ആളെണ്ണം തികഞ്ഞില്ല; റെക്കോഡ് യോഗ ശ്രമം പാളി

ഷാര്‍ജ: യോഗ തിരമാല നടത്തി ലോക റെക്കോഡ് നേടാനുള്ള ശ്രമം പാളി. പ്രതീക്ഷിച്ച ആളുകളത്തൊതിരുന്നതിനാലാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന റെക്കോഡ് പരിപാടി പരാജയപ്പെട്ടത്. ചെന്നൈയില്‍ 3849 പേര്‍ ഒന്നിച്ച് തിരമാലകളുടെ രൂപത്തില്‍ യോഗ നടത്തിയതാണ് നിലവിലെ ഗിന്നസ് റെക്കോഡ്. 
എന്നാല്‍ ഷാര്‍ജയിലെ വേദിയായ സ്കൈലൈന്‍ യൂനിവേഴ്സിറ്റി കോളജ് ഗ്രൗണ്ടില്‍ 3100 പേരെ അണിനിരത്താനേ സംഘാടകര്‍ക്ക് കഴിഞ്ഞുള്ളൂ. 3000 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5000ലധികം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചയത്രയാളുകളെ യോഗ വേദിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് പ്രതിനിധി സമീര്‍ പരിപാടി വീക്ഷിക്കാന്‍ എത്തിയിരുന്നു.  ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, സ്കൈലൈന്‍ യൂനിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പരിപാടി സംഘടിപ്പിച്ചത്. 
യോഗ വേവിന് ശേഷം ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ സന്ദേശവുമായി കൂട്ടനടത്തവുമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഡോ.കെ.ജെ.യേശുദാസ് മുഖ്യാതിഥിയായിരുന്നു. ദുബൈ പൊലീസിന്‍െറ മയക്കുമരുന്ന് വിരുദ്ധ വിഭാഗം തലവന്‍ അബ്ദുല്ല അല്‍ സൈദ് , ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ.മുരളീധരന്‍, കമാല്‍പുരി, രവികുമാര്‍, അഡ്വ.വൈ.എ.റഹീം, ഡോ. ടി.സി.സതീഷ് എന്നിവര്‍ സംസാരിച്ചു. 
ശിവ മയ്യ സ്വാഗതം പറഞ്ഞു. ലഹരിയുപയോഗത്തിനെതിരെ പ്രതിജ്ഞ എടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.