ഷാര്‍ജ റസ്റ്റോറന്‍റില്‍ തീപിടിത്തം;  നാലു പേര്‍ക്ക് പരിക്ക്

ഷാര്‍ജ: ഇസ്തിഖ്ലാല്‍ റോഡിലെ അറബിക് റസ്റ്റോറന്‍റിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഭക്ഷണശാലയുടെ പുകക്കൂഴലില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് വളരെ പെട്ടെന്ന് തന്നെ അഞ്ച് നിലകളുള്ള കെട്ടിടത്തിന്‍െറ മുകള്‍ നിലയിലേക്ക് വ്യാപിച്ചു. 
ആളിക്കത്തുന്ന തീയില്‍ നിന്ന് ചില സാധന സാമഗ്രികള്‍ പൊട്ടിത്തെറിക്കുന്നത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ മൂന്ന് അപാര്‍ട്ട്മെന്‍റുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഉടുതുണിക്ക് മറുതുണി പോലും താമസക്കാര്‍ക്ക് ബാക്കി വെക്കാതെയാണ് തീ ഇവിടെ സംഹാര താണ്ഡവമാടിയത്.  
പരിസരമാകെ പുകനിറഞ്ഞതിനാല്‍ സമീപത്തുള്ളവര്‍ക്ക് പോലും ശ്വാസ തടസം നേരിട്ടതായി ഇവിടെ താമസിക്കുന്നവര്‍ പറഞ്ഞു. തീ കണ്ട ഉടനെ തന്നെ ഇവിടെ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ശക്തമായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസ തടസം നേരിട്ട നാല് പേര്‍ക്ക് പാരമെഡിക്കല്‍ വിഭാഗം അടിയന്തര ശുശ്രുഷ നല്‍കി. 
അപകടം അറിഞ്ഞത്തെിയ സിവില്‍ഡിഫന്‍സ് വിഭാഗം ഇവിടേക്കുള്ള വൈദ്യുതി, പാചക വാതക ബന്ധങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചു. ഇവിടെ താമസിക്കുന്നവരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു.  ഈ ഭാഗത്തുള്ള റോഡിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിറുത്തിവെച്ചു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും താമസ കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാന്‍ സിവില്‍ഡിഫന്‍സ് നടപടി സ്വകരിച്ചതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. 
അപകടം നടന്ന കെട്ടിടത്തിലെ താമസക്കാരെ പൂര്‍ണമായും തിരികെ പ്രവേശിപ്പിച്ചിട്ടില്ല. അപകട സമയത്ത് നല്ല കാറ്റുണ്ടായിരുന്നത് തീ ആളികത്താന്‍ കാരണമായി. തീപിടിത്തത്തെ തുടര്‍ന്ന് പുറത്തിറങ്ങി നിന്നവര്‍ക്ക് തണുപ്പ് വില്ലനായി. പ്രായം ചെന്നവരും കുട്ടികളും തണുപ്പത്ത് ഏറെ ബുദ്ധിമുട്ടി. പലരും സുഹൃത്തുകളുടേയും മറ്റും കൂടെയാണ് കഴിയുന്നത്. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.