യു.എ.ഇ പാര്‍ലമെന്‍ററി ജനാധിപത്യത്തിന് 44 ആണ്ട്; ഓര്‍മകളില്‍ ശൈഖ് സായിദ്

അബൂദബി: ‘പൗരന്‍മാരോടുള്ള ഉത്തരവാദിത്തങ്ങളും ചുമതലകളും നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി കണ്ടത്തെിയാല്‍, സര്‍ക്കാര്‍ പ്രതിനിധികളോടും പ്രധാനമന്ത്രിയോടും പ്രസിഡന്‍റായ എന്നോടും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നില്‍ നിങ്ങള്‍ ഒരിക്കലും അമാന്തം കാണിക്കരുത്. സര്‍ക്കാറിനെയും എന്നെയും നിങ്ങള്‍ക്ക് കൗണ്‍സിലിലേക്ക് വിളിച്ചുവരുത്താം. ഏത് സമയത്തും നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ഒരുക്കമാണ്. എന്തെങ്കിലും പരാജയങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ കാരണങ്ങള്‍ ഞാന്‍ ബോധിപ്പിക്കാം’  യു.എ.ഇയുടെ പ്രഥമ പ്രസിഡന്‍റും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ വാക്കുകളാണിത്. ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്‍െറ (എഫ്.എന്‍.സി) പ്രഥമ സ്പീക്കര്‍ താനി ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദിനോട് 1975ലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഉത്തരവാാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടാല്‍ കൗണ്‍സിലിലേക്ക് വിളിച്ചുവരുത്തി കാരണം ആരായണമെന്ന് ശൈഖ് സായിദ് ആവശ്യപ്പെടുകയായിരുന്നു. യു.എ.ഇ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ ഉന്നത തലമായ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന് 44 വര്‍ഷം തികഞ്ഞ വേളയില്‍ ഈ വാചകങ്ങള്‍ ഏറെ പ്രസക്തമാണ്.
 ശൈഖ് സായിദും തുടര്‍ന്നുള്ള ഭരണാധികാരികളും നല്‍കിയ സ്വാതന്ത്ര്യവും പിന്തുണയുമാണ് എഫ്.എന്‍.സിയുടെ വളര്‍ച്ചക്കുള്ള കാരണവും. രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഗഹനമായ ചര്‍ച്ചകള്‍ നടക്കുകയും മന്ത്രിമാര്‍ക്ക് നേരെ ശക്തമായ ചോദ്യങ്ങള്‍ ഉതിര്‍ക്കുകയും ചെയ്യുന്ന സഭയായി എഫ്.എന്‍.സി മാറിയതിന് പിന്നില്‍ ശൈഖ് സായിദ് അടക്കമുള്ളവരുടെ ദീര്‍ഘവീക്ഷണത്തിന് സുപ്രധാന സ്ഥാനമുണ്ട്. 
ഐക്യ അറബ് എമിറേറ്റ് രൂപവത്കരിക്കപ്പെട്ടതിന് ശേഷം ഒരു വര്‍ഷം തികഞ്ഞ് രണ്ട് മാസത്തിനകമാണ് എഫ്.എന്‍.സിക്ക്  രൂപം കൊടുത്തത്. പാര്‍ലമെന്‍ററി ജനാധിപത്യത്തിന് കൈത്താങ്ങായി 1972 ഫെബ്രുവരി 12നാണ് ശൈഖ് സായിദും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ചേര്‍ന്ന് ജനാധിപത്യത്തിന് കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്. ഭരണാഘടനാ ആവശ്യങ്ങള്‍ പൂര്‍ണതയിലത്തെിക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച കൗണ്‍സിലിന്‍െറ ഉദ്ഘാടനം പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 2005ല്‍ പ്രാവര്‍ത്തികമാക്കിയ ശാക്തീകരണ പദ്ധതി എഫ്.എന്‍.സിക്ക് പുതിയ മാനങ്ങള്‍ പകര്‍ന്നു. 2015ല്‍ അറബ് ലോകത്തെ ആദ്യ വനിതാ സ്പീക്കറെ തെരഞ്ഞെടുത്ത രാജ്യമെന്ന ബഹുമതിയും യു.എ.ഇക്ക് ലഭിച്ചു. 
യു.എ.ഇയുടെ പാര്‍ലമെന്‍ററി അനുഭവം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് എഫ്.എന്‍.സി സ്പീക്കറായ ഡോ. അമല്‍ അല്‍ ഖുബൈസി പറയുന്നു. ശൈഖ് ഖലീഫയുടെ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി രാഷ്ട്രീയ പങ്കാളിത്തം കൂടുതല്‍ ആഴങ്ങളിലേക്ക് എത്തുകയും കൗണ്‍സിലിലെ പകുതി അംഗങ്ങളെ വോട്ടവകാശമുള്ളവര്‍ തെരഞ്ഞെടുക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. 2006, 2011, 2015 വര്‍ഷങ്ങളില്‍ എഫ്.എന്‍.സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ ജനാധിപത്യ ശാക്തീകരണത്തില്‍ സുപ്രധാനമായിരുന്നു. എല്ലാ മേഖലകളിലും സ്ഥിരതക്കും സുസ്ഥിര വികസനത്തിനും പിന്തുണ നല്‍കുന്നതില്‍ എഫ്.എന്‍.സി തുടര്‍ന്നും ശ്രദ്ധിക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.  2005ല്‍ സാര്‍വത്രിക വോട്ടവകാശം രാജ്യത്ത് അനുവദിച്ചതോടെ 18 വയസ്സ് തികഞ്ഞ എല്ലാ പൗരന്‍മാര്‍ക്കും വോട്ടവകാശം ലഭ്യമായി. രാജ്യത്തിന് പുറത്തുള്ള പൗരന്‍മാര്‍ക്കും വോട്ടവകാശം ലഭ്യമാക്കി.  
2006 തുടക്കത്തിലാണ് ആദ്യ വോട്ടര്‍ പട്ടിക രാജ്യത്ത് തയാറാക്കിയത്. 7000ത്തില്‍ പരം സ്വദേശികള്‍ക്ക് അന്ന് വോട്ടവകാശം ലഭിച്ചത്. പത്ത് ലക്ഷത്തോളം ജന സംഖ്യയുള്ള സ്വദേശികളെ സംബന്ധിച്ച് 7000 എന്നത് കുറഞ്ഞ സംഖ്യയായിരുന്നു. എന്നാല്‍, 2011ല്‍ എമിറേറ്റ്സ് ഐ.ഡി പദ്ധതി നടപ്പാക്കിയതോടെ വോട്ടവകാശം ലഭിച്ചവരുടെ എണ്ണം 1.30 ലക്ഷം ആയി ഉയര്‍ന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. 
ഇതോടെ ബോധവത്കരണം ശക്തമാക്കുകയും കൂടുതല്‍ പോളിങ് ബൂത്തുകള്‍ ആരംഭിക്കുകയും ചെയ്താണ് 2015ല്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ഈ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വിദേശത്തുള്ള പൗരന്‍മാര്‍ക്കും വോട്ടവകാശം ഉറപ്പാക്കിയത്.  ഇതുവഴി എഫ്.എന്‍.സിയിലെ ആകെ 40 സീറ്റുകളിലെ 20 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 2.24 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. രാജ്യത്തെ നിയമ നിര്‍മാണ പ്രക്രിയയിലും ജനാധിപത്യത്തിന്‍െറ മുന്നോട്ടുപോക്കിലും ഇപ്പോള്‍ എഫ്.എന്‍.സി നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.