ദുബൈയില്‍ വാടക നിരക്ക് കുറയുന്നു

ദുബൈ: ദുബൈയില്‍ താമസ കേന്ദ്രങ്ങളുടെ വാടക കുറയുന്നു. കഴിഞ്ഞിദിവസം പുറത്തുവിട്ട ഈ വര്‍ഷത്തെ ആദ്യ ഒൗദ്യോഗിക വാടക സൂചികയനുസരിച്ച് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വാടക നിരക്കില്‍ കാര്യമായ കുറവുണ്ടാകും. ഒറ്റമുറി അപാര്‍ട്ട്മെന്‍റുകള്‍ക്കാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 11ശതമാനം വരെയാണ് കുറവുണ്ടാവുക. ബിസിനസ് ബേ മേഖലയില്‍ ഒറ്റമുറി ഫ്ളാറ്റിന്‍െറ പുതിയ വാര്‍ഷിക വാടക 80,000-1.05,000 ദിര്‍ഹമാണ്. 2015ല്‍ ഇത് 90,000-1,10,000 ദിര്‍ഹമായിരുന്നു.
ഇന്‍റര്‍നാഷണല്‍ സിറ്റിയില്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 40,000-50,000 ദിര്‍ഹമുണ്ടായിരുന്നത്് 38,000-45,000 ദിര്‍ഹമായാണ് കുറഞ്ഞത്. ജുമൈറ ലേക് ടവറില്‍ പുതിയ വാടക 75,000-90,000 ദിര്‍ഹമാണ്. നേരത്തെ ഇത് 80,000-1,00,000 ദിര്‍ഹമായിരുന്നു. ദുബൈ മറീനയില്‍ 90,000-1,10,000 ദിര്‍ഹം (പഴയത് 90,000-1,20,000 ദിര്‍ഹം), പാം ജുമൈറയില്‍ 1,20,000-1,50,000 ദിര്‍ഹം (പഴയത് 1,30,000-1,60,000 ദിര്‍ഹം) എന്നിങ്ങനെ വാടക കുറയും. അതേസമയം ദുബൈ സിലിക്കോണ്‍ ഓയസീസ് ( 50,000-70,000 ദിര്‍ഹം), ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക് ( 40,000-50,000 ദിര്‍ഹം), ജുമൈറ വില്ളേജ് ( 55,000-70,000 ദിര്‍ഹം), അര്‍ജാന്‍ ( 35,000-45,000 ദിര്‍ഹം), ഗ്രീന്‍സ് ( 80,000-90,000 ദിര്‍ഹം), ദുബൈ സ്പോര്‍ട്സ് സിറ്റി ( 60,000-75,000 ദിര്‍ഹം), ടീകോം ( 70,000-80,000 ദിര്‍ഹം) എന്നിവിടങ്ങളില്‍ വാടകനിരക്കില്‍ മാറ്റമില്ല.
രണ്ടു കിടപ്പുമുറികളുള്ള അപാര്‍ട്ട്മെന്‍റുകള്‍ക്കും വാടക നിരക്കില്‍ കുറവുണ്ട്. 2015നെ അപേക്ഷിച്ച് 7.69 ശതമാനം മുതല്‍ 10 ശതമാനം വരെ കുറവാണ് സൂചിക കാണിക്കുന്നത്. ജുമൈറ ലേക് ടവേഴസില്‍ രണ്ടു ബെഡ്റൂം ഫ്ളാറ്റിന് 1,20,0000-1,50,000 ദിര്‍ഹമുണ്ടായിരുന്നത് 1,10,000-1,35,000 ദിര്‍ഹമായി. ഡൗണ്‍ടൗണില്‍ ഇത് 1,60,000-1,80,000 (പഴയത് 1,70,000-1,90,000 ദിര്‍ഹം),ബിസിനസ് ബേ 1,10,000-1,40,000 (പഴയത് 1,20,000-1,90,000 ദിര്‍ഹം), പാം ജുമൈറയില്‍ 1,70,000-2,20,000 (പഴയത് 1,80,000-2,30,000 ദിര്‍ഹം), ഡിസ്കവറി ഗാര്‍ഡന്‍സ് 70,000-80,000 (പഴയത് 70,000-85,000 ദിര്‍ഹം) എന്നിങ്ങനെയാണ് പുതിയ വാടക.
കെട്ടിടങ്ങളുടെ വാടക ഉയര്‍ത്താനുള്ള പരിധി നിജപ്പെടുത്തി ദുബൈയില്‍ 2013ല്‍ വന്ന നിയത്തിന്‍െറ അടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (റേറ) വാടകസൂചിക അനുസരിച്ചാണ് അതാതിടങ്ങളിലെ വാടകനിരക്ക് കണക്കാക്കുക. ഇതനുസരിച്ച് വാടക കരാര്‍ പുതുക്കുമ്പോള്‍ കെട്ടിട ഉടമക്ക് തോന്നിയപോലെ നിരക്ക് കൂട്ടാനാവില്ല. ഒരു കെട്ടിടത്തിന്‍െറ നിലവിലെ വാടക ആ പ്രദേശത്തെ അതേതരം കെട്ടിടങ്ങളുടെ ശരാശരി വാടകയേക്കാള്‍  പത്തു ശതമാനത്തില്‍ താഴെയാണെങ്കില്‍  വാടക ഉയര്‍ത്താന്‍ സാധിക്കില്ല. നിലവിലെ വാടക ശരാശരി വാടകയേക്കാള്‍ 11നും 20നും മധ്യേ ശതമാനത്തിന് താഴെയാണെങ്കില്‍ കരാര്‍ പുതുക്കുമ്പോള്‍ അഞ്ച് ശതമാനം വര്‍ധന വരുത്താമെന്ന് നിയമം അനുശാസിക്കുന്നു.
ശരാശരി നിരക്കിനേക്കാള്‍ 21നും 30നുമിടക്ക് ശതമാനം കുറഞ്ഞ കെട്ടിടങ്ങള്ക്ക്  പത്തു ശതമാനവും 31നും 40നും മധ്യേ ശതമാനത്തിലുള്ളവക്ക് 15 ശതമാനവും വാടക കൂട്ടാം. ശരാശരി നിരക്കിനേക്കാള്‍ 40 ശതമാനത്തിലും താഴെയുള്ളവക്ക് 20 ശതമാനവും വാടക ഉയര്‍ത്താമെന്ന് നിയമം പറയുന്നു.
എമിറേറ്റിലെ ഫ്രീസോണ്‍ അടക്കമുള്ള എല്ലാ മേഖലയിലേയും സ്വകാര്യ, പൊതുമേഖലകളിലെ എല്ലാ കെട്ടിട ഉടമകള്‍ക്കും  ഈ നിയമം ബാധകമാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.