നിയമം തെറ്റിച്ച് വാഹനം നിര്‍ത്തല്‍; നിരവധി പേര്‍ക്ക് പിഴ

ഷാര്‍ജ: ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിട്ട നിരവധി പേര്‍ക്ക് അധികൃതര്‍ പിഴയിട്ടു. ഷാര്‍ജയിലെ എക്സ്പോ സെന്‍റര്‍ സ്ഥിതി ചെയ്യുന്ന അല്‍ താവുന്‍ ഭാഗത്താണ് നടപടി. ഇവിടെയുള്ള വിക്ടോറിയ ഇന്‍റര്‍നാഷണല്‍ സ്കൂളിന് സമീപത്താണ് തോന്നിയ പോലെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. വാതിലിന് മുന്നില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിരുന്നു. സൗജന്യമായി വാഹനങ്ങള്‍ നിര്‍ത്താന്‍ അനുമതിയുള്ള ഭാഗമാണിത്. താവൂന്‍ തടാകത്തിന് സമീപം വിശാലമായ മണലാരണ്യവുമുണ്ട്. എന്നാല്‍ ഇവിടെയൊന്നും വാഹനങ്ങള്‍ നിര്‍ത്താതെ യാത്രക്കാര്‍ക്കും താമസക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന തരത്തിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിരുന്നത്.
പതിവായി ഇത്തരം നിയമലംഘനങ്ങള്‍ തുടരുന്ന ഭാഗങ്ങള്‍ കേന്ദ്രികരിച്ച് വാടക പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നഗരസഭ പദ്ധതി തയാറാക്കിയിട്ടുണ്ട്. അല്‍ ജുബൈല്‍ പോലുള്ള ഭാഗത്ത് നഗരസഭയുടെ നേരിട്ടുള്ള പാര്‍ക്കിങ് സംവിധാനങ്ങള്‍ നിലവില്‍ വന്ന് കഴിഞ്ഞു. അനിശ്ചിതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും രണ്ട് വാഹനത്തിന്‍െറ സ്ഥലം ഒരു വാഹനം കൈയേറുന്നതും കണ്ടതിനെ തുടര്‍ന്നായിരുന്നു അധികൃതര്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനങ്ങള്‍ക്ക് വേഗത കൂട്ടിയത്. ഷാര്‍ജയിലെ പ്രധാനപ്പെട്ട മേഖലയായിട്ടും അല്‍ താവൂന്‍ ഭാഗത്ത് നിലവില്‍ എവിടെയും പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരം നിയമലംഘനങ്ങള്‍ തുടരുകയാണെങ്കില്‍ ഇവിടെയും വൈകാതെ അത് പ്രതീക്ഷിക്കാവുന്നതാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.