മേഘങ്ങള്‍ക്കിടയില്‍ മഴവില്ല് തീര്‍ത്ത കെനിയന്‍ ജീവിതകഥയുമായി രാധിക ലീ

ദുബൈ: മൂന്നു പതിറ്റാണ്ട് മുമ്പ് കൊച്ചിയില്‍ നിന്ന് രാധിക കെനിയയിലേക്ക് വിമാനം കയറിയത് ജീവിതപോരാട്ടത്തിന്‍െറ ഭാഗമായായിരുന്നു. പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയിലാണ് കെനിയയില്‍ നിന്ന് ഓഫര്‍  ലഭിച്ചത്. ആശങ്കയോടും ഭയത്തോടെയുമാണ് യാത്ര പുറപ്പെട്ടത്. ഇപ്പോള്‍ 32 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സംഭവബഹുലവും തീക്ഷണവുമായ  ആഫ്രിക്കന്‍ അനുഭവങ്ങളിലുടെ ജീവിതം കരക്കടുപ്പിച്ചതിന്‍െറ നിര്‍വൃതിയിലാണ് ഈ അധ്യാപിക. കെനിയയെക്കുറിച്ചും അവിടത്തെ നല്ല മനുഷ്യരെക്കുറിച്ചും പറയാന്‍ ആയിരം നാവാണ് അവര്‍ക്ക്. താളം തെറ്റിയ കുടുംബജീവിതവും ഏക മകനെ ഏറെനാള്‍ തളര്‍ത്തിക്കിടത്തിയ രോഗവും ഉള്‍പ്പെടെയുള്ള ജീവിത പ്രതിസന്ധികളെ ധീരമായി തനിച്ച് നേരിട്ട രാധിക ലീ കെനിയയിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നിന്‍െറ ഉടമയാണിന്ന്. ആ ജീവിതം പറയുന്ന ‘റെയിന്‍ബോസ് ഇന്‍ മൈ ക്ളൗഡ്സ’് എന്ന ആത്മകഥയുടെ പ്രകാശനത്തിനായാണ് അവര്‍  ദുബൈയില്‍ എത്തിയത്.
മനുഷ്യരെല്ലാം ഒരുപോലെയാണെന്നാണ് ആഫ്രിക്കന്‍ ജീവിതം നല്‍കുന്ന പ്രധാന പാഠമെന്ന് അവര്‍ പറയുന്നു. നിറം കറുപ്പായതുകൊണ്ട് കാപ്പിരികള്‍ എന്നു നമ്മള്‍ വിളിക്കുമെങ്കിലൂം വളരെ സ്നേഹമുള്ള മനുഷ്യരാണ് കെനിയക്കാര്‍. എല്ലാവരെയൂം ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സുകാട്ടുന്നവര്‍. മാധ്യമങ്ങളില്‍ കാണുന്നതുപോലെ അക്രമകാരികളല്ല ശാന്ത സ്വഭാവക്കാരാണ് കെനിയക്കാര്‍.വിദ്യഭ്യാസത്തില്‍ വളരെ മുന്നിലാണവര്‍. ദൈവത്തെയല്ലാതെ  ആരെയും ഭയക്കേണ്ടതില്ളെന്ന വിശ്വാസമാണ് തന്നെ ഇവിടെയത്തെിച്ചത്. മറ്റൊരു മനുഷ്യജീവിയേയും ഭയക്കേണ്ട കാര്യമില്ല. അത് ആരായാലും. പേടിച്ചിരുന്നെങ്കില്‍  ഇവിടെ എത്തുമായിരുന്നില്ല.
ചെറായിയിലാണ് അച്ഛന്‍െറ വീട്. അമ്മ ആലപ്പുഴക്കാരിയായിരുന്നു. ജനിച്ചതും വളര്‍ന്നതുമെല്ലാം കൊച്ചിയിലാണ്. സെന്‍റ് തെരേസാസ് കോളജിലാണ് ബിരുദം വരെ പഠിച്ചത്. ബിരുദാനന്തര ബിരുദം മഹാരാജാസിലായിരുന്നു. ബംബൂരിലെ വില്ളേജ് സ്കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ചാണ് കെനിയയിലേക്ക് പോകുന്നത്. പിന്നീട് പല സ്കൂളുകളില്‍ പ്രധാനാധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും സ്വന്തം വിദ്യാലയമെന്ന ആഗ്രഹം 2008ല്‍ സഫലമാക്കി. അതാണ് തലസ്ഥാന നഗരമായ നൈറോബിയിലെ ‘നൈറോബി ഇന്‍റര്‍നാഷണല്‍ സ്കൂള്‍.
 രാജ്യത്തിന്‍െറ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ മക്കളെ പഠിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതായി 55കാരിയായ ഈ അധ്യാപിക അഭിമാനത്തോടെ പറയുന്നു. അതുകൊണ്ടു തന്നെ രാഷ്ട്ര നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നു. പഠിപ്പിച്ച കുട്ടികളില്‍ പലരും  ഇന്ന് കെനിയയിലും പുറത്തുമായി മികച്ച നിലയിലുണ്ട്. ഈ വര്‍ഷം ഒരു കുട്ടി ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ മുഴുവന്‍ സ്കോളര്‍ഷിപ്പോടെ ഉപരി പഠനത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 72 അധ്യാപകരുള്‍പ്പെടെ 135 ജീവനക്കാരുള്ള സ്കൂളില്‍ 14 മലയാളി അധ്യാപകരുണ്ട്്. കെനിയക്കാരും യുറോപ്പുകാരുമാണ് മറ്റുള്ളവര്‍.  രണ്ടു വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള 600 ഓളം വിദ്യാര്‍ഥികളാണ് ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന ഈ സ്കൂളിലുള്ളത്.  നല്ല കാലാവസ്ഥയാണ് കെനിയയുടെ മറ്റൊരു സവിശേഷത. 365 ദിവസവും സുന്ദരമായ കാലാവസ്ഥ. 21 ഡിഗ്രിയാണ് ശരാശരി താപനില. 
നാട്ടില്‍ ഇടക്കിടെ പോകാറുണ്ടെങ്കിലും അവിടെ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശമില്ല. മാതാപിതാക്കളും ഏക ജ്യേഷ്ഠനും മരിച്ചു. മറ്റു ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനാണ് ഇടക്ക് പോകുന്നത്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കെനിയ തന്നെയാണ് ഏറെ ഇഷ്ടം. അവിടത്തെ പൗരത്വം സ്വീകരിച്ചതായും കെനിയക്കാര്‍ സ്നേഹപൂര്‍വം മിസിസ് ലീ എന്നു വിളിക്കുന്ന രാധിക ലീ പറഞ്ഞു. ലീ എന്നത് ഭര്‍ത്താവ് മുരളീധരന്‍െറ പേരിന്‍െറ ഭാഗമാണ്. പേര് മുഴുവന്‍ പറയാനുള്ള ബുദ്ധിമുട്ടോര്‍ത്ത് അവര്‍ ളീ എന്നതിന്‍െറ മാത്രം അക്ഷരങ്ങള്‍ രാധികക്കൊപ്പം ചേര്‍ക്കുകയായിരുന്നു. പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും ലീ തുടരുന്നു. ഏക മകന്‍ അശ്വിനാണ് രാധികയുടെ എല്ലാമെല്ലാം. അവന്‍  സാംസങ്ങില്‍ ഉദ്യോഗസ്ഥനാണ്. 300 ലേറെ പേജുള്ള ആത്മകഥ അശ്വിനാണ് എഴുത്തുകാരി സമര്‍പ്പിക്കുന്നത്. ഈശ്വര വിശ്വാസവും മകനുമാണ് തന്നെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തിയതെന്നാണ് മൂന്നു പതിറ്റാണ്ടിന്‍െറ പ്രവാസത്തിനിടയിലും ശുദ്ധമലയാളത്തില്‍ സംസാരിക്കുന്ന രാധിക പറയുന്നത്. 
ആത്മകഥ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് യാദൃശ്ചികമായായിരുന്നു. കെനിയയിലെ തന്‍െറ നല്ലതും ചീത്തയുമായ അനുഭവങ്ങളെല്ലാം ഡയറിയില്‍ എഴുതുമായിരുന്നു. രണ്ടു മൂന്നു വര്‍ഷം മുമ്പ് പത്രപ്രവര്‍ത്തകനായ സുഹൃത്തിന്‍െറ പ്രേരണയാണ് പുസ്തകത്തിലേക്ക് നയിച്ചത്. സി.എന്‍.എന്‍ ചാനലിന്‍െറ ആഫ്രിക്കന്‍ ബ്യൂറോ ചീഫ് ആയ ജെഫിന്‍െറ ആത്മകഥാ പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോള്‍ താനും ഇങ്ങനെ എഴുതാറുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം എഴുതിയതിന്‍െറ കുറച്ചുഭാഗം  അയച്ചുകൊടുത്തു. നിര്‍ബന്ധമായും ഇത്  പ്രസിദ്ധീകരിക്കണമെന്നായിരുന്നു ജെഫിന്‍െറ നിര്‍ദേശം.
കഴിഞ്ഞ നവംബറില്‍  പ്രകാശനം ചെയ്തത പുസ്തകം കെനിയക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നൈറോബി സര്‍വകലാശാല  സാഹിത്യ ബിരുദാനന്തര കോഴ്സില്‍ പാഠപുസ്തകമായി തന്‍െറ ആത്മകഥ ഉള്‍പ്പെടുത്തിയതായി ഏറെ ആഹ്ളാദത്തോടെ രാധിക ലീ പറയുന്നു. ഡിസംബറില്‍ ഇന്ത്യയിലും  പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ മലയാളികള്‍ ഏറെയുള്ള ദുബൈയില്‍ പുസ്തകവുമായി എത്തിയിരിക്കുകയാണവര്‍. വെള്ളിയാഴ്ച ഇന്ത്യ ക്ളബ്ബിലാണ് പ്രകാശന ചടങ്ങ്. ദുബൈയിലെ കെനിയന്‍ കോണ്‍സുലേറ്റാണ് ചടങ്ങിന് മുന്‍കൈയെടുക്കുന്നത്. പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം അര്‍ബുദ രോഗികള്‍ക്കുള്ള ചികിത്സാ ഫണ്ടിലേക്കാണ് നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.
500 ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന മലയാളി അസോസിയേഷന്‍ നൈറോബിയിലുണ്ട്. അതിന്‍െറ പ്രധാന അണിയറ പ്രവര്‍ത്തകയാണ് രാധിക. 800 ഓളം മലയാളി കുടുംബങ്ങള്‍ കെനിയയിലാകെയുണ്ട്. മലയാളികള്‍ തമ്മില്‍ നല്ല സൗഹൃദവും ബന്ധവുമാണ്. വടക്കേ ഇന്ത്യക്കാര്‍ ആയിരക്കണക്കിന് വരും. ആത്മകഥ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ താല്പര്യമുണ്ട്. തന്‍െറ പ്രിയപ്പെട്ട എഴുത്തുകാരന്‍ കൂടിയായ എം.മുകുന്ദന്‍ തന്നെ പരിഭാഷ നടത്താമെന്ന് പറഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. നാട്ടില്‍ പുസ്തകം പ്രകാശനം ചെയ്തത് മുകുന്ദനായിരുന്നു. പുസ്തകം വായിച്ചുവന്ന അദ്ദേഹം തന്നെയാണ് ഇത് മലയാളത്തില്‍ ഇറക്കണമെന്ന് പറഞ്ഞത്. ജുലൈയില്‍ നാട്ടില്‍ പോകുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിക്കും- രാധിക ലീ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.