വേഗം മൂലമുള്ള അപകട മരണങ്ങളില്‍ 27 ശതമാനം കുറവ്; പരിക്ക് 49 ശതമാനം കുറഞ്ഞു

അബൂദബി: തലസ്ഥാന എമിറേറ്റില്‍ വേഗത മൂലമുള്ള അപകട മരണങ്ങളിലും പരിക്കുകളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ വേഗത കാരണമുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ 27 ശതമാനവും ഗുരുതര പരിക്കേറ്റവരുടെ എണ്ണത്തില്‍ 49 ശതമാനവും കുറവാണ് രേഖപ്പെടുത്തിയതെന്ന് അബൂദബി പൊലീസ് പറഞ്ഞു. 2014ല്‍ അബൂദബിയിലെ അപകട മരണങ്ങളില്‍ 23 ശതമാനത്തിനും അമിത വേഗതയാണ് കാരണം. അമിത വേഗത നിയന്ത്രിക്കുന്നതിന് പൊലീസ് ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. നിര്‍ദിഷ്ട വേഗതാ പരിധിയേക്കാള്‍ 60 കിലോമീറ്റര്‍ അധിക വേഗതയില്‍ ഓടിച്ചതിന് 2015 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 30 വരെ 12980 വാഹനങ്ങള്‍ കണ്ടുകെട്ടി. ഇവ ഒരു മാസത്തേക്ക് കണ്ടുകെട്ടുകയും 1000 ദിര്‍ഹം പിഴ വിധിക്കുകയും ഡ്രൈവര്‍ക്ക് 12 ബ്ളാക്ക് പോയന്‍റ് ശിക്ഷ വിധിക്കുകയും ചെയ്തു. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടിയും സ്വീകരിക്കും. 200 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ വാഹനമോടിച്ചതിന് 2500 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.  
റഡാറുകള്‍ക്ക് സമീപം വേഗത കുറക്കുകയും പിന്നീട് അമിത വേഗതയില്‍ വാഹനമോടിക്കുകയും ചെയ്യുന്നവരെ പിടികൂടുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. റോഡിലെ നിശ്ചിത കേന്ദ്രങ്ങളിലാണ് റഡാറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവ മറികടക്കാന്‍ വേഗത കുറക്കുകയും റഡാറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അമിത വേഗത കൈവരിക്കുകയും ചെയ്യുന്നവരെ പിടികൂടുന്നതിന് സര്‍വൈലന്‍സ് കാമറകള്‍, ഫ്ളാഷ് രഹിത കാമറകള്‍, മൊബൈല്‍ റഡാര്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.