പുതിയ അബൂദബി–ദുബൈ ഹൈവേ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി

അബൂദബി: അബൂദബിയെയും ദുബൈയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പുതിയ ഹൈവേയുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായതായി അബൂദബി ജനറല്‍ സര്‍വീസ് കമ്പനി (മുസാനദ) അറിയിച്ചു. 210 കോടി ദിര്‍ഹം ചെലവിട്ടാണ് പാത നിര്‍മിക്കുന്നത്. സീഹ് സുഎൈബ് മുതല്‍ സ്വയ്ഹാന്‍ ഇന്‍റര്‍ചേഞ്ച് വരെ നീളുന്ന പാതയുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ അബൂദബി- ദുബൈ റോഡിലെ തിരക്കും അപകടങ്ങളും കുറക്കാന്‍ പുതിയ പാത സഹായകമാകുമെന്ന് ഗതാഗത വിഭാഗത്തിലെ ഹൈവേസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഫൈസല്‍ അഹമ്മദ് അല്‍ സുവൈദി പറഞ്ഞു. ഖലീഫ തുറമുഖത്തെയും വ്യവസായ മേഖലയെയും നിലവിലെയും ഭാവിയിലെയും പാതകളെയും പുതിയ ഹൈവേ ബന്ധിപ്പിക്കും.  
പദ്ധതി പൂര്‍ത്തിയാകുന്നതോടെ അബൂദബിയെയും ദുബൈയെയും വടക്കന്‍ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന പുതിയ പാത ലഭിക്കും. രണ്ട് ഭാഗത്തേക്കും നാല് വരികള്‍ വീതമുള്ള റോഡ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (ഇ 311) വിപുലീകരണം കൂടിയാണ്. അല്‍ മഹ ഫോറസ്റ്റ്, കിസാദ്, അല്‍ അജ്ബാന്‍ റോഡ് എന്നിവയിലൂടെയാണ് സ്വയ്ഹാന്‍ റോഡില്‍ എത്തുന്നത്.  ആറ് പാലങ്ങളും ആറ് അടിപ്പാതകളും പുതിയ പാതയിലുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.