ഷൂട്ടിങ്ങിലും ജുഡോയിലും രാജ്യത്തിന് ഒളിമ്പിക് മെഡല്‍ പ്രതീക്ഷ 

അബൂദബി: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ നടക്കുന്ന ഒളിമ്പിക്സില്‍ യൂ.എ.ഇക്ക് ഷൂട്ടിങ്ങിലും ജുഡോയിലും വലിയ മെഡല്‍ പ്രതീക്ഷയാണുള്ളതെന്ന് ദേശീയ ഒളിമ്പിക് കമ്മിറ്റി. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന താരങ്ങളെ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റിയുടെ അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറി ദാവൂദ് ആല്‍ ഹജ്രിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍െറ ഏറ്റവും വലിയ ഒളിമ്പിക് സംഘമാണ് ഈ വര്‍ഷത്തേതെന്നും അദ്ദേഹം പറഞ്ഞു.
 ആറ് വ്യത്യസ്ത ഇനങ്ങളിലായി 13 കായിക താരങ്ങളാണ് റിയോയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക. ഒഫീഷ്യലുകളടക്കം 32 പേരായിരിക്കും സംഘത്തിലുണ്ടാവുക.
മൂന്ന് ഷൂട്ടിങ് താരങ്ങള്‍, മൂന്ന് ജുഡോ താരങ്ങള്‍, രണ്ട് ദീര്‍ഘദൂര ഓട്ടക്കാര്‍, ഒരു സൈക്ളിസ്റ്റ്, ഒരു ഭാരോദ്വഹക, ഒരു മധ്യദൂര ഓട്ടക്കാരന്‍, രണ്ട് നീന്തല്‍ താരങ്ങള്‍ എന്നിവരാണ് യു.എ.ഇക്ക് വേണ്ടി മത്സരിക്കുക. ഷൂട്ടിങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ അനന്തിരവനും മുന്‍ ദുബൈ ഭരണാധികാരി മക്തൂം ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ മകനുമായ ശൈഖ് സഈദ് ബിന്‍ മക്തൂം ബിന്‍ റാശിദ് ആല്‍ മക്തൂം, ഏഷ്യ സിംഗ്ള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ടോപ് റാങ്കുള്ള സൈഫ് ഖലീഫ ബിന്‍ ഫുതൈസ് ആല്‍ മന്‍സൂറി (ഇരുവരും സ്കീറ്റ്), അബൂദബി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫിസറായ ഖാലിദ് ആല്‍ കഅ്ബി (ഡബ്ള്‍ ട്രാപ്) എന്നിവരാണ് ഉന്നംപിടിക്കുക. ജുഡോയില്‍ 2014ലെ ലോക ജുഡോ ചാമ്പ്യന്‍ഷിപ് വെങ്കല മെഡല്‍ നേടിയ വിക്ടര്‍ സ്കോര്‍ട്ടവ്  (73 കിലോ), സെര്‍ജ്യു ടോമ (83 കിലോ), ഇവാന്‍ റെമാരിന്‍കോ (100 കിലോ) എന്നിവര്‍ രംഗത്തിറങ്ങും. ദീര്‍ഘദൂര ഓട്ടക്കാരായി ആലിയ സഈദ് മുഹമ്മദ് (10000 മീറ്റര്‍), ബെത്ലേം ഡിസാലിന്‍ (1500 മീറ്റര്‍) എന്നിവര്‍ ട്രാക്കില്‍ കുതിക്കും.
സൈക്ളിങ്ങില്‍ യൂസിഫ് മിര്‍സ ആല്‍ ഹമ്മാദിയും (270 കിലോമീറ്റര്‍ റോഡ് റേസ്), ഭാരോദ്വഹനത്തില്‍ അയിഷ ആല്‍ ബലൂഷിയും (58 കിലോഗ്രാം), മധ്യദൂര ഓട്ടത്തില്‍ സഊദ് ആല്‍ സആബിയും (1500 മീറ്റര്‍) പങ്കെടുക്കും. 
നീന്തലില്‍ യാഖൂബ് ആല്‍ സആദിയും നദ ആല്‍ ബെദ്വാവിയുമാണ് യു.എ.ഇ താരങ്ങള്‍. സഊദ് ആല്‍ സആബി, യാഖൂബ് ആല്‍ സആദി, നദ ആല്‍ ബെദ്വാവി എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലാണ് യോഗ്യത നേടിയത്. മറ്റുള്ളവര്‍ നേരിട്ട് യോഗ്യത നേടിയവരാണ്. 
2004ല്‍ ആതന്‍സില്‍ നടന്ന ഒളിമ്പിക്സില്‍ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ഹാഷിര്‍ ആല്‍ മക്തൂം ഷൂട്ടിങ്ങില്‍ നേടിയതാണ് യു.എ.ഇയുടെ ഏക ഒളിമ്പിക് മെഡല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.