ഖസറുല്‍ ഹുസ്നില്‍ എത്തിയത് റെക്കോഡ് ജനം: പത്ത് ദിവസം 1.40 ലക്ഷം സന്ദര്‍ശകര്‍ 

അബൂദബി: അബൂദബിയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഖസറുല്‍ ഹുസ്ന്‍ കോട്ടയില്‍ നടന്ന നാലാമത് മഹോത്സവത്തിന് എത്തിയത് റെക്കോഡ് ജനക്കൂട്ടം. ഫെബ്രുവരി മൂന്ന് മുതല്‍ 13 വരെ നടന്ന പരിപാടിയില്‍ 1.40 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി സംഘാടകരായ അബൂദബി വിനോദ സഞ്ചാര സാംസ്കാരിക അതോറിറ്റി അധികൃതര്‍ അറിയിച്ചു. 
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് നാലാമത് എഡിഷനില്‍ രേഖപ്പെടുത്തിയത്. ഇമാറാത്തി ചരിത്രവും പാരമ്പര്യവും കലകളും സാമൂഹിക ജീവിതവും അറിയുന്നതിന് സമൂഹത്തിന്‍െറ വിവിധ തുറകളില്‍ നിന്നുള്ളവര്‍ മഹോത്സവത്തില്‍ പങ്കെടുക്കാനത്തെിയതായി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി അറിയിച്ചു. 
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രക്ഷാകര്‍തൃത്വത്തില്‍  200 വര്‍ഷത്തിലധികം പഴക്കമുള്ള ഖസറുല്‍ ഹുസ്ന്‍ കോട്ടയുടെയും കള്‍ച്ചറല്‍ ഫൗണ്ടേഷന്‍െറയും അങ്കണത്തില്‍ 47000 ചതുരശ്ര മീറ്ററിലായാണ് മഹോത്സവം നടന്നത്.  തങ്ങളുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും മുഴുവന്‍ ജനങ്ങളുമായും പങ്കുവെക്കുന്നതിനുള്ള അവസരമായാണ് ഫെസ്റ്റിവെലിനെ കാണുന്നതെന്ന് വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു. ഒമ്പത് സര്‍വകലാശാലകളില്‍ നിന്നുള്ള 300 വിദ്യാര്‍ഥികള്‍ ഫെസ്റ്റിവെലിന്‍െറ അംബാസഡര്‍മാരായി സേവനം അനുഷ്ഠിച്ചു. എമിറേറ്റില്‍ നിന്നുള്ള 3000 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫെസ്റ്റിവെലില്‍ സൗകര്യം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.  
ഖസറുല്‍ ഹുസ്ന്‍ പ്രദര്‍ശനം ഇനിയുള്ള ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെ ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. വര്‍ഷം മുഴുവന്‍ പൊതുപരിപാടികളും ബോധവത്കരണ വര്‍ക്ഷോപ്പുകളും ഇവിടെ നടക്കും.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.