സാഹിത്യ ശില്‍പശാലക്ക് തിരിതെളിഞ്ഞു

ദുബൈ: യു.എ.ഇ.യുടെ വായന വര്‍ഷാചരണത്തിന് അഭിവാദ്യമര്‍പ്പിച്ച്് കേരള സാഹിത്യ അക്കാദമി ദുബൈയിലെ സാമൂഹികസംഘടനയായ സാന്ത്വനത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ടം സാഹിത്യ ശില്‍പശാലക്ക്   തുടക്കമായി.
ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വ്യാഴാഴ്ച രാത്രി നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്.മാധവനാണ് മൂന്നു ദിവസത്തെ അക്ഷരോത്സവത്തിന് തിരി തെളിയിച്ചത്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫില്‍ ഇത്തരമൊരു ശില്‍പശാല നടത്താന്‍ അക്കാദമി ഏറെക്കാലമായി ആഗ്രഹിക്കുന്നതാണെന്നും പ്രവാസി സമൂഹത്തിന്‍െറ സഹായത്തോടെ ഇപ്പോള്‍ യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എഴുത്തുകാരനും നടനുമായ മധുപാല്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, കവയിത്രി ആര്‍. ലോപ, അഡ്വ.നജിത്ത് എന്നിവര്‍ ആശംസ നേര്‍ന്നു. 
മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ ആമുഖ പ്രഭാഷണം നടത്തി. കെ.കെ.മൊയ്തീന്‍ കോയ നന്ദി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മുതല്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകളും സംവാദങ്ങളും നടത്തും. രാവിലെ 9.30ന് സാഹിത്യത്തിന്‍െറ ദൃശ്യഭാഷ എന്ന വിഷയത്തില്‍ മധുപാല്‍ സംസാരിക്കും. തുടര്‍ന്ന് ചോദ്യോത്തരത്തിനും സമയമുണ്ടാകും. 
ഉച്ചക്ക് രണ്ടിന് ‘കുടിയേറ്റവും അതിജീവനവും – എഴുത്തിലും കലയിലും’ എന്ന വിഷയത്തില്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്.മാധവനും ‘എവിടെയാണ് കവിത’ എന്ന വിഷയത്തില്‍ കവി കുരീപ്പുഴ ശ്രീകുമാറും ക്ളാസെടുക്കും. എല്ലാ പരിപാടികളും സംവാദ രൂപത്തിലായിരിക്കുമെന്നും സദസ്സിന് സംശയനിവാരണത്തിന് അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. 
യു.എ.ഇ എക്സ്ചേഞ്ചിന്‍െറയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്‍െറയും സഹകരണത്തോടെ നടക്കുന്ന  ശില്‍പശാല ശനിയാഴ്ച അവസാനിക്കും.

ശില്‍പശാലയില്‍ ഇന്ന്
9.00 : രജിസ്ട്രേഷന്‍
9.30 : ക്ളാസ്:  മധുപാല്‍   (വിഷയം  സാഹിത്യത്തിന്‍െറ ദൃശ്യഭാഷ)
11.40 : ചോദ്യോത്തരവേള  (മോഡറേറ്റര്‍: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം / ഇ.എം.അഷ്റഫ്)
12.00:  ഇടവേള
2.00 :  ക്ളാസ്:  എന്‍.എസ് മാധവന്‍  (വിഷയം:കുടിയേറ്റവും അതിജീവനവും – എഴുത്തിലും കലയിലും)
3.15 : ചോദ്യോത്തരവേള (മോഡറേറ്റര്‍: സോണിയ റഫീക്ക് )
3.30 :  ക്ളാസ്: കുരീപ്പുഴ ശ്രീകുമാര്‍ (വിഷയം: എവിടെയാണ് കവിത?)
4.45 : ചോദ്യോത്തരവേള  (മോഡറേറ്റര്‍: രാജേഷ് ചിത്തിര )
5.00 : സാഹിത്യരചനാമത്സരം.
6.00 : രണ്ടാംദിനം സമാപനം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.