ദുബൈ: രജിസ്റ്റര്‍ ചെയ്യാത്ത ആരോഗ്യ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഉദ്ദേശിച്ച് നിയമ വിരുദ്ധമായി പരസ്യം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്കുള്ള നിര്‍ദേശം ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിച്ചു. ഇത്തരം പരസ്യങ്ങള്‍ക്ക് ഭീമമായ പിഴ ചുമത്തുകയും പരസ്യങ്ങള്‍ ഉടന്‍ പിന്‍വലിക്കുകയും വേണമെന്നാണ് ശിപാര്‍ശ. നിയമ വിരുദ്ധമായ പരസ്യങ്ങള്‍ നല്‍കി ആരോഗ്യ ഉത്പന്നങ്ങളുടെ വില്പന നടത്തുന്ന പ്രവണത ഇതിലൂടെ നിയന്ത്രിക്കാനാവുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഒൗദ്യോഗികമായി അനുവാദമില്ലാതെ നല്‍കുന്ന ഇത്തരം പരസ്യങ്ങള്‍ നേരിടാന്‍ മന്ത്രാലയം പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. മന്ത്രാലയ ഉദ്യോഗസ്ഥര്‍ പൊതു നിരത്തുകളും കച്ചവട കേന്ദ്രങ്ങളുമടക്കമുള്ള സ്ഥലങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കും. വെബ്സൈറ്റകളില്‍ വരുന്ന പരസ്യങ്ങളും നിരീക്ഷണത്തിന് വിധേയമാക്കും.
വിവിധ എമിരേറ്റുകളിലെ ഹെല്‍ത്ത് അതോറിറ്റികള്‍, പോലീസ് സേനകള്‍ അടക്കമുള്ള വിഭാഗങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ 1147 നിയമ ലംഘനങ്ങള്‍ മന്ത്രാലയം കണ്ടുപിടിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം പരസ്യങ്ങള്‍ക്ക് ഉപയോഗിച്ച 101 സൈറ്റുകള്‍ അടച്ചു പൂട്ടി.
സൗന്ദര്യം വര്‍ധന ശസ്ത്രക്രിയകള്‍, അമിത വണ്ണം കുറക്കല്‍, പ്രമേഹ രോഗത്തിനുള്ള മരുന്നുകള്‍ എന്നിവയാണ് കൂടുതലായി പ്രചരിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍.
മന്ത്രാലയത്തില്‍ രജിസ്ടര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ ഉത്പന്നങ്ങളുടെ നിര്‍മ്മാണ സ്രോതസ്സ് അജ്ഞാതമായിരിക്കും. വില്‍പ്പന പ്രതിനിധികളും ഓണ്‍ലൈന്‍ സൈറ്റുകള്‍ മുഖനയുമാണ് ഇവയുടെ വില്പന നടക്കുന്നത്.
മാരക രോഗങ്ങള്‍ മാറ്റുമെന്ന ഡോക്ടര്‍മാരുടെ പേരിലുള്ള പരസ്യങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ലൈംഗിക ബലഹീനത, സന്താനോല്പാദനമില്ലായ്മ, കരള്‍ രോഗങ്ങള്‍ എന്നിവക്ക് പരിഹാരമെന്ന് അവകാശപ്പെട്ട് വരുന്ന പരസ്യങ്ങളിലൂടെയും പൊതു ജനങ്ങളെ കബളിപ്പിക്കുന്നുണ്ട്.
വെബ്സൈറ്റ്കളില്‍ പ്രചരിപ്പിക്കുന്ന വ്യാജ പരസ്യങ്ങളില്‍ ഗര്‍ഭചിദ്രം, മയക്കുമരുന്ന്, ഇ സിഗരറ്റ് എന്നിവയുമുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സദാചാരവിരുദ്ധമായ പരസ്യങ്ങളും സുലഭമത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.