വീണു കിട്ടിയ തുക പൊലീസിലേല്‍പ്പിച്ച്  മലയാളി യുവാവ് മാതൃകയായി

ഷാര്‍ജ: പാതയോരത്ത് നിന്ന് കളഞ്ഞ് കിട്ടിയ രണ്ട് ലക്ഷത്തോളം രുപ വിലമതിക്കുന്ന സൗദി റിയാല്‍ പൊലീസില്‍ ഏല്‍പ്പിച്ച് മലയാളി യുവാവ് മാതൃകയായി. അല്‍ മദീന ഷാര്‍ജ ഗ്രൂപ്പിന്‍െറ മീന ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പാനൂര്‍ സ്വദേശി എ.വി. ആസിഫാണ് മാതൃകയായത്. 
സ്ഥാപനത്തില്‍ നിന്ന് ഡെലിവറിക്ക് പോയതായിരുന്ന ആസിഫ്. വരുന്ന വഴിക്ക് പാതവക്കില്‍ കിടക്കുന്ന പഴ്സ് കണ്ടു. തുറന്ന് നോക്കിയപ്പോള്‍ അതിനകത്ത് പണമാണെന്ന് മനസിലായി. ഉടനെ തന്നെ സ്ഥാപനത്തിലെ മാനേജര്‍ പാനൂര്‍ മുനീറിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഇരുവരും അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനിലത്തെി പഴ്സ് ഏല്‍പ്പിക്കുകയായിരുന്നു.
 ആസിഫിന്‍െറ സത്യസന്ധതയെ പൊലീസ് അധികാരികള്‍ പ്രകീര്‍ത്തിക്കുകയും അല്‍ വാസിത്തിലെ പൊലീസ് ആസ്ഥാനത്ത് വിളിച്ച് വരുത്തി പ്രശസ്തി പത്രവും സമ്മാനവും നല്‍കുകയും ചെയ്തു. സാമ്പത്തികമായ പ്രയാസം നേരിടുന്ന സമയത്താണ് തനിക്ക് പണം കിട്ടിയതെന്നും അന്യന്‍െറ മുതല്‍ കൊണ്ട് തന്‍െറ ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ താന്‍ മനുഷ്യനല്ലാതാകുമെന്നും ആസിഫ് പറഞ്ഞു.  
അന്യന്‍െറതൊന്നും ആഗ്രഹിക്കരുതെന്നും വീണ് കിട്ടിയ മുതലാണെങ്കില്‍ പോലും അത് ഉപയോഗിക്കരുതെന്നുമാണ് രക്ഷിതാക്കള്‍ തന്നെ ചെറുപ്പം മുതല്‍ പഠിപ്പിച്ചിട്ടുള്ളത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.