ സന്ദര്‍ശനങ്ങള്‍. ഇതോടൊപ്പം ലോകോത്തര താരത്തിന്‍െറ പ്രദര്‍ശന മത്സരം കാണാന്‍ ആളില്ലാത്തതിനാല്‍ റദ്ദാക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്.
 യു.എ.ഇ രൂപവത്കരിക്കപ്പെടുന്നതിന് മുമ്പ് മുഹമ്മദലി ക്ളേ അബൂദബിയില്‍ എത്തിയിരുന്നു.1969ല്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് മക്കയിലേക്ക് പോകുന്നതിനിടെയാണ് മുഹമ്മദലി ക്ളേ അബൂദബിയിലത്തെിയത്. കാര്‍ഷിക എന്‍ജിനീയര്‍ ആയ അബ്ദുല്ല കദ്ദാസ് അല്‍ റുമൈതിയായിരുന്നു ആതിഥേയന്‍. സാദിയാത്ത് ഐലന്‍റിലെ റുമൈതിയുടെ പച്ചക്കറി ഫാം സന്ദര്‍ശിച്ച അലിക്ക് ചുറ്റും ജനങ്ങള്‍ കൂടി നില്‍ക്കുന്ന ഫോട്ടോയുമുണ്ട്. തന്‍െറ പേര് അറബിയില്‍ എഴുതുന്നത് എങ്ങനെയാണെന്ന് മുഹമ്മദലിക്ക് അല്‍ റുമൈതി കാണിച്ചുകൊടുക്കുന്നുമുണ്ട്. മരുഭൂമിക്ക് നടുവില്‍ പച്ചക്കറികള്‍ വളരുന്നത് എങ്ങനെയാണെന്ന് കാണുന്നതിന് അലി വളരെയധികം താല്‍പര്യം പ്രകടിപ്പിച്ചാണ് ഫാമിലേക്ക് എത്തിയതെന്ന് അല്‍ റുമൈതിയുടെ മകന്‍ അലി കദ്ദാസ് ഓര്‍മിക്കുന്നു. ജനസംഖ്യ വളരെ കുറവായിരുന്നുവെങ്കിലും ബോക്സിങ് ചാമ്പ്യന്‍െറ വരവറിഞ്ഞ് അമേരിക്കന്‍ പ്രവാസികള്‍ അടക്കം നിരവധി പേര്‍ തടിച്ചുകൂടിയതായും അദ്ദേഹം പറയുന്നു. ചുരുങ്ങിയ സമയം മാത്രമാണ് അലി ചെലവഴിച്ചത്.  ഒമ്പത് വര്‍ഷം കഴിഞ്ഞായിരുന്നു വീണ്ടും യു.എ.ഇയലത്തെിയത്.

ദുബൈയില്‍ 1982 ഡിസംബറില്‍ നടന്ന മുഹമ്മദലി ക്ളേയുടെ പ്രദര്‍ശന മത്സരത്തിന്‍െറ പോസ്റ്റര്‍
 

1978ല്‍ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്, ഡബ്ള്യു.ബി.എ, റിങ് ഹെവിവെയ്റ്റ് എന്നിവയില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്കകം ബംഗ്ളാദേശിലേക്കുള്ള യാത്രക്കിടെ കുറച്ചുസമയം ദുബൈ വിമാനത്താവളത്തില്‍ ചെലവഴിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയില്ളെങ്കിലും നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു ചുരുങ്ങിയ സമയത്തെ സന്ദര്‍ശനം. യു.എ.ഇയില്‍ പ്രവര്‍ത്തിച്ചിരുന്ന സുഡാനീസ് മാധ്യമ പ്രവര്‍ത്തകനായ സഈദ് അലി വിമാനത്താവളത്തില്‍ കടന്ന് അലിയുമായി കൂടിക്കാഴ്ച നടത്തി. ഫോട്ടോ എടുക്കുന്നതിന് അനുവാദം ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ ജോ ഫ്രേസിയറെ പോലെയുണ്ടെന്നും തോല്‍പിക്കാന്‍ പോകുകയുമാണെന്നായിരുന്നു അലിയുടെ മറുപടിയെന്ന്  സഈദ് ഓര്‍ക്കുന്നു. നാല് വര്‍ഷത്തിന് ശേഷം എട്ട് ദിനം നീണ്ട സന്ദര്‍ശത്തിന് അലി  യു.എ.ഇയിലത്തെി. ഇത്തവണ അബൂദബിയിലും ദുബൈയിലും പ്രദര്‍ശന ബോക്സിങ് മത്സരങ്ങളില്‍ ഗ്ളൗസണിയുകയും ചെയ്തു. അമേരിക്കയില്‍ പള്ളികള്‍ നിര്‍മിക്കാനുള്ള ഫണ്ട് സമാഹരണമായിരുന്നു ലക്ഷ്യം. അബൂദബിയിലും ദുബൈയിലും ജിമ്മി എല്ലിസ്, റീനെര്‍ ഹാര്‍ട്ട്മാന്‍ എന്നിവരുമായി ഏറ്റുമുട്ടുകയും ചെയ്തു. അമേരിക്കയില്‍ പള്ളികള്‍ നിര്‍മിക്കാന്‍ 25 ലക്ഷം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് അലി പറഞ്ഞിരുന്നു. 1982 ഡിസംബര്‍ ഒന്നിന് അബൂദബി ശൈഖ് സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് ആദ്യ പ്രദര്‍ശന മത്സരം നടന്നത്.
ഡിസംബര്‍ മൂന്നിന് ദുബൈ അല്‍ നാസറിലെ മക്തൂം സ്റ്റേഡിയത്തിലായിരുന്നു രണ്ടാമത്തെ മത്സരം. ഹാര്‍ട്ട്മാന്‍, എല്ലിസ് എന്നിവരുമായി മൂന്ന് റൗണ്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടി. മൂന്നാമത്തെയും അവസാനത്തെയും മത്സരം രണ്ട് ദിവസം കഴിഞ്ഞ് മക്തൂം സ്റ്റേഡിയത്തില്‍ തന്നെയാണ് നിശ്ചയിച്ചിരുന്നത്.  കൂടുതല്‍ കാണികള്‍ എത്തുമെന്ന് അലി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മോശം പ്രതികരണത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. നാല് വര്‍ഷത്തിന് ശേഷം  അലി വീണ്ടും എത്തി. മാധ്യമങ്ങളുമായി കൂടിക്കാഴ്ചക്ക് എത്തിയ അലി മായാജാലം കാണിച്ചാണ് മാധ്യമപ്രവര്‍ത്തകരെ കൈയിലെടുത്തത്.
പിന്നീട് നീണ്ട രണ്ട് പതിറ്റാണ്ടില്‍ രോഗവും മറ്റും മൂലം യു.എ.ഇയിലേക്ക് എത്തിയില്ല. ഈ വര്‍ഷം അവസാനം അലിയെ ദുബൈയിലേക്ക് എത്തിക്കാന്‍ അമേരിക്ക കേന്ദ്രീകരിച്ചുള്ള ബോക്സിങ് പ്രൊമോട്ടര്‍ അക്ബര്‍ മുഹമ്മദ് ശ്രമിച്ചിരുന്നു. എന്നാല്‍, തന്നെ ഇഷ്ടപ്പെട്ട രാജ്യത്തേക്ക് ഒരിക്കല്‍ കൂടെ എത്തും മുമ്പ് രോഗം മുഹമ്മദലിയെന്ന പോരാളിയെ തട്ടിയെടുക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.