അക്ഷരോത്സവത്തിന്  ഇന്ന് തുടക്കം

ദുബൈ: യു.എ.ഇ.യുടെ വായന വര്‍ഷാചരണത്തിന് അഭിവാദ്യമര്‍പ്പിച്ച്് കേരള സാഹിത്യ അക്കാദമി ദുബൈയിലെ സാമൂഹികസംഘടനയായ സാന്ത്വനത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ടം സാഹിത്യശില്പശാലക്ക്  വ്യാഴാഴ്ച തുടക്കം.  ദുബൈ ഖിസൈസ്് ഗള്‍ഫ് മോഡല്‍ സ്കൂളില്‍  രാത്രി എട്ടിന്് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം ശില്പശാല ഉദ്ഘാടനം ചെയ്യും. 
മൂന്നു ദിവസത്തെ അക്ഷരോത്സവത്തില്‍ സാഹിത്യഅക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍െറ നേതൃത്വത്തില്‍  പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍, മധുപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, കവയിത്രി ആര്‍. ലോപ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകളും സംവാദങ്ങളും നടത്തും. ഡോ.ശിഹാബ് ഗാനിം ഉള്‍പ്പെടെ അറബ് സാഹിത്യപ്രമുഖരും ശില്പശാലയുടെ ഭാഗമാകും.
ഇന്ന് ഉദ്ഘാടന സമ്മേളനത്തെതുടര്‍ന്ന് ‘പ്രവാസം മലയാള സാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ സംവാദം നടക്കും. പെരുമ്പടവം ശ്രീധരന്‍ വിഷയം അവതരിപ്പിക്കും. 
വെള്ളിയാഴ്ച രാവിലെ 9.30മുതല്‍ വൈകിട്ട് ആറുവരെ വിവിധ ക്ളാസുകളും സംവാദങ്ങളും നടക്കും. കുട്ടികള്‍ക്കുള്ള സാഹിത്യ പരിശീലനക്കളരിയും മാധ്യമ ശില്പശാലയുമാണ് ശനിയാഴ്ചയിലെ പ്രധാനപരിപാടികള്‍.
പ്രവാസലോകത്തെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മുഖ്യധാരയിലേക്ക് എത്താന്‍ കഴിയാത്ത എഴുത്തുകാര്‍, തൊഴിലാളികള്‍ക്കിടയിലെ സര്‍ഗവാസനയുള്ളവര്‍ ഉള്‍പ്പെടെയുള്ള സാഹിത്യകുതുകികള്‍ക്ക് കേരളസാഹിത്യ അക്കാദമിയടക്കം മുഖ്യധാരാപ്രസ്ഥാനങ്ങളുമായി ബന്ധം സുദൃഢമാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.
ശില്പശാലയില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥ, കവിത, ലേഖനം തുടങ്ങി വിഭാഗങ്ങളില്‍ മത്സരങ്ങളും വിജയികള്‍ക്ക് അക്കാദമി പുരസ്ക്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.  യു.എ.ഇ എക്സ്ചേഞ്ചിന്‍െറയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്‍െറയും സഹകരണത്തോടെയാണ് ശില്പശാല നടത്തുന്നത്. ഷാര്‍ജ ബുക്ക് ഫെയര്‍ എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാറിനെ പുസ്തകങ്ങളുടെ പ്രചാരണത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് സമാപനസമ്മേളനത്തില്‍ ആദരിക്കും. വായനാവര്‍ഷത്തോടനുബന്ധിച്ച് ലേബര്‍ ക്യാമ്പുകളില്‍ വായനാശാലകള്‍ തുടങ്ങുന്ന സാന്ത്വനംപദ്ധതിയില്‍ ആദ്യപുസ്തക വിതരണം തദവസരത്തില്‍ സി.ഡി.എ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് sahtiyasilpasaala@gmail.com എന്ന ഇ മെയില്‍ ഐഡിയിലോ 050 879 0590 , 052 799 9850 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.