????? ?????? ??????, ??? ? ?????? ????????

അമേരിക്കന്‍ ജഡ്ജിയെ കൊല്ലാന്‍ പദ്ധതി: പ്രതി ഇന്ത്യക്കാരന്‍

അബൂദബി: അമേരിക്കയില്‍ ഫെഡറല്‍ ജഡ്ജിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഓഹിയോയിലെ ടോലെഡോ നീതിന്യായ വകുപ്പിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
37കാരനായ പ്രതിയുടെ പേര് യഹ്യ ഫാറൂഖ് മുഹമ്മദ് എന്നാണെന്ന് യു.എസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും അറിയിച്ചു. പ്രതി യു.എ.ഇ പൗരനാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2004 മുതല്‍ 2008 വരെ ഇയാള്‍ യു.എ.ഇയില്‍ താമസിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിലേക്ക് പോയി അവിടുത്തുകാരിയെ വിവാഹം ചെയ്യുകയായിരുന്നു. ഓഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് യഹ്യ. അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ കൈമാറാന്‍ മറ്റു മൂന്നുപേര്‍ക്കൊപ്പം യെമനിലേക്ക് പോകാന്‍ ഗുഢാലോചന നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ വര്‍ഷം മുതല്‍ യഹ്യ ഫാറൂഖ് മുഹമ്മദ് ജയിലിലാണ്.
ഈ കേസ് പരിഗണിച്ചിരുന്ന യു.എസ് ഫെഡറല്‍ ജഡ്ജി ജാക്ക് സൂഹാരിയെ വധിച്ചാല്‍ 55000 ഡോളര്‍ നല്‍കാമെന്ന് സഹതടവുകാരന് വാഗ്ദാനം നല്‍കിയെന്നാണ് ഇയാള്‍ക്കെതിരായ പുതിയ കേസ്.
 ജഡ്ജിയെ വധിക്കാന്‍ പദ്ധതിയിട്ടതു മാത്രമല്ല, ഭീകരക്രമണ കേസില്‍ നീതിന്യായ നടപടി തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും ഇയാളെ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് അമേരിക്കന്‍ അഭിഭാഷകയായ ബാര്‍ബറ എല്‍. മക്വാഡ് പറഞ്ഞു.
പ്രതി യു.എ.ഇ പൗരനല്ളെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് വ്യക്തമാക്കി. വാഷിങ്ടണിലെ യു.എ.ഇ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കേസിലെ പ്രതി ഏഷ്യക്കാരനാണെന്നും ഇയാള്‍ കുറച്ചു കാലം യു.എ.ഇയില്‍ താമസിച്ചിരുന്നെന്ന് അറിഞ്ഞതായും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.