‘ജനം ബഹിഷ്കരിച്ച നേതാക്കളെ ദേശസ്നേഹികളായി ചിത്രീകരിക്കുന്നു’

അബൂദബി: സ്വാതന്ത്ര്യ സമരത്തിന് തുരങ്കംവെക്കുകയും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയെ ഒറ്റു കൊടുക്കുകയും ചെയ്ത സംഘ്പരിവാര്‍ ശക്തികള്‍ ലക്ഷ്യമിടുന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണെന്ന് മീഡിയ വണ്‍ നാഷനല്‍ എഡിറ്റര്‍ എ. റശീദുദ്ദീന്‍. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യ സമരത്തിന് തുരങ്കംവെച്ചതിന്‍െറ പേരില്‍ ജനങ്ങളാല്‍ ബഹിഷ്കൃതരായ നേതാക്കളെ അവരുടെ പിന്‍മുറക്കാര്‍ ദേശസ്നേഹികളും സ്വാതന്ത്ര്യവാദികളുമായി ചിത്രീകരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 
‘നമ്മുടെ രാഷ്ട്രം: പ്രതീക്ഷകളും പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ പ്രവാസി ഇന്ത്യ അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെയും ഗോഡ്സെയുടെയും ചിത്രങ്ങള്‍ തൂക്കുന്നിടം വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ഇതിനെ ചെറുക്കാന്‍ ഇന്ത്യയില്‍ ഒരു ശക്തിയും ഇല്ളെന്നതാണ് ദുര്യോഗമെന്നും അദ്ദേഹം പറഞ്ഞു. 
1947ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ സംഘ്പരിവാര്‍ ശ്രമിച്ചു. ബാബരി മസ്ജിദിന്‍െറ തകര്‍ച്ച ഈ ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. ഇന്ന് ഇന്ത്യന്‍ ഭരണകൂടം ഈ ഹിന്ദു തീവ്രവാദികളുടെ കൈകളില്‍ അമര്‍ന്നിരിക്കുന്നു. പല രാജ്യക്കാരുമായി ഒന്നിച്ചുജീവിക്കുന്ന പ്രവാസികളുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് മാത്രമേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന പ്രവാസികള്‍ രാഷ്ട്രം, വര്‍ഗം, വര്‍ണം, മതം തുടങ്ങിയവയോടൊന്നും വിവേചനമില്ലാത്തവരും എല്ലാവരെയും ഒന്നായി കാണാന്‍ കഴിയുന്നവരും അതിനാല്‍ രാജ്യത്തിന്‍െറ ഏകീകരണത്തിനായി പരിശ്രമിക്കേണ്ടത് പ്രവാസി കൂട്ടായ്മകളുടെ കടമയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത പ്രവാസി ഇന്ത്യ കേന്ദ്ര ജനറല്‍ സെക്രട്ടറി ഇ.കെ. ദിനേശന്‍ പറഞ്ഞു. കേന്ദ്ര ഉപദേശക സമിതിയംഗം ബഷീര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. എയിം പ്രസിഡന്‍റ് ബിജു കുമാര്‍, കെ.എസ്.സി ജനറല്‍ സെക്രട്ടറി മധു പരവൂര്‍, പ്രവാസി ഇന്ത്യ കേന്ദ്ര വൈസ് പ്രസിഡന്‍റ് ബുനൈസ് കാസിം എന്നിവര്‍ സംസാരിച്ചു.സജിത് കുമാര്‍ ഒ.എന്‍.വിയുടെ ഗാനവും ഹാരിസ് അബ്ദുല്‍ ജബ്ബാര്‍ കവിതയും അവതരിപ്പിച്ചു. സലീം പെരുമാതുറ സ്വാഗതവും ഷഫീക്ക് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.