അബൂദബി: സ്ത്രീകളുടെ പദവികളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്ന് എഴുത്തുകാരി കെ.ആര്‍. മീര. സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായി ലഭ്യമാക്കുന്നതിന് പുതുതലമുറയും മധ്യവയസ്സ് പിന്നിട്ടിവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം. സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴും അവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. വനിതകള്‍ക്കും കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ കൂടുന്നത് സ്ത്രീകളുടെ അവകാശങ്ങളെയും പദവികളെയും കുറിച്ച തെറ്റായ ധാരണ പുലര്‍ത്തുന്ന പുരുഷന്‍മാര്‍ വര്‍ധിച്ചുവരുന്നതിന്‍െറ തെളിവാണെന്നും അവര്‍ പറഞ്ഞു. അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും അവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. കാലം ഒരുപാട് മാറിയത് തിരിച്ചറിയാത്ത മനുസ്മൃതിയുടെ വക്താക്കള്‍ പഴയ സ്മൃതികള്‍ വീണ്ടും ആളിക്കത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ നാട്ടിന്‍പുറത്തിന്‍െറ നന്‍മ നിറഞ്ഞ സങ്കല്‍പങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവരായതിനാലാണ് പ്രവാസ എഴുത്തുകാര്‍ നാട്ടിലെ ജീവിതത്തെ കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നതെന്നും മീര പറഞ്ഞു.
17 സംസ്ഥാനങ്ങള്‍ മാത്രം ഉണ്ടായിരുന്ന 1965ലെ സെന്‍സസില്‍ ഏഴ് സംസ്ഥാനങ്ങള്‍ സ്ത്രീ ഭൂരിപക്ഷമുള്ളതായിരുന്നുവെങ്കില്‍ 29 സംസ്ഥാനങ്ങളുള്ള ഇപ്പോള്‍ സ്ത്രീകള്‍ കൂടുതലുള്ള ഏക സംസ്ഥാനം കേരളം മാത്രമാണെന്ന് നാടക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങള്‍ ഭ്രൂണഹത്യ നടത്തിയും അല്ലാതെയും പെണ്‍കുഞ്ഞിന്‍െറ ആദ്യ കരച്ചില്‍ കേള്‍പ്പിക്കാതെ പോയപ്പോള്‍ സ്ത്രീകള്‍ക്ക് കേരളീയ സമൂഹം നല്‍കിയ മാന്യമായി പരിഗണന കൊണ്ടാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വനിതാ വിഭാഗം കണ്‍വീനര്‍ മിനി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.സി പ്രസിഡന്‍റ് പി. പത്മനാഭന്‍, അബൂദബി കമ്മ്യൂണിറ്റി പൊലീസ് പ്രതിനിധികളായ ആയിഷ അലി സാല അല്‍ ഷൈഹി, ആസിയ ഖാദം അഹമ്മദ് അല്‍ദഹൂരി, വിവിധ സംഘടനാ പ്രതിനിധികളായ ചേതന പ്രഭു, അപര്‍ണ്ണ സന്തോഷ്, പ്രിയ ബാലു, സല്‍മ സുരേഷ്, സന്ധ്യാ ഷാജു എന്നിവരും സംസാരിച്ചു.
കെ.ആര്‍. മീര ഒപ്പിട്ട പുസ്തകങ്ങള്‍ സഫറുല്ല പാലപ്പെട്ടിക്ക് നല്‍കി എഴൂത്തുകാരി വിതരണം ചെയ്തു. വനിതാവിഭാഗം ജോയിന്‍റ് കണ്‍വീനര്‍ ബിന്ദു ഷോബി സ്വാഗതവും പ്രിയ ശശീധരന്‍ നന്ദിയും പറഞ്ഞു. ഗിരീഷ് ഗ്രാമിക രചിച്ച് ജയേഷ് നിലമ്പൂര്‍ സംവിധാനം ചെയ്ത ‘വിഐപി കോളനി’ എന്ന വനിതകള്‍ അവതരിപ്പിച്ച ലഘു നാടകവും, സംഘഗാനവും, അര്‍ധ ശാസ്ത്രീയ നൃത്തവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.