അബൂദബി: കേരള സോഷ്യല്‍ സെന്‍ററിന്‍െറ ഏഴാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരിപ്പിച്ച ‘മദര്‍ കറേജ്’ കാണികളെ തൃപ്തിപ്പെടുത്തി. മികച്ച സംവിധാനവും ലളിതമായ അവതരണ ശൈലിയും കഥാപാത്രങ്ങളിലേക്ക് പകര്‍ന്നാടിയുള്ള അഭിനേതാക്കളും ചേര്‍ന്ന് ഈ നാടകത്തെ പ്രേക്ഷക മനസ്സിലേക്ക് എത്തിക്കുകയായിരുന്നു. യുദ്ധത്തിന്‍െറ ഭീകരതയും വേദനകളും ദുരന്തങ്ങളും കാണികളിലേക്ക് എത്തിച്ചാണ് ‘മദര്‍ കറേജ്‘ അവസാനിച്ചത്.
ജര്‍മന്‍ സാഹിത്യകാരനായ ബെര്‍തോള്‍ഡ് ബ്രഹ്തിന്‍െറ മദര്‍ കറേജ് ആന്‍റ് ഹെര്‍ ചില്‍ഡ്രന്‍ എന്ന നാടകത്തിന്‍െറ സ്വതന്ത്ര ആവിഷ്കാരമാണ് ശ്രീജിത്ത് ഒപ്പിയില്‍കാവിന്‍െറ സംവിധാനത്തില്‍ തിയറ്റര്‍ കിയേറ്റീവ് അരങ്ങിലത്തെിച്ചത്. യുദ്ധക്കൊതിക്കും ഫാസിസത്തിനും എതിരായ ശക്തമായ രചനയായി കരുതപ്പെടുന്ന ഈ നാടകം ഗൗരവവും തനിമയും ഒട്ടും ചോരാതെ അരങ്ങിലത്തെിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും സാധിച്ചു. പുതുവര്‍ഷത്തില്‍ കെ.എസ്.സി അങ്കണത്തിലത്തെിയ നാടക പ്രേമികളെ തൃപ്തിപ്പെടുത്താനും സാധിച്ചു. വര്‍ത്തമാന കാല അധിനിവേശങ്ങളും ഇരകളുടെ ദൈന്യതകളും സമരസപ്പെടുത്തി നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥാ പശ്ചാത്തലം സമകാലീനമാക്കുകയാണ് ഈ നാടകം ചെയ്യന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ മൂന്നു പതിറ്റാണ്ടോളം നീണ്ട യുദ്ധക്കെടുതികള്‍ക്കിടയിലൂടെ യാത്ര ചെയ്യുന്ന ഒരമ്മക്ക് മൂന്നു മക്കളെയും പലപ്പോഴായി നഷ്ടപ്പെടുന്നു. സര്‍വവും യുദ്ധം കവര്‍ന്നെടുക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ചിറകിലൊളിപ്പിച്ച മക്കളെ കുടിലതകളില്‍ നിന്നു രക്ഷപ്പെടുത്താന്‍ തികഞ്ഞ പ്രായോഗിക ബുദ്ധി ഉണ്ടായിരുന്നിട്ടു കൂടി ആ അമ്മക്കു കഴിയുന്നില്ല. ആരൊക്കെ ഉണ്ടായിരുന്നാലും ശരി, ഈ ലോകത്ത് താന്‍ തനിച്ചാണെന്നും, തന്‍െറ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഏകാന്ത വഴികളിലൂടെയുള്ള ദുസ്സഹ യാത്രകള്‍ താന്‍ തനിച്ചു തന്നെ വലിച്ചു തീര്‍ക്കേണ്ടതുണ്ടെന്നും ആ അമ്മ സ്വയം വിശ്വസിപ്പിക്കുന്നു. അസ്വസ്ഥതകളും സംഘര്‍ഷങ്ങളും നിറഞ്ഞ അനിശ്ചിതാവസ്ഥകളില്‍ പ്രണയം എത്ര നിരര്‍ഥകമായിപ്പോവുന്നു എന്നത് നമുക്കിതില്‍ കാണാം. നാടകത്തിന്‍െറ കഥാഗതിയെ ഒഴുക്കോടെ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ക്ക് സാധിച്ചു. മദര്‍ കറേജിനെ അവതരിപ്പിച്ച അനന്തലക്ഷ്മിയും മദര്‍ കറേജിന്‍െറ മകള്‍ കാട്രിനെ അവതരിപ്പിച്ച ടീന എഡ്വിനും അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. കഥാപാത്രങ്ങളായി അരങ്ങില്‍ ജീവിക്കുകയായിരുന്നു ഇരുവരും. സംസാര ശേഷി നഷ്ടപ്പെട്ട കാട്രിനിനെ ടീന പ്രേക്ഷകരുടെ മനസ്സില്‍ വേദന വീഴ്ത്തും വിധം അവതരിപ്പിച്ചു.
മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഷറഫ് കിരാനെല്ലൂര്‍, അഷറഫ് പെരിഞ്ഞനം, സലാഹുദ്ദീന്‍, രാജേഷ്, ധന്യ സുരേഷ്, അജിത് കുമാര്‍, കിരണ്‍ സദാനന്ദന്‍, ജ്യോതിഷ് ബാലചന്ദ്രന്‍, ബിജേഷ്, പ്രവീണ്‍ കുമാര്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ശനിയാഴ്ച സ്പാര്‍ട്ടക്കസ് ദുബൈ അവതരിപ്പിച്ച മാ.. മാടിന്‍... മാനുഷ് (അമ്മ... മണ്ണ്... മനുഷ്യന്‍) നാടകമാണ് അരങ്ങിലത്തെിയത്. കെ.ആര്‍. മീരയുടെ ആരാച്ചാറിന്‍െറ സ്വതന്ത്ര രംഗാവിഷ്കാരമായ നാടകത്തിന്‍െറ സംവിധാനം പ്രദീപ് മണ്ടൂരാണ്. ഞായറാഴ്ച രാത്രി നാടക മത്സരത്തിന്‍െറ ഫലപ്രഖ്യാപനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.