വാഹന വിപണി  പോയതോടെ കച്ചവടം  കുറഞ്ഞതായി പരാതി

ഷാര്‍ജ: അബുഷഹാറയിലെ വാഹന വിപണി പൂര്‍ണമായും ഒഴിപ്പിച്ചതോടെ തങ്ങളുടെ കച്ചവടം നേര്‍ പകുതിയായി കുറഞ്ഞതായി ഇവിടെ കച്ചവടം നടത്തുന്നവര്‍. വാഹന വിപണി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അയല്‍ രാജ്യങ്ങളില്‍ നിന്നും മറ്റ് എമിറേറ്റുകളില്‍ നിന്നും നിരവധി പേര്‍ എത്തുമായിരുന്നു. ഇതിലധികവും ഒമാനികളും യമനികളുമായിരുന്നു. 
ഇങ്ങിനെ എത്തുന്നവരായിരുന്നു മേഖലയിലെ കച്ചവടക്കാരുടെ പ്രധാന പ്രതീക്ഷ. പ്രധാനമായി കഫ്ത്തിരിയ, റസ്റ്റോറന്‍റ്, ഗ്രോസറി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായിരുന്നു ഇവരുടെ വരവ് കൊണ്ട് ഗുണമുണ്ടായിരുന്നത്. ഇത്തരത്തിലുള്ളവരുടെ വരവ് നിലച്ചതോടെ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍. 
വാഹന വിപണി ഒഴിഞ്ഞതോടെ പൂരം കഴിഞ്ഞ പാടം പോലെയാണ് ഇപ്പോള്‍ അബുഷഹാറയുടെ അവസ്ഥ. ആളും ആരവവും ഒഴിഞ്ഞു. 
വിപണിയുടെ മാറ്റം ഇവിടെ താമസിക്കുന്നവര്‍ ആഘോഷമാക്കിയപ്പോള്‍ കച്ചവടക്കാരുടെ നെഞ്ചില്‍ കനലാണ് വീണതെന്ന് ഇവിടെ 22 വര്‍ഷമായി കച്ചവടം നടത്തുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഹാഷിം പറഞ്ഞു. 
മേഖലയില്‍ പുതിയ സംരഭങ്ങള്‍ വന്നാല്‍ മാത്രമെ ഇവിടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഉണര്‍വുണ്ടാകുകയുള്ളുവെന്നാണ് മറ്റുള്ള കച്ചവടക്കാരും പറഞ്ഞത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.