കപ്പ് വിട്ടുകൊടുക്കില്ളെന്ന് ഐക്കണ്‍  താരങ്ങള്‍: കേരള ഗള്‍ഫ് സോക്കര്‍ നാളെ 

അബൂദബി: കേരള ഗള്‍ഫ് സോക്കറിന്‍െറ പ്രഥമ സീസണിലെ കപ്പ് സ്വന്തമാക്കുമെന്ന അവകാശ വാദത്തില്‍ ഐക്കണ്‍ താരങ്ങള്‍. ആദ്യ സീസണില്‍ കപ്പ് സ്വന്തമാക്കുമെന്ന് വിവിധ ജില്ലാ ടീമുകളെ പ്രതിനിധീകരിക്കുന്ന ഐക്കണ്‍ താരങ്ങള്‍ പ്രഖ്യാപിച്ചതോടെ മത്സരത്തിന് വീറും വാശിയും ഏറി. അബൂദബി കെ.എം.സി.സി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ ആറ് ജില്ലാ ടീമുകളാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് ടൂര്‍ണമെന്‍റിന്‍െറ കിക്കോഫ് നടക്കുക. മലപ്പുറം സുല്‍ത്താന്‍സ്, കാസര്‍കോട് സ്ട്രൈക്കേഴ്സ്, കോഴിക്കോട് ചലഞ്ചേഴ്സ് എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും കണ്ണൂര്‍ ഫൈറ്റേഴ്സ്, തൃശൂര്‍ വാരിയേഴ്സ്, പാലക്കാട് കിക്കേഴ്സ് ബി ഗ്രൂപ്പിലും ആയാണ് മത്സരങ്ങള്‍ നടക്കുന്നത്. 
ടൂര്‍ണമെന്‍റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഐ.എം. വിജയന്‍ ഒഴികെ ഐക്കണ്‍ താരങ്ങള്‍ എത്തിയതായും സംഘാടകര്‍ പറഞ്ഞു. ബന്ധുവിന്‍െറ മരണത്തെ തുടര്‍ന്ന് വിജയന്‍ യാത്ര വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ജില്ലാ- സംസ്ഥാന താരങ്ങള്‍ക്കൊപ്പം യു.എ.ഇ കളിക്കാര്‍ ഉള്‍പ്പെടെ വിദേശ താരങ്ങളും കളത്തിലിറങ്ങുന്നുണ്ട്. പ്രാഥമിക റൗണ്ട് ലീഗ് അടിസ്ഥാനത്തിലാണ് നടക്കുന്നത്. രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ സെമിഫൈനലില്‍ മാറ്റുരക്കും. രാത്രി 8.45നാണ് ഫൈനല്‍ നടക്കുക. പ്രാഥമിക റൗണ്ടില്‍ 20 മിനിറ്റ് വീതവും സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ 35 മിനിറ്റ് വീതവുമാണ് നടക്കുക. മുഹമ്മദ് റാഫി മലപ്പുറത്തിന്‍െറയും ഐ.എം. വിജയന്‍ കാസര്‍കോടിന്‍െറയും ജോപോള്‍ അഞ്ചേരി പാലക്കാടിന്‍െറയും ഐക്കണ്‍ താരങ്ങളാണ്. ഹബീബ് റഹ്മാന്‍ കോഴിക്കോടിനെയും കുരികേശ് മാത്യു തൃശൂരിനെയും ആസിഫ് സഹീര്‍ കണ്ണൂരിനെയും കളത്തില്‍ ഇറക്കും. പ്രഥമ സീസണില്‍ തങ്ങള്‍ കപ്പുയര്‍ത്തുമെന്ന് അഞ്ചേരിയും ആസിഫും ഹബീബും കുരികേശ് മാത്യുവും അബൂദബിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. കെ.എം.സി.സി ഭാരവാഹികളായ  ഷുക്കൂറലി കല്ലുങ്ങല്‍, വി.കെ ഷാഫി, സി. സമീര്‍, യു.എ.ഇ എക്സ്ചേഞ്ച് പ്രതിനിധി കെ.കെ. മൊയ്തീന്‍ കോയ, യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ഇജാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.