സന്ദര്‍ശകരെ ആകര്‍ഷിച്ച്  ‘ഭാവി’ വാഹനങ്ങള്‍

അബൂദബി: അബൂദബി സുസ്ഥിര വാരാചരണത്തില്‍ എത്തുന്നവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ‘ഭാവി’ വാഹനങ്ങളും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന നഗര മാതൃകയും. മലിനീകരണം തീരെയില്ലാത്തതും ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങളാണ് വിവിധ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. യു.എ.ഇ വിപണിയില്‍ ഇറങ്ങിയ രണ്ട് സീറ്റുള്ള ചെറുകാറും അത്യാധുനിക ബൈക്കും മിനി ബസും എല്ലാം ‘ഭാവി’ വാഹനങ്ങളായി മേളയില്‍ ഇടംപിടിച്ചിട്ടുണ്ട്. 
റെനോ നിര്‍മിച്ച് അല്‍ മസൂദ് വിതരണം ചെയ്യുന്ന ചെറുകാര്‍ ഇതിനകം അബൂദബിയിലും ദുബൈയിലും ലഭ്യമാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറിന് 90 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാം. 65000 ദിര്‍ഹമാണ് വില. രണ്ട് മണിക്കൂറിനകം കാര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് അഞ്ച് ദിര്‍ഹത്തില്‍ താഴെ മാത്രമേ വരൂ. ഇതേ മാതൃകയില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാറും പുറത്തിറക്കുന്നുണ്ട്. 
അബൂദബിയുടെ റോഡുകളില്‍ വരും വര്‍ഷങ്ങളില്‍ ഇറങ്ങുമെന്ന് അവകാശപ്പെട്ടാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 18 സീറ്റുള്ള മിനി ബസ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.  വ്യക്തിപരമായ ആവശ്യത്തിനും കമ്പനിയാവശ്യത്തിനും ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് മിനി ബസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  ഇതിനോട് ചേര്‍ന്ന് സമാനമായ രീതിയില്‍ നാല് ക്യാബിനുകള്‍ കൂടി ഘടിപ്പിക്കാം. ഇതോടെ ഒരേ സമയം 56 ആളുകള്‍ക്ക് സഞ്ചരിക്കാനാകും.  പരമാവധി വേഗം 90 കിലോമീറ്ററാണ്. 90,000 ഡോളറാണ് ഒരു ക്യാബിനിന്‍െറ വില. സൗരോര്‍ജം ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കി അതില്‍ ഓടുന്ന ബൈക്കും ഓട്ടോറിക്ഷയും കാറും അമേരിക്കന്‍ കമ്പനി പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. 16 മുതല്‍ 30 വരെ സെക്കന്‍റ് കൊണ്ട് ബൈക്ക് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കും. സൗരോര്‍ജം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ട്രക്കുകളില്‍ പെട്രോള്‍ സ്റ്റേഷന് സമാനമായ വൈദ്യുതി സ്റ്റേഷനിലേക്ക് എത്തിക്കുന്ന മാതൃകയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.    സൗരോര്‍ജം ഉപയോഗിച്ച്  പ്രവര്‍ത്തിക്കുന്ന നഗരമാതൃകയും അവതരിപ്പിച്ചു. വീടുകളിലെ വെളിച്ചവും വഴിവിളക്കുകളിലെ വെളിച്ചവുമെല്ലാം സൗരോര്‍ജത്തിലൂടെ ലഭ്യമാക്കുന്നതിന്‍െറ മാതൃക വീക്ഷിക്കുന്നതിനും നിരവധി പേര്‍ എത്തിയിരുന്നു. 
കടല്‍ ജലം സൗരോര്‍ജം ഉപയോഗിച്ച് ശുദ്ധീകരിക്കുന്നതിന്‍െറ വിവിധ മാതൃകകളും പ്രദര്‍ശനത്തിലുണ്ട്. 40 രാജ്യങ്ങളില്‍ നിന്നുള്ള 650ഓളം പ്രദര്‍ശകരാണ് അബൂദബി സുസ്ഥിര വാരാചരണത്തിന് എത്തിയിട്ടുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.