?????? ?????????? ???????? ????? ????????? ????????? ????.??.? ????????? ?????? ?????? ???? ???????

ഏകീകൃത പൊതുഗതാഗത ആപ്പുമായി ആര്‍.ടി.എ

ദുബൈ: ദുബൈ നഗരത്തില്‍ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സേവനദാതാക്കളെ കൂടി ഉള്‍പ്പെടുത്തി റോഡ്്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഏകീകൃത യാത്രാ ആപ്ളിക്കേഷന്‍ പുറത്തിറക്കുന്നു.
യാത്രക്ക് ഉദ്ദേശിക്കുന്ന വാഹനം തെരഞ്ഞെടുക്കാനും പണം നല്‍കാനുമുള്ള ഏക ജാലക സംവിധാനമായിരിക്കുമിത്. പാംജുമൈറയിലെ മോണോറെയിലും ഡൗണ്‍ടൗണിലെ ദുബൈ ട്രോളിയും സ്വകാര്യ ടാക്സി സര്‍വീസുകളും പുതിയ ആപ്പിന് കീഴില്‍ വരും. എല്ലാ സര്‍വീസുകളുടെയും ബുക്കിങും പണമടക്കലും ആപ്പ് വഴിയാക്കും. ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി 2017 അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ അറിയിച്ചു.
നിലവില്‍ മെട്രോ, ട്രാം, ബസ്, ജലഗതാഗത സംവിധാനങ്ങള്‍ക്ക് പണം നല്‍കാന്‍ നോല്‍ കാര്‍ഡ് എന്ന ഏകീകൃത സംവിധാനമുണ്ട്. ടാക്സികളില്‍ പണം നല്‍കാനും നോല്‍ കാര്‍ഡ് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. പാംജുമൈറയിലെ മോണോറെയില്‍, ഡൗണ്‍ടൗണിലെ ദുബൈ ട്രോളി, സ്വകാര്യ ലിമൂസിന്‍ സര്‍വീസുകള്‍, ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളായ യുബര്‍, കരീം എന്നിവക്ക് സ്വന്തമായ ബുക്കിങ്, പണം ഈടാക്കല്‍ സംവിധാനങ്ങളാണ് നിലവിലുള്ളത്. ഇവയെ കൂടി ഉള്‍പ്പെടുത്തി ഏകീകൃത ബുക്കിങ്, പണം ഈടാക്കല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കാനാണ് ആര്‍.ടി.എയുടെ പദ്ധതി. ഇതിലൂടെ യാത്രക്കാര്‍ക്ക് എല്ലാ പൊതുഗതാഗത സര്‍വീസുകളിലും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും പണം നല്‍കാനും സാധിക്കും.
മൂന്നുഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ പദ്ധതിക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ലിമൂസിന്‍ സര്‍വീസുകളെ ദുബൈ ടാക്സി കോര്‍പറേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇവയെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. ബൈക്കുകള്‍, സൈക്കിളിങ് ട്രാക്കുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കും. ഇലക്ട്രോണിക് ടാക്സി സര്‍വീസുകളായ യുബര്‍, കരീം എന്നിവയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. രണ്ടാംഘട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്സി ബുക്കിങ് സര്‍വീസുകള്‍ ആപ്പ് വഴിയാക്കും.
മൂന്നാംഘട്ടത്തില്‍ എല്ലാ സര്‍വീസുകളെയും സംവിധാനവുമായി ബന്ധിപ്പിച്ച് നോല്‍ കാര്‍ഡ് വഴി പണമടക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. എല്ലാവര്‍ക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആര്‍.ടി.എ ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി വിഭാഗം ഡയറക്ടര്‍ ആദില്‍ ശാകിരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.