??????????? ????????? ???? ????? ???????? ?????????? ????????????????? ??????????????? ?????????????. ?????? ?????????????? ?????????

മരുഭൂമിയിലെ വെന്തുരുകും ജീവിതങ്ങള്‍ക്ക്  ഇഫ്താര്‍ തണല്‍

ദുബൈ: ദുബൈയില്‍ നിന്ന് ഒന്നരമണിക്കൂറോളം അബൂദബിയിലേക്കുള്ള മുഖ്യപാതയില്‍ സഞ്ചരിച്ച ശേഷം വാഹനം മണല്‍പരപ്പിലേക്കിറങ്ങി. സംഹയില്‍ നിന്ന് പിന്നെയുള്ള യാത്ര മരുഭൂമിയുടെ ചൂരിലേക്കായിരുന്നു. ചുറ്റും മണല്‍പരപ്പ്. ഇടക്കിടെ ഒട്ടകങ്ങളെ കാണാം. 15 കി.മീറ്ററോളം ദുഷ്കരമായി സഞ്ചരിച്ച ശേഷം ദൂരെ മുള്‍വേലി കെട്ടിയടച്ച വളപ്പിനകത്ത് ആട്ടിന്‍കൂട്ടത്തെയും ഏതാനും ഷെഡുകളും കാണാനായി. അവിടേക്കാണ്  ഫാസില്‍ മുസ്തഫയുടെയും കൂട്ടുകാരുടെയും അന്നത്തെ യാത്ര. കാരണം അവിടെ മൃഗങ്ങള്‍ക്കൊപ്പം ഏതാനും മനുഷ്യ ജീവിതങ്ങളും കഴിയുന്നുണ്ട്. അവര്‍ക്കും നോമ്പുണ്ട്. പക്ഷെ നമുക്ക് പരിചിതമായ ഇഫ്താറുകള്‍ ഇവര്‍ക്കില്ല. 
ദുരെ നിന്ന് വാഹനം കണ്ടപ്പോള്‍ തന്നെ ഷെഡ് എന്ന് പറയാവുന്ന വെച്ചുകെട്ടിയ കൂരയില്‍ നിന്ന് രണ്ടു മനുഷ്യര്‍ ഇറങ്ങിവന്നു. നോമ്പിലും ചുടിലും വാടിത്തളര്‍ന്ന രൂപങ്ങള്‍. വൈദ്യുതി പോലും എത്താത്ത ഇവിടെ എ.സിയോ ഫാനോ പോയിട്ട് രാത്രി വെളിച്ചം പോലും പ്രതീക്ഷിക്കാനാവില്ല. ആയിരത്തോളം ആടുകളും നൂറോളം ഒട്ടകങ്ങളുമാണ് ഈ ഉസ്ബയിലുള്ളത്. അവരോടൊപ്പം 12 മനുഷ്യരും. കൂടുതല്‍ പാകിസ്താനികള്‍. പിന്നെ ബംഗ്ളാദേശുകാരും. 
വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള തീറ്റക്കൊപ്പം ഇവര്‍ക്കും ആഴ്ചകളുടെ ഇടവേളകളില്‍ ഭക്ഷണമത്തെും. പ്രധാനമായും ആട്ടയും പരിപ്പും. അവര്‍ക്കിടയിലേക്കാണ് നോമ്പുതുറക്കാന്‍ ബിരിയാണിയും പഴവര്‍ഗങ്ങളും പഴച്ചാറും എത്തുന്നത്. ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം അല്പം താഴോട്ടുപോയപ്പോള്‍ മറ്റൊരു ഇടയതാവളം. ഏതാനും കിലോമീറ്ററുകള്‍ പരിധിയിലുള്ള മറ്റു ഉസ്റകളില്‍ നിന്നുള്ള തൊഴിലാളികളും അവിടെ എത്തിയതോടെ മണലില്‍ ഷീറ്റ് വിരിച്ച് നോമ്പുതുറ വിഭവങ്ങള്‍ നിരത്തി. പത്തുവര്‍ഷമായി ഇടയ ജോലിയിലുള്ള മലപ്പുറത്തുകാരനായ കുഞ്ഞിമുഹമ്മദിനെയും കൂട്ടത്തില്‍ കണ്ടു. 
ആട്-ഒട്ടക വളര്‍ത്തല്‍ കേന്ദ്രങ്ങളായ ഉസ്റകളില്‍ മിക്കതിലും ഒന്നോ രണ്ടോ പേരാണ് ഉണ്ടാവുക. രാത്രിയായാല്‍ മരൂഭൂമിയുടെ നടുവില്‍ നാല്‍ക്കാലികള്‍ക്കൊപ്പം  ഇരുട്ടുമാത്രമാണ് ഇവര്‍ക്ക് കൂട്ട്. പിന്നെ ഋതുഭേദങ്ങള്‍ക്കനുസരിച്ച് ചൂടോ തണുപ്പോ. മണലില്‍ കട്ടിലിട്ട് ആകാശം നോക്കിയുള്ള കിടപ്പായിരിക്കും ഇവര്‍ക്ക് ഏറ്റവും പ്രിയം. ദുബൈയും അബൂദബിയുമെല്ലാം ഇവര്‍ക്ക് രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിമാനമിറങ്ങാന്‍ മാത്രമുള്ള നഗരങ്ങളാണ്.  മൊബൈല്‍ ഫോണ്‍ ഒന്നു ചാര്‍ജ് ചെയ്യാന്‍ ജനറേറ്ററോ സൗരോര്‍ജ പാനലുകളോ ഉള്ള കൂട്ടത്തിലെ  ‘ആര്‍ഭാട’ ഉസ്റകളിലെ സഹജീവികളെ ആശ്രയിക്കണം. 
സമയം നോക്കി നോമ്പുതുറക്കുമ്പോള്‍ കൂടെ ചേരാന്‍ താറാവുകളുടെ കൂട്ടം എത്തി. ഭക്ഷണശേഷം ഇരുട്ടിന്‍െറ അകമ്പടിയില്‍ മഗ്രിബ് പ്രാര്‍ഥന. അപ്പോള്‍ കുറച്ചകലെയുള്ള പള്ളി പരിസരത്ത് നൂറോളം ഇടയന്മാര്‍ക്ക് ഫാസിലിന്‍െറ കൂട്ടുകാര്‍ നോമ്പുതുറ ഒരുക്കുകയായിരുന്നു. അജ്മാനില്‍ നിന്നും ദുബൈയില്‍ നിന്നും പുറപ്പെട്ട സംഘം സംഹയില്‍ നിന്ന് മൂന്നായി തിരിഞ്ഞാണ് 150 ലേറെ പേര്‍ക്ക് നോമ്പുതുറ എത്തിച്ചത്. സംഹയിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ട ജീവിതങ്ങള്‍ക്ക് റമദാന്‍ മുഴുവന്‍ ഭക്ഷണം എത്തിച്ചുനല്‍കാന്‍ ഈ മേഖലയിലെ ഏതാനും മലയാളി സന്നദ്ധ പ്രവര്‍ത്തകരാണ് മുന്നിട്ടിറങ്ങുന്നത്. ഇവര്‍ വഴിയാണ് ഭക്ഷണവുമായി കാരുണ്യ സംഘങ്ങള്‍ ഇവിടേക്കത്തെുന്നത്.
ഇതുപോലെയുള്ള പാവങ്ങള്‍ക്ക് ഫാസില്‍ മുസ്തഫ എന്ന വടക്കഞ്ചേരിക്കാരന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസമാവുകയാണ്. 12 വര്‍ഷമായി ഫാര്‍മസി മാര്‍ക്കറ്റിങ് മേഖലയില്‍ ജോലിയുമായി യു.എ .ഇയിലുള്ള ഫാസില്‍ കഴിഞ്ഞവര്‍ഷം മുതലാണ് ചെറിയ തോതില്‍ ഇഫ്താര്‍ കാരുണ്യത്തിന് തുടക്കമിട്ടത്. നിലമ്പൂരിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തി പ്രശസ്തനായ ഡോ.ഷാനവാസിനെ പരിചയപ്പെട്ടതിലൂടെയാണ് താനും സഹായപ്രവര്‍ത്തന വഴിയിലത്തെിയതെന്ന് ഫാസില്‍ പറയുന്നു. 
വ്യത്യസ്തമാണ് ഫാസിലിന്‍െറ രീതി. കഴിഞ്ഞവര്‍ഷം റമദാന്‍ ഒന്നിന് സമീപത്തെ രണ്ടു പാവങ്ങള്‍ക്ക്് ഇഫ്താര്‍ കിറ്റ് നല്‍കിയാണ് തുടക്കം. പങ്കുവെക്കാനുള്ള മനസ്സ് നഷ്ടപ്പെടുന്ന പുതിയ തലമുറയുടെ പ്രതിനിധികളായ തന്‍െറ മക്കള്‍ക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് അത് തുടങ്ങിയത്. അടുത്ത ദിവസവും ഇതു തുടര്‍ന്നു. അത് ഫേസ്ബുക്കില്‍ കുറിപ്പായി പോസ്റ്റ് ചെയ്തു.  മക്കളില്‍ നന്മയും കാരുണ്യബോധവും വളര്‍ത്താന്‍ എല്ലാവര്‍ക്കും ഈ മാര്‍ഗം പരീക്ഷിക്കാവുന്നതാണെന്നും കുറിച്ചു. ലൈക്കുകള്‍ വാങ്ങികൂട്ടിയതോടൊപ്പം ഈ കൂട്ടത്തില്‍ ചേരാന്‍ കുട്ടികളുമായി മറ്റൊരു കുടുംബം എത്തി. അതും എഫ്.ബിയില്‍ പോസ്റ്റ് ചെയ്തതോടെ കൂടുതല്‍ പേര്‍ മുന്നോട്ടുവന്നു. പീന്നീടത് ഒരു പ്രസ്ഥാനമായി വളരുകയായിരുന്നു. 
അജ്മാനിലെയും റാസല്‍ഖൈമയിലെയും ലേബര്‍ ക്യാമ്പുകളിലാണ് ആദ്യമത്തെിയത്. കിറ്റ് നല്‍കി മടങ്ങുന്നതിന് പകരം തൊഴിലാളികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഭക്ഷണം വിളമ്പുന്നതും തൊഴിലാളികള്‍ക്ക് നല്‍കുന്നതുമെല്ലാം കുട്ടികള്‍ തന്നെയാകണമെന്ന് ഫാസിലിന് നിര്‍ബന്ധമുണ്ടായിരുന്നു. ഫാസിലിന്‍െറ മക്കളായ എട്ടു വയസ്സുകാരന്‍ ഫര്‍ഹാസും മൂന്നുവയസ്സുകാരി ഫറയും  എല്ലാറ്റിനും മുന്നിലുണ്ടാകും. ഫേസ്ബുക്കിലൂടെയാണ് ഈ സംരംഭം വളര്‍ന്നു വലുതായതെന്ന് പറയാം. ദിനംപ്രതി ഇതില്‍ പങ്കാളികളാകാന്‍ മതമോ ജാതിയോ നാടോ നോക്കാതെ കൂടുതല്‍ പേര്‍ മുന്നോട്ടുവന്നു. സിങ്കപ്പൂരിലുള്ള ഒരു ഡോക്ടര്‍ യു.എ.ഇയിലുള്ള തന്‍െറ സഹോദരനെയാണ് ഇതിനായി പറഞ്ഞയച്ചത്.  
കഴിഞ്ഞ നോമ്പിന് വിവിധ ലേബര്‍ ക്യാമ്പുകളിലായി മൊത്തം 5000 ത്തിലധികം പേര്‍ക്ക് ഇങ്ങനെ ഭക്ഷണമത്തെിക്കാനായി. ഈ വര്‍ഷം തുടക്കം മുതല്‍ ദിവസം നൂറിനും 350നുമിടയില്‍ ആളുകളെ നോമ്പുതുറപ്പിക്കുന്നുണ്ട് ഫാസിലും കൂട്ടുകാരും. മിക്കവരും ഭക്ഷണം സ്വന്തമായി തയാറാക്കിയോ വാങ്ങിയോ ഫാസിലിനെ വിവരമറിയിക്കുകയാണ് പതിവ്. നല്‍കേണ്ട സ്ഥലം തീരുമാനിച്ച് കുടുംബസമേതം അങ്ങോട്ടു എത്താന്‍ പറയും. സ്വന്തമായി ഭക്ഷണം ഉണ്ടാക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി ഫാസിലിന്‍െറ ഭാര്യ ഷജ്നയാണ് ദം ബിരിയാണി ഉണ്ടാക്കുക. റമദാനിലെ രാപ്പകലുകള്‍ ഇവര്‍ക്കും സേവനത്തിന്‍േറതാണ്. ഓരോ ദിവസത്തെയും ഇഫ്താര്‍ വിഭവങ്ങളൊരുക്കുന്ന ജോലി തലേന്ന് രാത്രി തന്നെ ആരംഭിക്കും. രാത്രിയാണ് സാധനങ്ങളെല്ലാം വാങ്ങുക. പുലര്‍ച്ചെ രണ്ടു മണിവരെ സവാള അരിയലും മറ്റു മുന്നൊരുക്കങ്ങളും. അയല്‍വാസികളും സഹായിക്കാന്‍ വരും.  
ഉച്ചക്ക് രണ്ടു മണിക്ക് ജോലി കഴിഞ്ഞ് ഫാസില്‍ എത്തുമ്പോഴേക്കും ഭക്ഷണം റെഡിയായിട്ടുണ്ടാകും. അപ്പോഴേക്കും ബിരിയാണിയും പഴവര്‍ഗങ്ങളും ജ്യൂസുമെല്ലാം തരം തിരിച്ച് പാക്ക് ചെയ്യാനും കൊണ്ടുപോകാനുമായി ഫാസിലിന്‍െറ കൂട്ടുകാരുമത്തെും. ഫേസ്ബുകില്‍ കുറിപ്പ് കണ്ട് സ്വയം മുന്നോട്ടു വന്നവരാണെല്ലാം. ഇഫ്താര്‍ ദൗത്യത്തില്‍ ആരോടും സഹായം ചോദിക്കാറില്ല.  കഴിഞ്ഞദിവസം സോണാപ്പൂര്‍ ക്യാമ്പില്‍  അറബ് വനിതകളും കുട്ടികളുമാണ്് ഭക്ഷണവുമായി വന്നത്. വിശ്വസിച്ച് സഹായം ഏല്‍പ്പിച്ചവര്‍ക്ക് മുന്നിലുള്ള കണക്ക് അവതരിപ്പിക്കലായാണ് താന്‍ എഫ്.ബി പോസ്റ്റുകളിടുന്നതെന്നും പബ്ളിസിറ്റിയല്ല ലക്ഷ്യമെന്നും ഫാസില്‍ പറയുന്നു. വായിക്കുന്നവര്‍ക്ക്് പ്രചോദനമാവുകയും ചെയ്യും.
നോമ്പുകാലത്ത് ഒതുങ്ങുന്നില്ല ഇവരുടെ കാരുണ്യപ്രവര്‍ത്തനം. ഒഴിവുള്ളപ്പോള്‍ വെറുതെ മരഭൂമികളുടെ ഉള്‍പ്രദേശങ്ങളിലേക്ക് യാത്രപോകുക ഫാസിലിന്‍െറയും കൂട്ടുകാരുടെയും രീതിയാണ്. അവിടെ നിന്നാണ് ദൈന്യജീവിതങ്ങളെ കണ്ടത്തെുന്നത്. ഇവര്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ എല്ലാ മാസവും ഭക്ഷണം എത്തിക്കുന്നു. ആട്ടയും അരിയും ചായപ്പൊടിയും പഞ്ചസാരയും പരിപ്പുമെല്ലാം മരുഭൂമിയിലെ 250 ഓളം ആടുജീവിതങ്ങള്‍ക്ക് മൂന്നു മാസമായി മുടങ്ങാതെ എത്തിക്കുന്നു. അത് കൂടുതല്‍ വിപുലമായി തുടരാന്‍ തന്നെയാണ് ഈ സ്നേഹക്കൂട്ടത്തിന്‍െറ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.