അല്‍ഐന്‍: ഹോട്ടല്‍ വില്‍പന നടത്തിയ പണം മുക്ത്യാറായ ഷാര്‍ജയിലെ മലയാളി അഭിഭാഷകന്‍ തട്ടിയെടുത്തതായി പരാതി. അല്‍ ഐന്‍ പൊലീസ് വകുപ്പില്‍ 23 വര്‍ഷമായി തയ്യല്‍ ജോലി ചെയ്യുന്ന തിരൂര്‍ വെട്ടം സ്വദേശി തെക്കേ പീടിയേക്കല്‍ മുസ്തഫയാണ് പരാതിക്കാരന്‍.
മുസ്തഫയുടെ അമ്മാവന്‍ വാക്കാട് സ്വദേശി നെല്ലാഞ്ചേരി സെയ്ദ് ഷാര്‍ജ നസ്റയില്‍ ‘സെയ്ദ് ഇബ്രാഹീം ഹോട്ടല്‍’ നടത്തിവരവേ 2013ല്‍ മരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഇടപാടുകള്‍ ശരിയാക്കാനും ഹോട്ടല്‍ വില്‍ക്കാനുമുള്ള മുക്ത്യാര്‍ സെയ്ദിന്‍െറ അനന്തരാവകാശികള്‍ മുസ്തഫക്ക് ഇന്ത്യന്‍ എംബസി വഴി നല്‍കി. ഹോട്ടല്‍ വില്‍പനക്കും കോടതിനടപടികള്‍ക്കും അല്‍ ഐനില്‍നിന്ന് തുടര്‍ച്ചയായി ഷാര്‍ജയില്‍ പോയിവരാനുള്ള പ്രയാസം സെയ്ദിന്‍െറ സ്പോണ്‍സറെ അറിയിച്ചപ്പോള്‍ ഷാര്‍ജയില്‍ വിശ്വാസമുള്ള ആരെയെങ്കിലും തുടര്‍നടപടികളുടെ ഉത്തരവാദിത്വം ഏല്‍പിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഷാര്‍ജയിലെ സാമൂഹിക പ്രവര്‍ത്തകന്‍െറ നിര്‍ദേശ പ്രകാരമാണ് മലയാളിയായ അഭിഭാഷകന് കോടതിനിയമ പ്രകാരം മുക്ത്യാര്‍ നല്‍കിയത്. ഇതിനിടെ സ്വദേശിയായ സ്പോണ്‍സര്‍ ഒന്നര ലക്ഷം ദിര്‍ഹത്തിന് ഹോട്ടല്‍ വില്‍ക്കുകയും ഹോട്ടലില്‍ തനിക്കുള്ള ഓഹരിയായ 75000 ദിര്‍ഹം എടുത്ത് ബാക്കി തുക തന്‍െറ പി.ആര്‍.ഒ ആയ പാകിസ്താന്‍ സ്വദേശി വഴി അഭിഭാഷകന് കോടതിയില്‍ വെച്ച് കൈമാറുകയും ചെയ്തതായി മുസ്തഫ പറയുന്നു.
പണം കിട്ടിയ വിവരം അറിയിക്കാതെ പല പ്രാവശ്യം മുസ്തഫയെ അഭിഭാഷകന്‍ ഷാര്‍ജയിലേക്ക് വിളിപ്പിക്കുകയും അറബിയിലുള്ള പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. പിന്നീട് മുസ്തഫയുടെ ഫോണ്‍വിളികള്‍ക്ക് ഇയാള്‍ മറുപടി നല്‍കാതായപ്പോള്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഹോട്ടല്‍ വില്‍പന നടത്തി പണം കൈമാറിയ വിവരമറിയുന്നത്. ഇതിന്‍െറ രേഖകളെല്ലാം സ്പോണ്‍സറുടെ പി.ആര്‍.ഒ തന്നെ കാണിച്ചതായും തനിക്ക് അഭിഭാഷകന്‍ 3000 ദിര്‍ഹം പാരിതോഷികം നല്‍കിയതായി പി.ആര്‍.ഒ പറഞ്ഞതായും മുസ്തഫ അറിയിച്ചു. ദിവസങ്ങളോളം ഫേണ്‍ ചെയ്ത് ഒരിക്കല്‍ നിയമോപദേശകനെ കിട്ടിയപ്പോള്‍ സ്പോണ്‍സറുടെ അടുത്തേക്ക് പോകാമെന്ന തന്‍െറ നിര്‍ദേശം തള്ളിയതായും മുസ്തഫ പറഞ്ഞു.
കോടതിയില്‍ വെച്ച് അറബിയിലുള്ള പേപ്പറുകള്‍ ഒപ്പിടുമ്പോള്‍ ഇത് എന്തിനാണെന്ന മുസ്തഫയുടെ ചോദ്യത്തിന് ‘ഹോട്ടല്‍ വില്‍ക്കുകയും പണം കുടുംബത്തിന് എത്തിക്കുകയും ചെയ്യേണ്ടതല്ളേ എന്നായിരുന്നുവത്രെ അഭിഭാഷകന്‍െറ മറുപടി.
പിന്നീടുള്ള ഫോണ്‍വിളികളില്‍ അയാള്‍ നാട്ടിലും യു.എ.ഇയിലും നടത്തുന്ന വലിയ ഇടപാടുകളെ കുറിച്ച് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇതിന്‍െറ ലാഭം അടുത്ത ദിവസങ്ങളിലായി കിട്ടുമ്പോള്‍ 75000 ദിര്‍ഹം തിരിച്ചുതരാം എന്ന് അറിയിച്ചതായും മുസ്തഫ പറയുന്നു.
വിശ്വാസവഞ്ചനക്കെതരെ അഭിഭാഷകന്‍െറ പേരില്‍ മുസ്തഫ ഷാര്‍ജ കോടതിയില്‍ കേസ് നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളുടെ പേരില്‍ തള്ളുകയായിരുന്നു. അഭിഭാഷകനെ പരിചയപ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തകനെ ബന്ധപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.
2013ല്‍ മരിച്ച സെയ്ദ് അവിവാഹിതനായിരുന്നു. മൂന്ന് സഹോദരങ്ങളും ആറ് സഹോദരിമാരുമടങ്ങുന്നതാണ് അദ്ദേഹത്തിന്‍െറ കുടുംബം.
സെയ്ദ് മരിച്ച് മൂന്ന് വര്‍ഷമായിട്ടും പണം കിട്ടാത്തതിനാല്‍ കുടുംബാംഗങ്ങള്‍ മുസ്തഫയെ സംശയിക്കുകയാണ്. തന്‍െറ നിരപരാധിത്വം എങ്ങനെ ബോധ്യപ്പെടുത്തും എന്നറിയാതെ പ്രയാസപ്പെടുകയാണ് 43 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ഈ 63കാരന്‍. മുക്ത്യാര്‍ നടപടികള്‍ക്കും കോടതി നടപടികള്‍ക്കുമായി തനിക്ക് 28,000 ദിര്‍ഹം ചെലവായതായും മുസ്തഫ പറയുന്നു.
വിശ്വസിച്ച് കാര്യങ്ങള്‍ നടത്തും എന്ന് കരുതിയാണ് അഭിഭാഷകനെ നിര്‍ദേശിച്ചതെന്നും കാര്യങ്ങള്‍ ഇങ്ങനെ വന്നത് നിര്‍ഭാഗ്യകരമാണെന്നും സാമൂഹിക പ്രവര്‍ത്തകന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, താന്‍ മുക്ത്യാര്‍ ഒഴിഞ്ഞിട്ടുണ്ടെന്നും സ്വദേശിയായ സ്പോണ്‍സറാണ് പണം നല്‍കാതെ വഞ്ചിച്ചതെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.