ഷാര്‍ജ കൂടിയാലോചനാ സമിതിയിലെ ആദ്യ വനിതാ അധ്യക്ഷയായി കൗല അബ്ദുറഹ്മാന്‍

ഷാര്‍ജ: ഷാര്‍ജയുടെ വികസന കാര്യങ്ങളും മറ്റും തീരുമാനിക്കുന്ന കൂടിയാലോചനാ സമിതിയുടെ  അധ്യക്ഷയായി കൗല അബ്ദുറഹ്മാന്‍ നിയമിതയായി. സമിതിയിലെ ആദ്യ വനിത അധ്യക്ഷയാണിവര്‍. 1999ല്‍ കൂടിയാലോചന സമിതി നിലവില്‍ വന്നത് മുതല്‍ ഇവര്‍ അതില്‍ അംഗമായിരുന്നു. കൂടിയാലോചന സമിതിയിലേക്ക,് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നേരിട്ട് നിയമിച്ചതാണ് ഇവരെ. 
യു.എ.ഇയില്‍ കൂടിയാലോചനാ സമിതിയിലേക്ക് കഴിഞ്ഞ ജനുവരി 28നാണ് പ്രഥമ തെരഞ്ഞെടുപ്പ് നടന്നത്. സമിതിയിലേക്കുള്ള 42 അംഗങ്ങളെ മുമ്പ് തെരഞ്ഞെടുത്തിരുന്നത് ശൈഖ് സുല്‍ത്താനായിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണില്‍  ഭരണാധികാരി പുതിയ ഉത്തരവിറക്കി. ഇനി മുതല്‍ 21പേരെ മാത്രമെ നേരിട്ട് നിയമിക്കുകയുള്ളു. ബാക്കിവരുന്ന 21 സീറ്റില്‍ തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ ജനങ്ങള്‍ കണ്ടത്തെണമെന്ന്. 25 വയസ് പൂര്‍ത്തിയായ, വിദ്യഭ്യാസമുള്ള, കുറ്റകൃത്യങ്ങളില്‍പ്പെടാത്തവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നത്. 21 വയസ് പൂര്‍ത്തിയായവര്‍ക്കായിരുന്നു വോട്ടവകാശം. 21 സീറ്റുകളിലേക്കായി 195 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. ഇതില്‍ 43 പേര്‍ വനിതകളായിരുന്നു. 24, 852 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതില്‍ 13,794 പേര്‍  പുരുഷന്‍മാരും 11,158 പേര്‍ സ്ത്രികളുമായിരുന്നു.  
ഷാര്‍ജ നഗരത്തില്‍ ആറു സീറ്റുകളാണുണ്ടായിരുന്നത്. 25 സ്ത്രികളുള്‍പ്പെടെ 96 പേരായിരുന്നു ഇവിടെ മത്സര രംഗത്തുണ്ടായിരുന്നത്. ഷാര്‍ജയുടെ മധ്യമേഖലയായ ദൈദ്, ഖോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങള്‍ക്കായി ഒമ്പത് സീറ്റുകളാണുണ്ടായിരുന്നത്. ഖോര്‍ഫുക്കാനില്‍ മാത്രം 30 പേരാണ് മത്സരിച്ചത്. കല്‍ബയില്‍ 23 പേരും  ദൈദില്‍ 12 പേരും മത്സരിച്ചു. മദാം, മലീഹ, ഹംറിയ, ഹിസന്‍ ദിബ്ബ, ബത്തായെ തുടങ്ങിയ മേഖലകളിലും ശക്തമായ മത്സരമാണ് നടന്നത്. സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ കഴിവ് തെളിയിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് രീതിയാണ് ഇവിടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയത്. അത് കൊണ്ട് തന്നെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടര്‍മാരുമായി നേരിട്ട് ആശയ വിനിമയം നടത്താന്‍ കഴിഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.