മൂടല്‍മഞ്ഞ്: ദുബൈയിലും അബൂദബിയിലും കൂട്ടിയിടികള്‍

അബൂദബി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബൈയിലും അബൂദബിയിലും നിരവധി വാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടികള്‍ നടന്നു. ഞായറാഴ്ച രാവിലെയാണ് വന്‍തോതില്‍ അപകടങ്ങളുണ്ടായത്. അതേസമയം, അപകടങ്ങളില്‍ മരണം സംഭവിച്ചിട്ടില്ല. ആര്‍ക്കും അതീവ ഗുരുതര പരിക്കേറ്റിട്ടില്ളെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അബൂദബി- ദുബൈ ഇ11 ഹൈവേയില്‍ ജബല്‍ അലിക്ക് സമീപമുണ്ടായ കൂട്ടിയിടിയില്‍ ഉള്‍പ്പെട്ടത് 136 കാറുകളാണ്. ഇതോടൊപ്പം മറ്റ് നാല് അപകടങ്ങളും നടന്നു. രാവിലെ ആറിനും ഒമ്പതിനും ഇടയിലായിരുന്നു അപകടങ്ങള്‍. ദുബൈ- അബൂദബി അതിര്‍ത്തിയിലെ സേയ്ഹ് ഷുഹൈബിന് സമീപമാണ് അപകടങ്ങളുണ്ടായത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടങ്ങളില്‍ നിരവധി വാഹനങ്ങള്‍ക്ക് സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടങ്ങളെ തുടര്‍ന്ന് അബൂദബി- ദുബൈ ഹൈവേയില്‍ റോഡ് അടച്ചിടുകയും വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. അപകടത്തില്‍ തകരാറിലായ കാറുകള്‍ റോഡില്‍ നിന്ന് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.  
കനത്ത മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതുമൂലം മൂന്ന് മണിക്കൂറിനുള്ളില്‍ ദുബൈയില്‍ 136 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദുബൈ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. വാഹന യാത്രികര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്കുള്ളവര്‍ക്ക് പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുകയും ചെയ്തു. രാവിലെ ആറ് മുതല്‍ ഒമ്പത് വരെ സമയത്തിലാണ് വന്‍തോതില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  അബൂദബിയില്‍ സദ പാലത്തിന് സമീപവും ശൈഖ് റാശിദ് ബിന്‍ സഈദ് സ്ട്രീറ്റിലുമാണ് അപകടങ്ങളുണ്ടായത്. ഇതേതുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ദുബൈയില്‍ ജബല്‍ അലി ഭാഗത്തും മറ്റും കനത്ത മൂടല്‍ മഞ്ഞായിരുന്നുവെങ്കിലും അബൂദബിയില്‍ താരതമ്യേന അവസ്ഥ ഭേദമായിരുന്നുവെന്ന് വാഹന യാത്രികര്‍ പറഞ്ഞു. മൂടല്‍മഞ്ഞ് രൂപപ്പെട്ട സാഹചര്യത്തില്‍ അബൂദബിയിലെയും ദുബൈയിലെയും പൊലീസ് മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. ജബല്‍ അലിയിലെ അപകട സ്ഥലത്ത് പൊലീസും ആംബുലന്‍സും രക്ഷാപ്രവര്‍ത്തകരും എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.